ന്യൂഡൽഹി: ഇന്ത്യൻ ടീം ട്വന്റി20 ലോകകപ്പിനായി ഇംഗ്ലണ്ടിലേക്ക് പറക്കുക ബുമ്രയുടെ പകരക്കാരനില്ലാതെ എന്ന് റിപ്പോർട്ട്.ബുമ്രയുടെ പകരക്കാരനായി മുഹമ്മദ് ഷമി ടീമിലേക്ക് എത്തും എന്ന റിപ്പോർട്ടുകളാണ് ശക്തം. ഇന്ത്യൻ ടീം ഓസ്ട്രേലിയയിൽ എത്തിയതിന് ശേഷം മുഹമ്മദ് ഷമി ടീമിനൊപ്പം ചേരും എന്നാണ് നിലവിലെ റിപ്പോർട്ടുകൾ.

എന്നാൽ കോവിഡ് മുക്തനായതിന് ശേഷം നാഷണൽ ക്രിക്കറ്റ് അക്കാദമിയിൽ ഫിറ്റ്നസ് വീണ്ടെടുക്കുന്നതിനായുള്ള പരിശീലനത്തിലാണ് ഷമി ഇപ്പോൾ.ഒക്ടോബർ 15 ആണ് ട്വന്റി20 ലോകകപ്പ് ടീമിൽ മാറ്റം വരുത്താനുള്ള അവസാന ദിനം. ഇതിന് മുൻപ് മുഹമ്മദ് ഷമിക്ക് ഫിറ്റ്നസ് വീണ്ടെടുക്കാൻ വേണ്ടത്ര സമയം നൽകുകയാണ് ബിസിസിഐ ലക്ഷ്യം വെക്കുന്നത്.

ഒക്ടോബർ 15 വരെ നമുക്ക് സമയം ഉണ്ട് എന്നത് ചൂണ്ടിയാണ് പരിശീലകൻ രാഹുൽ ദ്രാവിഡും പ്രതികരിച്ചത്.പകരക്കാരനെ കണ്ടെത്താൻ മുൻപിലുള്ള സാധ്യതകളിലേക്ക് നോക്കുകയാണ്. ഒക്ടോബർ 15 വരെ സമയമുണ്ട് എന്നും രാഹുൽ ദ്രാവിഡ് പറഞ്ഞു. സ്റ്റാൻഡ്ബൈ ലിസ്റ്റിലുള്ള താരമാണ് ഷമിയും.

എന്നാൽ നിർഭാഗ്യം കാരണം കഴിഞ്ഞ രണ്ട് പരമ്പരകൾ ഷമിക്ക് കളിക്കാനായില്ല. പകരക്കാരനാവാൻ ഷമി അനിയോജ്യനാണ്. എന്നാൽ എൻസിഎയിൽ ആണ് ഷമി ഇപ്പോൾ. ഷമി ഫിറ്റ്നസ് വീണ്ടെടുക്കുന്നത് സംബന്ധിച്ചും കോവിഡിന് ശേഷം 14-15 ദിവസം പിന്നിടുമ്പോഴുള്ള അവസ്ഥയെ കുറിച്ചും റിപ്പോർട്ട് ലഭിക്കേണ്ടതുണ്ട്, രാഹുൽ ദ്രാവിഡ് പറഞ്ഞു.

ഷമിയുടെ അവസ്ഥ എങ്ങനെ എന്ന റിപ്പോർട്ട് ലഭിച്ചതിന് ശേഷമാവും ഷമിയുടെ കാര്യത്തിൽ തീരുമാനം എടുക്കുക. പകരക്കാരനായി എത്തുന്ന താരം സ്വയം ആസ്വദിച്ച് കളിക്കണം. അയാൾക്ക് സാധിക്കുന്നത്രയും മികച്ച രീതിയിൽ പന്തെറിയണം, അത്ര മാത്രമാണ് ഞങ്ങൾ ആവശ്യപ്പെടുക എന്നും രാഹുൽ ദ്രാവിഡ് കൂട്ടിച്ചേർത്തു

ബുമ്രയ്ക്ക് പകരം ആരാവും കളിക്കുക എന്ന് അറിയില്ലെന്നാണ് ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ പ്രതികരിച്ചത്. ബുമ്രയുടെ നഷ്ടം വലുതാണ്. പകരം താരത്തെ ഞങ്ങൾക്ക് കണ്ടെത്തണം. എന്നാൽ അത് ആരായിരിക്കും എന്ന് എനിക്ക് അറിയില്ല. ഓസ്ട്രേലിയയിൽ വെച്ച് അത് തീരുമാനിക്കും, രോഹിത് ശർമ പറഞ്ഞു.

മുഹമ്മദ് ഷമിയെ കൂടാകെ ദീപക് ചഹർ, മുഹമ്മദ് സിറാജ് എന്നിവരാണ് ബുമ്രയ്ക്ക് പകരം ഇന്ത്യയുടെ റഡാറിലുള്ളവർ. സൗത്ത് ആഫ്രിക്കയ്ക്ക് എതിരായ ഏകദിന പരമ്പരയിൽ ഇവർ കളിക്കുന്നുണ്ട്. ഇവിടെ വരുന്ന പ്രകടനം ഇവർക്ക് നിർണായകമാവും.

അതേസമയം ട്വന്റി20 ലോകകപ്പിനായി ഇന്ത്യൻ സംഘം ബുധനാഴ്ച രാത്രിയോടെ ഓസ്ട്രേലിയയിലേക്ക് തിരിക്കും എന്നും ദ്രാവിഡ് വ്യക്തമാക്കി. പെർത്തിൽ ഏതാനും ദിവസം പരിശീലനം നടത്താൻ കഴിയും. ടീമിലെ പല കളിക്കാരും ഓസ്ട്രേലിയയിലെ ബൗൺസി പിച്ചുകളിൽ അധികം ട്വന്റി20 കളിച്ചവർ അല്ലെന്നും ദ്രാവിഡ് ചൂണ്ടിക്കാണിക്കുന്നു.