ചെന്നൈ: ഐപിഎൽ റൺവേട്ടക്കാരിൽ എതിരാളികൾ എല്ലാതെ റോയൽ ചലഞ്ചേഴ്‌സ് ബംഗളൂരു താരം വിരാട് കോലി. പ്ലേ ഓഫിൽ പുറത്തായ ആർസിബിക്ക് വേണ്ടി 15 മത്സരങ്ങളിൽ 741 റൺസാണ് താരം നേടിയത്. 61.75 ശരാശരിയിലും 154.70 സ്‌ട്രൈക്ക് റേറ്റിലുമാണ് കോലിയുടെ നേട്ടം.ഇത് രണ്ടാം തവണയാണ് കോലി ഓറഞ്ച് ക്യാപ് സ്വന്തമാക്കുന്നത്. അതേസമയം രാജസ്ഥാൻ റോയൽസ് ക്യാപ്റ്റൻ സഞ്ജു സാംസൺ അഞ്ചാം സ്ഥാനത്താണ്.

അവസാന മത്സരങ്ങളിൽ നിറം മങ്ങിയ സഞ്ജു 15 മത്സരങ്ങളിൽ 531 റൺസാണ് അടിച്ചെടുത്തുത്. 48.27 ശരാശരിയിലും 153.47 സ്‌ട്രൈക്ക് റേറ്റിലുമാണ് മലയാളി താരത്തിന്റെ നേട്ടം. ചെന്നൈ സൂപ്പർ കിങ്‌സ് ക്യാപ്റ്റൻ റുതുരാജ് ഗെയ്കവാദ് (583) രണ്ടാം സ്ഥാനത്ത് നിൽക്കുന്നു. 14 മത്സങ്ങളിൽ 583 റൺസാണ് താരം നേടിയത്. രാജസ്ഥാൻ റോയൽസിന്റെ റിയാൻ പരാഗ് (573) മൂന്നാമത്. സൺറൈസേഴ്സ് ഹൈദരാബാദിന് വേണ്ടി 15 മത്സരങ്ങളിൽ 567 റൺസ് നേടിയ ട്രാവിസ് ഹെഡാണ് നാലാം സ്ഥാനത്ത്.

ഗുജറാത്ത് ടൈറ്റൻസിന്റെ സായ് സുദർശൻ (527), ലഖ്‌നൗ സൂപ്പർ ജയന്റ്‌സിന്റെ കെ എൽ രാഹുൽ (520), നിക്കോളാസ് പുരാൻ (527) എന്നിവർ ആറ് മുതൽ എട്ട് വരെയുള്ള സ്ഥാനങ്ങളിൽ. കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് ഓപ്പണർ സുനിൽ നരെയ്ൻ (488) ഒമ്പതാം സ്ഥാനത്താണ്. ഹൈദരാബാദ് ഓപ്പണർ അഭിഷേക് ശർമ (484) പത്താം സ്ഥാനത്തും സീസൺ അവസാനിപ്പിച്ചു.

അതേസമയം, പർപ്പിൾ ക്യാപ് പഞ്ചാബ് കിങ്‌സിന്റെ ഹർഷൽ പട്ടേൽ സ്വന്തമാക്കി. 24 വിക്കറ്റുമായിട്ടാണ് താരം ഒന്നാമതെത്തിയത്. കൊൽക്കത്ത നൈറ്റ് റൈഡേഴ്സിന്റെ സ്പിന്നർ വരുൺ ചക്രവർത്തി (21) രണ്ടാം സ്ഥാനത്തായി. ജസ്പ്രിത് ബുമ്ര (20), 19 വിക്കറ്റുകൾ വീതം വീഴ്‌ത്തിയ ആന്ദ്രേ റസ്സൽ, ഹർഷിത് റാണ, ടി നടരാജൻ, അർഷ്ദീപ് സിങ്, ആവേശ് ഖാൻ എന്നിവരാണ് തുടർന്നുള്ള സ്ഥാനങ്ങളിൽ.