മുംബൈ: വനിതാ പ്രീമിയർ ലീഗിൽ തുടർച്ചയായ മൂന്നാം ജയവുമായി മുംബൈ ഇന്ത്യൻസ്. ഡൽഹി ക്യാപിറ്റൽസിനെ എട്ട് വിക്കറ്റിനാണ് മുംബൈ തകർത്തത്. ഡൽഹിയെ 105 റൺസിന് എറിഞ്ഞിട്ട മുംബൈ 15 ഓവറിൽ രണ്ട് വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി വിജയലക്ഷ്യം മറികടന്നു.

വനിതാ പ്രീമിയർ ലീഗിലെ മുംബൈയുടെ മൂന്നാം വിജയമാണിത്. രണ്ട് വിജയങ്ങൾ കരസ്ഥമാക്കിയ ഡൽഹിയുടെ ആദ്യ പരാജയം കൂടിയാണിത്. ഡൽഹി മുന്നോട്ടുവെച്ച 106 റൺസ് വിജയലക്ഷ്യം യാസ്തിക ഭാട്ടിയ, ഹെയ്‌ലി മാത്യൂസ്, നാറ്റ് സൈവർ ബ്രണ്ട്, ഹർമൻപ്രീത് കൗർ എന്നിവരുടെ ബാറ്റിങ് മികവിൽ മുംബൈ അനായാസം മറികടന്നു.

തുടർച്ചയായി രണ്ട് ഫോറോടെ നാറ്റ് മത്സരം ഫിനിഷ് ചെയ്യുകയായിരുന്നു. നേരത്തെ മൂന്ന് വിക്കറ്റ് വീതവുമായി സൈക ഇഷാക്ക് ഇസി വോങും ഹെയ്‌ലി മാത്യൂസും ഒരാളെ പുറത്താക്കി പൂജ വസ്ത്രക്കറും മുംബൈക്കായി ബൗളിംഗിൽ തിളങ്ങിയിരുന്നു.

ഡൽഹി ഉയർത്തിയ 106 റൺസെന്ന വിജയലക്ഷ്യത്തിലേക്ക് മുംബൈ അനായാസം ബാറ്റേന്തി. ഓപ്പണർമാരായ യസ്തിക ഭാട്ടിയയും ഹയ്ലി മാത്യൂസും മുംബൈക്ക് മികച്ച തുടക്കമാണ് നൽകിയത്. തകർത്തടിച്ചുകളിച്ച ഇരുവരും സ്‌കോർ അമ്പത് കടത്തി. ടീം സ്‌കോർ 65-ൽ നിൽക്കേ മുംബൈക്ക് ആദ്യ വിക്കറ്റ് നഷ്ടമായി. 32 പന്തിൽ നിന്ന് 41 റൺസെടുത്ത യസ്തിക ഭാട്ടിയയെ താര നോറിസാണ് പുറത്താക്കിയത്.

പിന്നാലെ 32 റൺസെടുത്ത ഹയ്ലി മാത്യൂസും പുറത്തായി. എന്നാൽ നാറ്റ് സിവർ ബ്രണ്ടും ക്യാപ്റ്റൻ ഹർമൻപ്രീത് കൗറും മുംബൈയെ വിജയത്തിലെത്തിച്ചു. സിവർ ബ്രണ്ട് 23 റൺസെടുത്തും ഹർമൻപ്രീത് കൗർ 11 റൺസെടുത്തും പുറത്താവാതെ നിന്നു.

നേരത്തേ ടോസ് കിട്ടി ബാറ്റിങ് തിരഞ്ഞെടുത്ത ഡൽഹി ക്യാപിറ്റൽസിന്റെ തീരുമാനം പാളുന്നതാണ് കാണാനായത്. ക്യാപ്റ്റൻ മെഗ് ലാന്നിങ്ങും ജെമീമ റോഡ്രിഗസുമൊഴികെ മറ്റാർക്കും ക്രീസിൽ നിലയുറപ്പിക്കാനായില്ല. 41 പന്തിൽ നിന്ന് 43 റൺസെടുത്ത മെഗ് ലാന്നിങ്ങാണ് ഡൽഹി നിരയിലെ ടോപ് സ്‌കോറർ. 18 പന്തിൽ നിന്ന് 25 റൺസെടുത്ത ജെമീമ ഡൽഹി സ്‌കോർ ബോർഡിൽ കാര്യമായ സംഭാവന നൽകി.

ആദ്യം ബാറ്റ് ചെയ്ത ഡൽഹി 18 ഓവറിൽ 105 റൺസിൽ പുറത്തായി. ഡിവൈ പാട്ടീൽ സ്റ്റേഡിയത്തിൽ മുംബൈ ഇന്ത്യൻസ് ബൗളർമാർ പിടിമുറുക്കിയാണ് മത്സരം തുടങ്ങിയത്. ഡൽഹി ഓപ്പണർ ഷെഫാലി വർമ്മ പുറത്താകുമ്പോൾ ടീം സ്‌കോർ എട്ട് മാത്രം. 6.4 ഓവറിൽ 31 റൺസിന് മൂന്ന് വിക്കറ്റ് നഷ്ടമാവുകയും ചെയ്തു. 6 പന്തിൽ 2 റൺസ് നേടിയ ഷെഫാലിയെ സൈക ഇഷാക്ക് ബൗൾഡാക്കിയപ്പോൾ അലീസ് കാപ്‌സിയെ(7 പന്തിൽ 6) പൂജ വസ്ത്രക്കറും, മരിസാൻ കാപ്പിനെ(4 പന്തിൽ 2) ഇസ് വോങും പുറത്താക്കി. ഇതിന് ശേഷം രക്ഷാപ്രവർത്തനം നടത്തുകയായിരുന്നു ക്യാപ്റ്റൻ മെഗ് ലാന്നിംഗും ജെമീമ റോഡ്രിഗസും. 13-ാം ഓവറിൽ ജെമീമയുടെ(18 പന്തിൽ 25) കുറ്റി പിഴുത് സൈക ബ്രേക്ക്ത്രൂ നൽകി. ഇരുവരും 50 റൺസ് കൂട്ടുകെട്ടുണ്ടാക്കി. ഇതേ ഓവറിൽ മെഗ് ലാന്നിങ്(41 പന്തിൽ 43) ഹർമന്റെ ക്യാച്ചിൽ പുറത്തായി.

തൊട്ടടുത്ത ഓവറിലെ ആദ്യ പന്തിൽ ഹെയ്‌ലി മാത്യൂസ്, ജെസ്സ് ജൊനാസ്സനെ(3 പന്തിൽ 2) പുറത്താക്കി. ഇതോടെ അരങ്ങേറ്റ താരം മിന്നു മണി ക്രീസിലെത്തി. എന്നാൽ നേരിട്ട മൂന്നാം പന്തിൽ ക്രീസ് വിട്ടിറങ്ങിയ മിന്നുവിനെ യാസ്തിക ഭാട്ടിയ സ്റ്റംപ് ചെയ്തു. വൈകാതെ താനിയ ഭാട്ടിയയെ(9 പന്തിൽ 4) വോങ് പുറത്താക്കി. 9 പന്തിൽ 10 റണ്ണുമായി രാധാ യാദവും വോങ്ങിന് മുന്നിൽ കീഴടങ്ങിയപ്പോൾ അവസാനക്കാരിയായി ടാരാ നോറിസ്(0) പുറത്തായി. നാല് റണ്ണുമായി ശിഖ പാണ്ഡെ പുറത്താവാതെ നിന്നു.