- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സ്റ്റേഡിയത്തിൽ അനിഷ്ട സംഭവങ്ങളുണ്ടാകും! സമൂഹ മാധ്യമത്തിലൂടെ ഭീഷണി സന്ദേശം; ഇന്ത്യ-ന്യൂസിലാൻഡ് സെമി ഫൈനൽ വേദിയായ വാംഖഡെയിൽ സുരക്ഷ ശക്തമാക്കി
മുംബൈ: ലോകകപ്പിൽ ആതിഥേയരായ ഇന്ത്യയും ശക്തരായ ന്യൂസിലാൻഡും തമ്മിലുള്ള സെമിഫൈനൽ പോരാട്ടത്തിന് വേദിയാകുന്ന മുംബൈ വാംഖഡെ സ്റ്റേഡിയത്തിൽ സുരക്ഷ ശക്തമാക്കി. സ്റ്റേഡിയത്തിൽ അനിഷ്ട സംഭവം ഉണ്ടാകുമെന്ന് സമൂഹ മാധ്യമമായ എക്‌സിലൂടെ അജ്ഞാതൻ ഭീഷണിപ്പെടുത്തിയതോടെയാണ് സുരക്ഷയുടെ കാര്യത്തിൽ കൂടുതൽ കരുതലെടുക്കാൻ മുംബൈ പൊലീസ് തീരുമാനിച്ചത്.
മുംബൈ പൊലീസിനെ ടാഗ് ചെയ്താണ് അജ്ഞാതൻ ഭീഷണി സന്ദേശം പോസ്റ്റ് ചെയ്തത്. തോക്കുകൾ, ഗ്രനേഡുകൾ, വെടിയുണ്ടകൾ എന്നിവയുടെ ചിത്രമടക്കമായിരുന്നു പോസ്റ്റ്. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സൂക്ഷ്മമായ സുരക്ഷ പരിശോധനക്ക് ശേഷമാകും കാണികളെ സ്റ്റേഡിയത്തിൽ പ്രവേശിപ്പിക്കുക.
കളിച്ച ഒമ്പത് മത്സരങ്ങളിലും ജയിച്ച ആത്മവിശ്വാസത്തിലാണ് ഇന്ത്യ സെമി പോരാട്ടത്തിനിറങ്ങുന്നത്. ആസ്‌ട്രേലിയ, അഫ്ഗാനിസ്താൻ, പാക്കിസ്ഥാൻ, ബംഗ്ലാദേശ്, ന്യൂസിലൻഡ്, ഇംഗ്ലണ്ട്, ശ്രീലങ്ക, ദക്ഷിണാഫ്രിക്ക, നെതർലൻഡ്‌സ് എന്നിവർ ഇന്ത്യയോട് തോൽവി ഏറ്റുവാങ്ങി. ആധികാരികമായിരുന്നു എല്ലാ ജയങ്ങളും.
ആദ്യം ബാറ്റ് ചെയ്ത നാലിൽ മൂന്നിലും 300 റൺസിനപ്പുറം സ്‌കോർ ചെയ്തു ടീം ഇന്ത്യ. രണ്ടു തവണ 350 കടന്നതിൽ ഒന്ന് 410ലെത്തി. ഇംഗ്ലണ്ടിനെതിരെ 229ൽ അവസാനിപ്പിച്ചത് മാത്രമാണ് അപവാദം. രണ്ടാമത് ബാറ്റ് ചെയ്ത അഞ്ചു തവണയും വിയർക്കാതെ ചേസ് ചെയ്തു. ന്യൂസിലൻഡിനെതിരെ നേടിയ നാലു വിക്കറ്റ് ജയമാണ് കൂട്ടത്തിലെ ചെറിയ പ്രകടനം. ഒരു കളിയിൽ പോലും ഇന്ത്യ ഓൾ ഔട്ടായില്ല.
അഞ്ചു മത്സരങ്ങളിൽ ഇന്ത്യ രണ്ടാമതാണ് ബാറ്റ് ചെയ്തത്. 300ന് അരികിൽ പോലും എത്താൻ ആദ്യം ബാറ്റിങ്ങിനിറങ്ങിയവർക്കായില്ല. ന്യൂസിലൻഡിന്റെ ടോട്ടലായ 273 ആണ് ഒന്നാം സ്ഥാനത്ത്. ഇന്ത്യക്കെതിരെ ചേസ് ചെയ്ത ശ്രീലങ്കയെ 55ഉം ദക്ഷിണാഫ്രിക്കയെ 83ഉം ഇംഗ്ലണ്ടിനെ 129ഉം റൺസിൽ എറിഞ്ഞിട്ടു. ആകെ ആറ് ടീമുകളെ ഓൾ ഔട്ടാക്കി.
അതേസമയം, ഒമ്പത് മത്സരങ്ങളിൽ അഞ്ച് ജയത്തോടെ 10 പോയന്റുമായി നാലാം സ്ഥാനക്കാരായാണ് ന്യൂസിലാൻഡിന്റെ സെമി പ്രവേശനം. 2019ൽ ഇംഗ്ലണ്ട് വേദിയായ ലോകകപ്പിൽ സെമിയിൽ ഇന്ത്യയെ തോൽപിച്ചാണ് ന്യൂസിലൻഡ് ഫൈനലിലെത്തിയത്. ഈ തോൽവിയുടെ കണക്കുചോദിക്കാനുള്ള അവസരം കൂടിയാണ് മുംബൈയിലെ സെമി പോരാട്ടം. ബുധനാഴ്ച ഉച്ചക്ക് രണ്ടിനാണ് മത്സരം.