മുംബൈ: ട്വന്റി 20 ലോകകപ്പ് സെമിയിൽ ഇംഗ്ലണ്ടിനോട് പരാജയപ്പെട്ട് ടീം ഇന്ത്യ പുറത്തായതിന് പിന്നാലെ രാഹുൽ ദ്രാവിഡിന്റെ നേതൃത്വത്തിലുള്ള പരിശീലക സംഘത്തിന് വിശ്രമം അനുവദിച്ച് ബിസിസിഐ. ഇതോടെ ന്യൂസിലൻഡ് പര്യടനത്തിനുള്ള ഇന്ത്യയുടെ ആക്ടിങ് ഹെഡ് കോച്ചായി നാഷണൽ ക്രിക്കറ്റ് അക്കാദമി തലവൻ വിവി എസ് ലക്ഷ്മൺ ചുമതലയേൽക്കും.

നായകൻ രോഹിത് ശർമ, സ്റ്റാർ ബാറ്റർ വിരാട് കോഹ്ലി, ഓപ്പണർ കെഎൽ രാഹുൽ, സ്പിന്നർ രവിചന്ദ്രൻ അശ്വിൻ തുടങ്ങിയ മുതിർന്ന താരങ്ങളും ന്യൂസിലൻഡ് പര്യടനത്തിലില്ല. നവംബർ 18ന് വെല്ലിങ്ടണിൽ ആരംഭിക്കുന്ന പര്യടനത്തിൽ മൂന്ന് വീതം ട്വന്റി 20 ഏകദിന മത്സരങ്ങളാണ് ഇൾപ്പെടുത്തിയിട്ടുള്ളത്.

സ്ഥിരം പരിശീലക സംഘത്തിന് വിശ്രമം അനുവദിച്ചതോടെ വിവി എസ് ലക്ഷ്മണിനൊപ്പം ഹൃഷികേശ് കനിത്കർ (ബാറ്റിങ്), സായിരാജ് ബഹുതുലെ (ബൗളിങ്) എന്നീ എൻസിഎ സംഘവും ന്യൂസിലൻഡിലേക്കുള്ള ടീമിൽ ചേരുമെന്ന് ബിസിസിഐ വൃത്തങ്ങൾ പിടിഐയോട് പറഞ്ഞു.

ഇത് ആദ്യമായല്ല ലക്ഷ്മൺ ഇന്ത്യൻ ടീമിന്റെ ചുമതല വഹിക്കുന്നത്. മുൻ ക്രിക്കറ്റ് താരം മുമ്പ് സിംബാബ്വെ, അയർലൻഡ് പര്യടനങ്ങളിലും അടുത്തിടെ ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ഏകദിന ഹോം പരമ്പരയിലും ഇന്ത്യയെ പരിശീലിപ്പിച്ചിരുന്നു. ദ്രാവിഡിനൊപ്പം സീനിയർ ടീം ഇംഗ്ലണ്ടിൽ കളിക്കുന്നതിനാലാണ് നേരത്തെ ലക്ഷ്മണിന് ചുമതല നൽകിയത്. ഇത്തവണ ലോകകപ്പിന് പിന്നാലെ നടക്കുന്ന പരമ്പരയായതിനാൽ ദ്രാവിഡിനും സഹ പരിശീലകർക്കും വിശ്രമം അനുവദിക്കുകയായിരുന്നു.

ഓൾറൗണ്ടർ ഹാർദിക് പാണ്ഡ്യ ടി20 പരമ്പരയിൽ ടീമിനെ നയിക്കുമ്പോൾ വെറ്ററൻ ഓപ്പണർ ശിഖർ ധവാൻ ഏകദിന ടീമിനെ നയിക്കും. അതേസമയം, ബംഗ്ലാദേശിനെതിരായ പരമ്പര നടക്കുമ്പോഴേക്കും ഏവരും തിരിച്ചെത്തും. ഡിസംബർ 4 മുതൽ ഇന്ത്യ മൂന്ന് ഏകദിനങ്ങളും രണ്ട് ടെസ്റ്റുകളും ബംഗ്ലാദേശിനെതിരെ കളിക്കും. രോഹിത് ശർമയും കോഹ്ലിയും അശ്വിനും തിരിച്ചെത്തും.

വ്യാഴാഴ്ച അഡ്‌ലെയ്ഡിൽ നടന്ന സെമിഫൈനലിൽ ഇംഗ്ലണ്ടിനോട് 10 വിക്കറ്റിന് തോൽവി ഏറ്റുവാങ്ങിയതോടെയാണ് ഇന്ത്യ ടി20 ലോകകപ്പിൽ നിന്ന് പുറത്തായത്. ന്യൂസിലൻഡിനെതിരായ പരമ്പരയിൽ ഉൾപ്പെട്ട കളിക്കാർ ഓസ്ട്രേലിയിയൽ നിന്നും നേരിട്ട് യാത്ര തിരിക്കും. മറ്റു കളിക്കാർ ഇന്ത്യയിൽ നിന്നും ന്യൂസിലൻഡിലേക്ക് പോകും. ലോകകപ്പിലെ പുറത്താകലിൽ രാഹുൽ ദ്രാവിഡിനെതിരെ വലിയ വിമർശനം ഉയർന്നിരുന്നു. ലക്ഷ്മണിന്റെ നേതൃത്വത്തിൽ യുവ സംഘം കളിയുടെ ശൈലിയിൽ മാറ്റമുണ്ടാക്കുമെന്നാണ് പ്രതീക്ഷ.