ടാസ്മാനിയ: ഐ.സി.സി. ട്വന്റി 20 ലോകകപ്പ് പ്രാഥമിക ഗ്രൂപ്പ് ഘട്ട മത്സരത്തിൽ സിംബാബ്വെയെ കീഴടക്കി സൂപ്പർ 12 സാധ്യത നിലനിർത്തി വെസ്റ്റ് ഇൻഡീസ്. രണ്ട് തവണ ട്വന്റി 20 കിരീടം നേടിയ വിൻഡീസ് ഗ്രൂപ്പ് ബിയിൽ സിംബാബ്വെയെ 31 റൺസിനാണ് കീഴടക്കിയത്. വെസ്റ്റ് ഇൻഡീസ് ഉയർത്തിയ 154 റൺസ് വിജയലക്ഷ്യം പിന്തുടർന്ന സിംബാബ്വെ 18.2 ഓവറിൽ 122 റൺസിന് എല്ലാവരും പുറത്തായി. ജയത്തോടെ വെസ്റ്റ് ഇൻഡീസ് സൂപ്പർ 12 പ്രതീക്ഷ കാത്തു. അടുത്ത മത്സരത്തിൽ വിജയിച്ചാൽ വിൻഡീസിന് സൂപ്പർ 12-ൽ പ്രവേശിക്കാം. അടുത്ത മത്സരത്തിൽ അയർലൻഡാണ് വിൻഡീസിന്റെ എതിരാളി.

ആദ്യം ബാറ്റുചെയ്ത വിൻഡീസ് ഏഴുവിക്കറ്റ് നഷ്ടത്തിൽ 153 റൺസെടുത്തു. ടോസ് നേടി ബാറ്റിങ് ആരംഭിച്ച വിൻഡീസിനായി ഓപ്പണർ ജോൺസൺ ചാൾസും വൈസ് ക്യാപ്റ്റൻ റോവ്മാൻ പവലും മികച്ച പ്രകടനം പുറത്തെടുത്തു. ജോൺസൺ 36 പന്തുകളിൽ നിന്ന് 45 റൺസെടുത്ത് ടീമിന് മികച്ച തുടക്കമേകിയപ്പോൾ അവസാന ഓവറുകളിൽ അടിച്ചുതകർത്ത പവൽ 21 പന്തുകളിൽ നിന്ന് 28 റൺസ് നേടി. 23 റൺസെടുത്ത അകിയൽ ഹൊസെയ്നും മികച്ച പ്രകടനം പുറത്തെടുത്തു. സിംബാബ്വെയ്ക്ക് വേണ്ടി ഓൾറൗണ്ടർ സിക്കന്ദർ റാസ നാലോവറിൽ 19 റൺസ് മാത്രം വഴങ്ങി മൂന്ന് വിക്കറ്റെടുത്തു. ബ്ലെസ്സിങ് മുസാറാബനി രണ്ട് വിക്കറ്റ് വീഴ്‌ത്തി.

വിൻഡീസ് ഉയർത്തിയ ഭേദപ്പെട്ട വിജയലക്ഷ്യത്തിലേക്ക് ബാറ്റുവീശിയ സിംബാബ്വെക്ക് ഭേദപ്പെട്ട തുടക്കത്തിനുശേഷമാണ് അടിതെറ്റിയത്. ഓപ്പണിങ് വിക്കറ്റിൽ വെസ്ലി മദെവെരെയും(27), ക്യാപ്റ്റൻ റെഗിസ് ചകാബ്വയും(13) 29 റൺസടിച്ചു. എന്നാൽ വെസ്ലിയെ ജേസൺ ഹോൾഡറും ചകാബ്വയെ അൽസാരി ജോസഫും പുറത്താക്കിയതോടെ സിംബാബ്വെയുടെ നടുവൊടിഞ്ഞു. ടോണി മുന്യോംഗ(2), സീൻ വില്യംസ്(1), സിക്കന്ദർ റാസ(14), മിൾട്ടൺ ഷുംബ(2) എന്നിവർ പൊരുതാതെ മടങ്ങിയപ്പോൾ 79-6ലേക്ക് സിംബാബ്വെ തകർന്നടിഞ്ഞു.

വാലറ്റത്ത് ലൂക്ക് ജോങ്വെയും(22 പന്തിൽ 29) റിയാൻ ബേളും(17) നടത്തിയ പോരാട്ടം സിംബാബ്വെക്ക് പ്രതീക്ഷ നൽകിയെങ്കിലും ബേളിനെ ഹോൾഡറും ജോങ്വെയെ അൽസാരി ജോസഫും മടക്കിയതോടെ സിംബാബ്വെയുടെ പതനം പൂർണമായി. വിൻഡീസിനുവേണ്ടി അൽസാരി ജോസഫ് നാലോവറിൽ 16 റൺസിന് നാലും ജേസൺ ഹോൾഡൽ 3.2 ഓവറിൽ 12 റൺസിന് മൂന്നും വിക്കറ്റെടുത്തു. തോറ്റെങ്കിലും സിംബാബ്വെയുടെ സൂപ്പർ 12 പ്രതീക്ഷകൾ അവസാനിച്ചിട്ടില്ല. സ്‌കോട്ലൻഡിനെതിരായ അടുത്ത മത്സരത്തിൽ വിജയിച്ചാൽ സിംബാബ്വെയ്ക്ക് സൂപ്പർ 12-ൽ ഇടം നേടാം.