ഡാലസ്: ഐസിസി ചാമ്പ്യൻഷിപ്പുകളിൽ ഇന്ത്യക്കാരെ അത്രപെട്ടെന്ന് കീഴടക്കിയ ചരിത്രം പാക്കിസ്ഥാനില്ല.അ പതിവ് സൗരഭ് നേത്രവാൽക്കറും തെറ്റിച്ചില്ല.പക്ഷെ ചെറിയ ഒരു വ്യത്യാസം മാത്രം സൗരഭ് കളിക്കാനിറങ്ങിയത് അമേരിക്കൻ ജഴ്സിയിലാണെന്ന് മാത്രം.ക്രിക്കറ്റിനെ ആവോളം സ്നേഹിച്ച് കിട്ടിയ അവസരങ്ങളിൽ ഒക്കെ തന്നെയും തന്റെ പ്രതിഭ തെളിയിച്ചിട്ടും ഇന്ത്യൻ ക്രിക്കറ്റിൽ ഒന്നുമാവാൻ കഴിയാതെ അമേരിക്കയിലേക്ക് കൂടിയേറി ഒടുവിൽ ലോകകപ്പ് മത്സരത്തിൽ അവരുടെ സൂപ്പർ ഓവർ ഹീറോയായി മാറിയ സൗരഭ് നേത്രവാൽക്കറുടെ ജീവിതവും ഒരു ത്രില്ലിങ്ങ് മാച്ചിനെ അനുസ്മരിപ്പിക്കുന്നതാണ്.

മുംബൈയിൽ ക്രിക്കറ്റ് കളിച്ചു വളർന്ന സൗരഭ് നേത്രവാൽക്കറിന് ലഭിച്ച അവസരങ്ങളിലൊക്കെയും പ്രതിഭ തെളിയിച്ചിട്ടും ഇന്ത്യൻ ക്രിക്കറ്റിൽ ഒന്നുമാകാൻ സാധിച്ചില്ല.2010ൽ ന്യൂസീലൻഡിൽ നടന്ന അണ്ടർ 19 ലോക കപ്പ് ക്രിക്കറ്റ് ടൂർണമെന്റ് ക്വാർട്ടർ ഫൈനലിൽ പാക്കിസ്ഥാനോട് പരാജയപ്പെട്ട് മടങ്ങിയ മടങ്ങിയ ഇന്ത്യൻ ടീമിൽ അംഗമായിരുന്ന സൗരഭ്. എങ്കിലും 9 വിക്കറ്റുമായി ഇന്ത്യക്ക് വേണ്ടി ഏറ്റവും കൂടുതൽ വിക്കറ്റ് വീഴ്‌ത്തിയത് സൗരഭ് ആയിരുന്നു.

അന്ന് സൗരഭിന്റെ ഇരകൾ പിന്നീട് അന്താരാഷ്ട്ര ക്രിക്കറ്റിൽ തന്നെ നേട്ടങ്ങൾ കൊയ്ത ഇംഗ്ലണ്ടിന്റെ ജോ റൂട്ട്, പാക്കിസ്ഥാന്റെ ബാബർ അസം, അഹ്മദ് ഷെഹ്‌സാദ് എന്നിവർ ഒക്കെയായിരുന്നു.അക്കാലത്ത് സൗരഭിന്റെ സഹതാരങ്ങളായിരുന്ന കെ.എൽ രാഹുലും മായങ്ക് യാദവും ജയദേവ് ഉനദ്കട്ടും ഇന്ത്യൻ സീനിയർ ടീമിലെ അംഗങ്ങളായി. പക്ഷേ സൗരഭിന് ഇന്ത്യൻ ടീമിൽ എവിടേയും എത്താൻ കഴിഞ്ഞില്ല. പിന്നീട് ദേശീയ ക്രിക്കറ്റ് ലീഗായ രജ്ഞി ട്രോഫിയിൽ കളിക്കാൻ മൂന്ന് വർഷമാണ് സൗരഭിന് കാത്തിരക്കേണ്ടി വന്നത്. കർണാടകയ്‌ക്കെതിരെ മുംബൈ ടീമിനു വേണ്ടി കളിച്ച തന്റെ കരിയറിലെ ഒരേ ഒരു രജ്ഞി മത്സരത്തിൽ മീഡിയം പേസറായ സൗരഭ് മൂന്ന് വിക്കറ്റും നേടി.

രണ്ടു വർഷം ക്രിക്കറ്റിനായി വിയർപ്പൊഴുക്കി പണിയെടുത്തെങ്കിലും ദേശീയ ക്രിക്കറ്റിൽ കൂടുതൽ പടവുകൾ കയറാനാകാതെ വന്നതോടെയാണ് തുടർ പഠനത്തിന് അമേരിക്കയിലേക്ക് തിരിച്ചത്.മുംബൈയിൽ സർദാർ പട്ടേൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയിൽ നിന്ന് എഞ്ചിനീയറിങ് ബിരുദം നേടിയ സൗരഭ് കമ്പ്യൂട്ടർ സയൻസിൽ മാസ്റ്റർ ബിരുദം നേടുന്നതിന് വേണ്ടിയിട്ടാണ് യുണൈറ്റഡ് സ്റ്റേറ്റ്‌സിലേയ്ക്ക് വിമാനം കയറിയത്. സ്വന്തം ക്രിക്കറ്റ് കിറ്റ് ഇന്ത്യയിൽ ഉപേക്ഷിച്ചിട്ടാണ് സൗരഭ് പോയത്.പക്ഷെ ഈ യാത്ര സൗരഭിന്റെ കളി ജീവിതത്തിൽ വഴിത്തിരിവാവുകയായിരുന്നു.ക്രിക്കറ്റ് സൗരഭിന്റെ രക്തത്തിൽ അലിഞ്ഞുചേർന്നതായിരുന്നു.അതിനാൽ ഒരു അവസരം വന്നപ്പോൾ അമേരിക്കയിലെ പഠനകാലത്ത് അയാൾ വീണ്ടും പന്ത് കൈയിലെടുത്തു.

യുഎസിലെ കേണൽ യുണിവേഴ്‌സിറ്റിയിൽ നിന്ന് കമ്പ്യൂട്ടർ സയൻസിൽ ഉപരിപഠനം പൂർത്തിയാക്കി ഒറക്ക്ൾ എന്ന വൻകിട സോഫ്‌റ്റ്‌വെവയർ കമ്പനിയിൽ എൻജിനീയറായി ജോലി ചെയ്യുന്ന ഘട്ടത്തിൽ 2018 കാലഘട്ടിൽ സൗരഭ് സ്വപ്രയത്‌നത്താലെ യു.എസ് ദേശീയ ടീമിൽ ഇടം നേടി.പിന്നാലെ കാത്തിരുന്നത് വൻ അവസരവും. സൗരഭിന്റെ കരിയറും മികവും കണ്ട മാനേജ്മെന്റ് ആദ്യഘട്ടത്തിൽ തന്നെ യു.എസ് ദേശീയ ക്രിക്കറ്റ് ടീമിന്റെ ക്യാപ്റ്റൻ പദവിയും അദ്ദേഹത്തിന് നൽകി.ഇന്ത്യൻ മണ്ണിൽ അധ്വാനിച്ചതിന് യുഎസ് മണ്ണിൽ ഒടുവിൽ സൗരഭിന് നേട്ടങ്ങളായി മാറുകയായിരുന്നു.വരാന്ത്യങ്ങളിൽ ക്രിക്കറ്റ് കളിക്കാൻ മാത്രമായി സാൻഫ്രാൻസിസ്‌കോയിൽ നിന്നും ആറു മണിക്കൂർ ലോസ് ആഞ്ചലസിലേക്ക് സ്ഥിരം യാത്ര ചെയ്തു.

ശനിയാഴ്ച ലോസ് ആഞ്ചലസിലെ കളി കഴിഞ്ഞ് സാൻഫ്രാൻസിസ്‌കോയിൽ തിരിച്ചെത്തി ഞായറാഴ്ച വീണ്ടും കളി.ഇങ്ങനെ ജോലിയും കളിയും ഒരുമിച്ച് കൊണ്ടു നടക്കുന്നതിനിടെയാണ് യു.എസ് സെലക്ടർമാരുടെ കണ്ണിൽ സൗരഭ് പെടുന്നത്.അത് പിന്നീട് ക്യാപ്റ്റൻ പദവി വരെ എത്തിച്ചു.ഐ.സി.സി മുന്നാം ഡിവിഷൻ ലോക ക്രിക്കറ്റ് ലീഗിൽ യു.എസ് ടീമിനെ നയിച്ചത് സൗരഭ് ആയിരുന്നു.പിന്നീട് ടീം സെറ്റായി വന്നപ്പോഴേക്കും പദവിയിൽ നിന്നും മാറുകയായിരുന്നു.

്2010 ലേതിന്റെ പോലെ ഒരു ആവർത്തനമായിരുന്നു ഇന്നലെ സൗരഭിന്.അന്ന് ഇന്ത്യൻ ജേഴ്സിയിൽ ഉണ്ടായിരുന്നപ്പോൾ തനിക്ക് എതിരാളിയായിരുന്ന അതേ ബാബർ ആണ് ഇപ്പോൾ പാക്കിസ്ഥാന്റെ ക്യാപ്റ്റൻ.മധുര പ്രതികാരത്തിനുള്ള അവസരം.സൂപ്പർ ഓവറിൽ 19 റണ്ണുകളാണ് സൗരഭിന് പ്രതിരോധിക്കാനുണ്ടായിരുന്നത്.അത് അയാൾ ഭംഗിയായി നിർവ്വഹിച്ചു.ആദ്യ 4 ഓവറിലും കണിശതയാർന്നതായിരുന്നു സൗരഭിന്റെ ബൗളിങ്ങ്.വെറും 18 റൺസ് മാത്രം വഴങ്ങി മുഹമ്മദ് റിസ്വാന്റെയും ഇഫ്ത്തിക്കർ അഹമ്മദിന്റെയും വിക്കറ്റുകളാണ് സൗരഭ് സ്വന്തമാക്കിയത്.സൂപ്പർ ഓവറിൽ 9 റൺസ് വഴങ്ങി ഒരു വിക്കറ്റും നേടി ടീമിന് ത്രസിപ്പിക്കുന്ന വിജയവും സമ്മാനിച്ചു.

യുഎസിലെ ദേശീയ ടീം വിവിധ രാജ്യങ്ങളിൽ നിന്നുള്ള കളിക്കാരെ കൊണ്ട് സമ്പന്നമാണ്. ക്രിക്കറ്റിൽ മുന്നിൽ നിൽക്കുന്ന ഇന്ത്യ, പാക്കിസ്ഥാൻ, വെസ്റ്റ് ഇൻഡീസ് എന്നീ രാജ്യക്കാരാണ് കൂടുതലും.മഹാരാഷട്രയിൽ നിന്നുള്ള സുശീൽ നഡ്കർണി, ഹൈദരാബാദിൽ നിന്നുള്ള ഇബ്രാഹിം ഖലീൽ എന്നീ ഇന്ത്യക്കാരും യുഎസ് ദേശീയ ടീമിനെ നയിച്ചിട്ടുണ്ട്.

സൗരഭിനെക്കുറിച്ച് സന്ദീപ് ദാസ് സമൂഹമാധ്യമത്തിൽ കുറിച്ച കുറിപ്പ് അവസാനിക്കുന്നത് ഇങ്ങനെയാണ് ..പണ്ട് ബംഗ്ലാദേശ് എന്ന രാജ്യം ഫുട്‌ബോൾ സ്‌നേഹികളുടെ പ്രദേശമായിരുന്നു. 1999-ലെ ലോകകപ്പിൽ അവർ പാക്കിസ്ഥാനെ അട്ടിമറിച്ചു. അതോടെ ബംഗ്ലാദേശ് ക്രിക്കറ്റിനെ പ്രണയിച്ചുതുടങ്ങി. ഇന്നത്തെ ബംഗ്ലാദേശിൽ ക്രിക്കറ്റ് ഒരു മതം പോലെയാണ്!

യു.എസ്.എ ആ വഴി പിന്തുടരുമോ? അങ്ങനെ സംഭവിച്ചാൽ സൗരഭിനെ ലോകം എങ്ങനെയാണ് ഓർക്കുക? വലിയൊരു ചരിത്രത്തിന്റെ ആദ്യ അദ്ധ്യായം എഴുതിയവൻ എന്ന നിലയിൽ ആയിരിക്കില്ലേ സൗരഭ് അറിയപ്പെടുന്നത്!?

ഒരിക്കൽ തോറ്റുപോയവൻ ഇപ്രകാരം ഉദിച്ചുയരുന്നത് എത്രമേൽ സന്തോഷം തരുന്ന കാര്യമാണ്! പ്രിയപ്പെട്ട ക്രിക്കറ്റേ, ഇനിയും ഇത്തരം കഥകൾ സമ്മാനിക്കൂ...