മുംബൈ: ഐപിഎല്ലിൽ ഇന്നലെ മലയാളിയായ സഞ്ജു സാംസന്റെ ദിനമായിരുന്നെങ്കിൽ ഇന്ന് മറ്റൊര മലയാളിയും തിളങ്ങി. ഐപിഎല്ലിൽ മുംബൈ ഇന്ത്യൻസിനു വേണ്ടിയുള്ള കന്നി മൽസരത്തിൽ തന്നെ ഇടിവെട്ട് ഇന്നിങ്സുമായി വരവറിയിച്ചിരിക്കുകയാണ് മലയാളി താരം വിഷ്ണു വിനോദ്. ഗുജറാത്ത് ടൈറ്റൻസുമായുള്ള മാച്ചിൽ ബാറ്റിങിനു നറുക്കുവീണപ്പോൾ അതു നന്നായി മുതലെടുത്തിരിക്കുകയാണ് വിഷ്ണു. അഞ്ചാം നമ്പറിൽ ബാറ്റിങിനിറങ്ങിയ വിക്കറ്റ് കീപ്പർ കൂടിയായ താരം 30 റൺസെടുത്ത് പുറത്താവുകയായിരുന്നു. 20 ബോളുകൾ നേരിട്ട വിഷ്ണുവിന്റെ ഇന്നിങ്സിൽ രണ്ടു വീതം ഫോറും സിക്സറുമുൾപ്പെട്ടിരുന്നു.

ഇതോടൊപ്പം സൂര്യകുമാർ യാദവുമായി ചേർന്ന് മികച്ച കൂട്ടുകെട്ടും വിഷ്ണു പടുത്തുയർത്തി. നേരത്തെ റോയൽ ചാലഞ്ചേഴ്സ് ബാംഗ്ലൂരുമായുള്ള തൊട്ടുമുമ്പത്തെ മാച്ചിൽ ഇംപാക്ട് പ്ലെയറായി വിഷ്ണു ഇറങ്ങുകയും ഒരു കിടിലൻ ക്യാച്ചെടുക്കുകയും ചെയ്തിരുന്നു. പക്ഷെ ബാറ്റ് ചെയ്യാൻ അവസരം ലഭിച്ചില്ല. ഇക്കുറി എന്നാൽ അവസരം ലഭങിച്ചു. ഗുജറാത്തിൻെ സൂപ്പർ പേസർ മുഹമ്മദ് ഷമിക്കെതിരേയുള്ള വിഷ്ണുവിന്റെ കണ്ണഞ്ചിപ്പിക്കുന്ന സിക്സർ കമന്റേറർമാരെപ്പോലും കണ്ണുതള്ളിച്ചിരുന്നു. കവർ ഏരിയക്കു മുകളിലൂടെയായിരുന്നു താരത്തിന്റെ അവിശ്വസനീയ ഷോട്ട്. ഇതു കണ്ട കമന്റേറ്റർമാർ ആരാണ് നീയെന്നായിരുന്നു അമ്പരപ്പോടെ ചോദിച്ചത്.

കാരണം നോൺ സ്ട്രൈക്കറുടെ എൻഡിലുണ്ടായിരുന്ന 360 ബാറ്റർ സൂര്യകുമാർ യാദവിനെ അനുസ്മരിപ്പിക്കുന്ന ഷോട്ടായിരുന്നു ഇത്. ഈ സിക്സറിനു മുമ്പ് ഒരു ബൗണ്ടറി കൂടി ഷമിക്കെതിരേ വിഷ്ണു പായിച്ചിരുന്നു. മിഡ് വിക്കറ്റിനു മുകളിലൂടെയായിരുന്നു താരത്തിന്റെ തകർപ്പനൊരു പുൾ ഷോട്ട്. സോഷ്യൽ മീഡിയയിലും ആരാധകർ വിഷ്ണു വിനോദിൻെ ഇന്നിങ്സിനെ പ്രശംസിച്ചിരിക്കുകയാണ്. മലയാളി പൊളിയല്ലേ വിളികളാണ് വിഷ്ണുവിന്റെ ഇന്നിങ്‌സ് കണ്ടവർ പറയുന്നത്.

ഐപിഎല്ലിലെ ഏറ്റവും മികച്ച ഫ്രാഞ്ചൈസി തന്നെയാണ് മുംബൈ. ഐപിഎല്ലിൽ വിഷ്ണു വിനോദിനു അവസാനം അർഹിച്ച അവസരങ്ങൾ ലഭിച്ചിരിക്കുകയാണ്. വൈറ്റ് ബോൾ ക്രിക്കറ്റിൽ സഞ്ജു സാംസൺ എന്ന കേരളാ ക്യാപ്ടന്റെ തുറുപ്പു ചീട്ടായിരുന്നു വിഷ്ണു വിനോദ് എന്ന ബാറ്റ്‌സ്മാൻ. 20-20യിലും ഏകദിനത്തിലും പ്രാഥമിക റൗണ്ിന് അപ്പുറം കേരളത്തെ എത്തിച്ചതിന് പിന്നിൽ വിഷണുവിന്റെ ബാറ്റിന്റെ കരുത്തുമുണ്ട്. രഞ്ജിയിൽ കേരളത്തിന്റെ വൈസ് ക്യാപ്ടനാണ് വിഷ്ണു.

കഴിഞ്ഞ സീസണിൽ 50 ലക്ഷം രൂപ ചെലവാക്കി സൺറൈസേഴ്സ് ഹൈദരാബാദാണ് സ്വന്തമാക്കിയത്. ഇക്കുറി അടിസ്ഥാന വിലയായ 20 ലക്ഷമാണ് വിഷ്ണുവിന് മുംബൈ നിശ്ചയിച്ചത്. പരിമിത ഓവർ മത്സരങ്ങളിലേക്ക് അനുയോജ്യമാണ് വിഷ്ണുവിന്റെ വെടിക്കെട്ട് ബാറ്റിങ്. തിരുവല്ലയിൽ നിന്നാണ് വിഷ്ണു വിനോദിന്റെ വരവ്. എസ് അനീഷിനും കെജെ രാകേഷിനും ശേഷം തിരുവല്ലയിൽ കളിച്ച് കേരളാ ടീമിലെത്തിയ പ്രതിഭ. കളിക്കാൻ തുടങ്ങുന്ന സമയത്ത് വിഷ്ണുവിന് പ്രത്യേകിച്ച് കോച്ചോ ഒന്നും ഇല്ലായിരുന്നു. സ്വാഭാവിക അറ്റാക്കിംഗുമായി തിരുവല്ലയിൽ കളിച്ചു നടന്ന വിഷ്ണു അതിവേഗം കേരളാ ക്രിക്കറ്റിലെ പ്രധാനിയായി മാറുകയായിരുന്നു. സ്ഥിരമായ പ്രകടനത്തിലൂടെ പ്രതിഭ അരക്കിട്ടുറപ്പിക്കുകായണ് വിഷ്ണു.

തിരുവല്ലയ്ക്ക് അടുത്ത് മാടമുക്ക് തോപ്പിൽമലയ്ക്ക് അടുത്താണ് വിഷ്ണുവിന്റെ നാട്. അച്ഛൻ മരിച്ചു. അമ്മയുടെ തണലിലാണ് വിഷ്ണു വളർന്നത്. സഹോദരിയും ഉണ്ട്. ചെറുപ്പത്തിലേ ക്രിക്കറ്റ് കളിച്ചു തുടങ്ങിയ വിഷ്ണുവിന് ശാസ്ത്രീയമായി ആരും കുട്ടിക്കാലത്ത് ക്രിക്കറ്റ് പറഞ്ഞു കൊടുത്തിരുന്നില്ല. പത്തനംതിട്ടയിലെ സിഎൻസിസി ക്രിക്കറ്റ് ക്ലബ്ബിലാണ് പാഡ് കെട്ടി ആദ്യമായി കളിച്ച് തുടങ്ങിയത്. ഇവിടെ എല്ലാ പിന്തുണയും നൽകിയത് തോമസ് മാഷും. ക്ലബ്ബ് ക്രിക്കറ്റിലെ കുട്ടി മിടുക്കന്റെ കൂറ്റനടികൾ വിഷ്ണുവിനെ ജൂനിയർ തലത്തിലെ കേരളാ താരമാക്കി. ഝാർഖണ്ഡിനെതിരെ ജൂനിയർ ക്രിക്കറ്റിലെ സെഞ്ച്വറി നേട്ടത്തോടെ സീനിയർ ടീമിലുമെത്തി. പിന്നെ ഗോഡ് ഫാദറില്ലാത്ത വിഷ്ണു തകർപ്പൻ അടികളിലൂടെ കേരളാ ക്രിക്കറ്റിലെ മിന്നും താരമായി. ശാസ്ത്രീയമായി കളി അഭ്യസിച്ചിട്ടില്ലാത്തതു കൊണ്ട് തന്നെ മുന്നിലേക്ക് വരുന്ന പന്തുകളെ ബൗണ്ടറി കടത്തുന്നതാണ് ശീലവും വിഷ്ണുവിന്റെ ഇഷ്ടവും.