കേപ്ടൗൺ: വനിതാ ട്വന്റി 20 ലോകകപ്പിൽ അയർലൻഡിനെതിരെ മികച്ച വിജയലക്ഷ്യം പടുത്തുയർത്തി ഇന്ത്യ. ടോസ് നേടി ബാറ്റിംഗിനെത്തിയ ഇന്ത്യ സ്മൃതി മന്ദാനയുടെ (56 പന്തിൽ 87) ബാറ്റിങ് കരുത്തിൽ ആറ് വിക്കറ്റ് നഷ്ടത്തിൽ 155 റൺസാണ് നേടിയത്. ക്യാപ്റ്റൻ ലൗറ ഡെലാനി അയർലൻഡിനായി മൂന്ന് വിക്കറ്റ് വീഴ്‌ത്തി.

ജയിച്ചാൽ സെമി ഉറപ്പാകുന്ന മത്സരത്തിൽ മികച്ച തുടക്കമാണ് ഇന്ത്യക്ക് ലഭിച്ചത്. ഒന്നാം വിക്കറ്റിൽ ഷെഫാലി വർമ- സ്മൃതി സഖ്യം 62 റൺസ് കൂട്ടിചേർത്തു. എന്നാൽ 29 പന്തിൽ 24 റൺസെടുത്ത ഷെഫാലി ആദ്യം പുറത്തായി. തുടർന്ന് ക്രീസിലെത്തിയ ഹർമൻപ്രീത് കൗറിന് (13) അധികം ആയുസുണ്ടായിരുന്നില്ല. ഡെലാനിയുടെ രണ്ടാം വിക്കറ്റ്. തൊട്ടടുത്ത പന്തിൽ റിച്ചാ ഘോഷിനേയും (0) ഡെലാനി മടക്കി. ഇതോടെ ഇന്ത്യ 16 ഓവറിൽ മൂന്നിന് 115 എന്ന നിലയിലായി.

ഇതിനിടെ സ്മൃതി റൺറേറ്റ് ഉയരർത്താനുള്ള ശ്രമവും നടത്തി. എന്നാൽ ടി20 കരിയറിലെ ഉയർന്ന വ്യക്തിഗത സ്‌കോർ കണ്ടെത്തിയ ശേഷം മടങ്ങി. 56 പന്തിൽ മൂന്ന് സിക്സും ഒമ്പത് ഫോറും ഉൾപ്പെടുന്നതായിരുന്നു സ്മൃതിയുടെ ഇന്നിങ്സ്. തൊട്ടടുത്ത പന്തിൽ ദീപ്തി ശർമയും പുറത്തായി. ഒർല പ്രെണ്ടർഗസ്സ്റ്റാണ് ഇരുവരേയും മടക്കിയത്. ജമീമ റോഡ്രിഗസ് () അവസാന പന്തിൽ മടങ്ങുമ്പോൾ സ്‌കോർ 150 കടത്തിയിരുന്നു. പൂജ വസ്ത്രകർ (2) പുറത്താവാതെ നിന്നു.

ഇംഗ്ലണ്ടിനെതിരെ കളിച്ച ടീമിൽ നിന്ന് ഒരു മാറ്റവുമായിട്ടാണ് ഇന്ത്യ ഇറങ്ങിയത്. രാധാ യാദവ് പുറത്തായി. ദേവിക വൈദ്യ ടീമിലെത്തി. അ്രയർലൻഡും ഒരു മാറ്റം വരുത്തി. ജെയ്ൻ മഗൈ്വറിന് പകരം ജോർജിന ഡെംപ്സി ടീമിലെത്തി.

ഗ്രൂപ്പ് ബിയിൽ പോയിന്റ് പട്ടികയിൽ ഇംഗ്ലണ്ടിന് പിന്നിൽ രണ്ടാമതാണ് ഇന്ത്യ. പാക്കിസ്ഥാനേയും വെസ്റ്റ് ഇൻഡീസിനേയും ഇന്ത്യ തോൽപ്പിച്ചിരുന്നു. എന്നാൽ ഇംഗ്ലണ്ടിനോട് പരാജയപ്പെട്ടു. ഗ്രൂപ്പിലെ ആദ്യ രണ്ട് സ്ഥാനക്കാരാണ് സെമി ഫൈനലിലേക്ക് യോഗ്യത നേടുക. നാല് മത്സങ്ങൾ പൂർത്തിയാക്കിയ വെസ്റ്റ് ഇൻഡീസിന് നാല് പോയിന്റാണ്. അതുകൊണ്ടുതന്നെ ഇന്ത്യക്ക് ദുർബലരായ എതിരാളികൾക്കെതിരെ ജയിച്ചാൽ മാത്രം മതി. ഇംഗ്ലണ്ടിന് അവസാന മത്സരത്തിൽ പാക്കിസ്ഥാനാണ് എതിരാളി. ഇന്ത്യ ഇന്ന് ജയിച്ചാൽ പാക്കിസ്ഥാനും വിൻഡീസും പുറത്താവും.