- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'ആത്മഹത്യയെ കുറിച്ച് ചിന്തിച്ച് ഷമി 19ാം നിലയിലെ ബാല്‍ക്കണിയില്‍ നില്‍ക്കുകയായിരുന്നു'; ഇന്ത്യന്‍ ക്രിക്കറ്ററുടെ വിഷമകാലത്തെ കുറിച്ച് സുഹൃത്ത്
മുംബൈ: ഇന്ത്യ കണ്ട മികച്ച പേസ് ബൗളര്‍മാരില്‍ ഒരാളാണ് മുഹമ്മദ് ഷമി. ഇന്ത്യയെ ഒറ്റയ്ക്ക് കളി വിജയിപ്പിച്ച ചരിത്രമുള്ള പേസര്‍. ജീവിതത്തില്‍ നിരവധി സംഘര്‍ഷങ്ങളെ അതിജീവിച്ചു കൊണ്ടാണ് അദ്ദേഹം ഇന്ത്യയുടെ മുന്‍നിര പേസറായത്. ഇന്ത്യയില്‍ നടന്ന ഏകദിന ലോകകപ്പില്‍ ടീമിനെ ഫൈനലില്‍ എത്തിച്ചതില്‍ നിര്‍ണായക റോള്‍ അദ്ദേഹത്തിന് ഉണ്ടായിരുന്നു. എന്നാല്‍, ടീമിന് വേണ്ടി മികച്ച പ്രകടനം പങ്കുവെച്ചിട്ടും പലപ്പോഴും അധിക്ഷേപങ്ങളും അദ്ദേഹം കേള്‍ക്കേണ്ടി വന്നു. വിരാട് കോലിയെ പോലുള്ളവരാണ് അദ്ദേഹത്തിന് അന്ന് ആശ്വാസമായി നിലകൊണ്ടത്.
ഏകദിനത്തില്‍ ഇന്ത്യക്കായി ഏറ്റവും വേഗത്തില്‍ 100 വിക്കറ്റ് തികച്ച ഷമി കഴിഞ്ഞ താരം കൂടിയാണ്. മൂന്ന് ഏകദിന ലോകകപ്പിലും ഇന്ത്യക്കായി ഏറ്റവും കൂടുതല്‍ വിക്കറ്റ് നേടിയ താരം കൂടിയായിരുന്നു. എന്നാല്‍, ഒരു ഘട്ടത്തില്‍ കരിയറിലും ജീവിതത്തിലും ഏറ്റവും വലിയ തിരിച്ചടികളും ആരോപണങ്ങളും നേരിടേണ്ടിയും വന്നു. നിരന്തര പരിക്കുകള്‍ക്ക് പുറമെ ഭാര്യയായിരുന്ന ഹസിന് ജഹാന്റെ ഗാര്‍ഹിക പീഡന പരാതിയും ഒത്തുകളി ആരോപണവും ഉള്‍പ്പെടെ നിരവധി പ്രതിസന്ധികളെയാണ് താരത്തിന് അഭിമുഖീകരിക്കേണ്ടിവന്നത്.
ഒരുഘട്ടത്തില്‍ ആത്മഹത്യയെ കുറിച്ച് ചിന്തിച്ചിരുന്നെന്ന് താരം നേരത്തെ വെളിപ്പെടുത്തിയിരുന്നു. എന്നാല്‍, ഷമി ആ സമയത്ത് എത്രത്തോളം മാനസിക സംഘര്‍ഷം അനുഭവിച്ചിരുന്നെന്ന് വെളിപ്പെടുത്തുകയാണ് അടുത്ത സുഹൃത്തായ ഉമേഷ് കുമാര്‍. ഷമിയെ ഏറ്റവും കൂടുതല്‍ തളര്‍ത്തിയത് ഒത്തുകളി ആരോപണമായിരുന്നെന്ന് സുഹൃത്ത് പറയുന്നു. 'ആ ഘട്ടത്തില്‍ ഷമി എല്ലാത്തിനോടും പോരാടുകയായിരുന്നു. അവന് എന്നോടൊപ്പം എന്റെ വീട്ടിലായിരുന്നു താമസിച്ചിരുന്നത്.
എന്നാല്‍, പാകിസ്താനുമായുള്ള ഒത്തുകളി ആരോപണങ്ങള്‍ ഉയരുകയും അന്വേഷണത്തിലേക്ക് നയിക്കുകയും ചെയ്തപ്പോള്‍ അവന് തകര്‍ന്നു. എനിക്ക് എല്ലാം സഹിക്കാമെന്നും എന്നാല്‍ എന്റെ രാജ്യത്തെ ഒറ്റിക്കൊടുത്തുവെന്ന ആരോപണങ്ങള്‍ സഹിക്കാവുന്നതിലുമപ്പുറമാണെന്നും അവന് പറഞ്ഞു' -ഉമേഷ് വെളിപ്പെടുത്തി.
'ആ ദിവസം പുലര്‍ച്ചെ നാല് മണിയോടടുത്താണ് ഞാന്‍ വെള്ളം കുടിക്കാന്‍ എഴുന്നേറ്റത്. ഞാന്‍ അടുക്കളയിലേക്ക് പോകുമ്പോള്‍ അവന് ബാല്‍ക്കണിയില്‍ നില്‍ക്കുന്നതാണ് കണ്ടത്. ഞങ്ങള്‍ 19ാം നിലയിലായിരുന്നു താമസിച്ചിരുന്നത്. എന്താണ് സംഭവിച്ചതെന്ന് എനിക്ക് മനസ്സിലായി. ഷമിയുടെ കരിയറിലെ ഏറ്റവും ദൈര്‍ഘ്യമേറിയ രാത്രിയായിരുന്നു അതെന്നാണ് എനിക്ക് തോന്നുന്നത്. പിന്നീട് ഒരു ദിവസം ഞങ്ങള്‍ സംസാരിച്ചിരിക്കുമ്പോള്‍, ഒത്തുകളി അന്വേഷിക്കുന്ന കമ്മിറ്റിയില്‍നിന്ന് ക്ലീന്‍ ചിറ്റ് ലഭിച്ചുവെന്ന് അവന്റെ ഫോണില്‍ സന്ദേശം ലഭിച്ചു. ഒരു ലോകകപ്പ് നേടിയാല്‍ ഉണ്ടാകുമായിരുന്നതിനേക്കാള്‍ സന്തോഷമായിരുന്നു അന്നവന്' -ഉമേഷ് കൂട്ടിച്ചേര്‍ത്തു.
കഴിഞ്ഞ ഏകദിന ലോകകപ്പിനിടെ കണങ്കാലിനേറ്റ പരിക്ക് കാരണം വിശ്രമത്തിലാണ് മുഹമ്മദ് ഷമി. ബംഗ്ലാദേശിനോ ന്യൂസിലാന്‍ഡിനോ എതിരായ ടെസ്റ്റ് പരമ്പരയില്‍ താരം തിരിച്ചെത്തിയേക്കും. നെറ്റ്സില്‍ പരിശീലനം തുടങ്ങിയിട്ടുണ്ട് താരം. പരിക്കിനെ തുടര്‍ന്ന് താരത്തിന് ഐ.പി.എല്ലും ട്വന്റി20 ലോകകപ്പും ഉള്‍പ്പെടെ നിരവധി മത്സരങ്ങള്‍ നഷ്ടമായി. പൂര്‍വാധികം ശക്തിയോടെ തന്നെ ക്രിക്കറ്റ് മൈതാനത്ത് മടങ്ങിയെത്താനുള്ള ശ്രമത്തിലാണ് ഷമി. ക
ഇന്ത്യന്‍ ടീമിലെ തന്റെ ഏറ്റവും അടുത്ത രണ്ടു സുഹൃത്തുക്കള്‍ വിരാട് കോലിയും മുന്‍ പേസര്‍ ഇഷാന്ത് ശര്‍മയുമാണെന്ന് ഷമി അടുത്തിടെ വെളിപ്പെടുത്തിയിരുന്നു. 'കോഹ്ലിയും ഇഷാന്തും തന്റെ അടുത്ത സുഹൃത്തുക്കളാണ്. പരിക്കേറ്റ് കിടക്കുമ്പോള്‍ ഇരുവരും നിരന്തരം എന്നെ വിളിച്ചിരുന്നു' -ശുഭാന്‍കര്‍ മിശ്രയുടെ പോഡ്കാസ്റ്റ് ചാനലില്‍ ഷമി തുറന്നുപറഞ്ഞു. ട്വന്റി20 ലോകകപ്പില്‍ പേസര്‍ അര്‍ഷ്ദീപ് സിങ് പന്തില്‍ കൃത്രിമം നടത്തിയെന്ന മുന്‍ പാകിസ്താന് നായകന് ഇന്‍സമാമുല്‍ ഹഖിന്റെ ആരോപണങ്ങളോട് രൂക്ഷമായാണ് ഷമി പ്രതികരിച്ചത്. ഏകദിന ലോകകപ്പിലെ ഗംഭീര ബൗളിങ്ങിനു പിന്നാലെ ഷമിക്കെതിരെയും മുന്‍ പാകിസ്താന് താരമായ ഹസന് റാസ സമാന ആരോപണം ഉന്നയിച്ചിരുന്നു.