- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അർധ സെഞ്ചുറിയുമായി പട നയിച്ച് ബിസ്മ മറൂഫ്; മികച്ച കൂട്ടുകെട്ടുമായി പിന്തുണച്ച് അയേഷ നസീമും; വനിതാ ട്വന്റി 20 ലോകകപ്പിൽ പാക്കിസ്ഥാനെതിരേ ഇന്ത്യയ്ക്ക് 151 റൺസ് വിജയലക്ഷ്യം
കേപ്ടൗൺ: വനിതാ ട്വന്റി 20 ലോകകപ്പിൽ പാക്കിസ്ഥാനെതിരെ ഇന്ത്യക്ക് 150 റൺസ് വിജയലക്ഷ്യം. ആദ്യം ബാറ്റുചെയ്ത പാക്കിസ്ഥാൻ നാല് വിക്കറ്റ് നഷ്ടത്തിൽ 150 റൺസെടുത്തു. അർധസെഞ്ചുറി നേടിയ നായിക ബിസ്മ മറൂഫിന്റെ തകർപ്പൻ ബാറ്റിങ്ങാണ് പാക്കിസ്ഥാന് മികച്ച സ്‌കോർ സമ്മാനിച്ചത്. ആയിഷ നസീമിന്റെ വെടിക്കെട്ടും പാക്കിസ്ഥാന് കരുത്തായി.
ട്വന്റി 20യിൽ ഇന്ത്യയ്ക്കെതിരേ പാക്കിസ്ഥാൻ നേടുന്ന ഏറ്റവുമുയർന്ന സ്‌കോറാണിത്. ബിസ്മ 55 പന്തുകളിൽ നിന്ന് ഏഴ് ബൗണ്ടറിയുടെ സഹായത്തോടെ പുറത്താവാതെ 68 റൺസെടുത്തു. ബിസ്മയ്ക്കൊപ്പം ആറാമതായി ക്രീസിലെത്തിയ അയേഷ നസീമും മികച്ച പ്രകടനം പുറത്തെടുത്തു. അയേഷ 24 പന്തുകളിൽ നിന്ന് രണ്ട് വീതം സിക്സിന്റെയും ഫോറിന്റെയും അകമ്പടിയോടെ 43 റൺസെടുത്ത് പുറത്താവാതെ നിന്നു.
പാക്കിസ്ഥാൻ വനിതകൾക്ക് ഇന്നിങ്സിന്റെ തുടക്കത്തിലെ പ്രഹരം നൽകിയാണ് ടീം ഇന്ത്യ തുടങ്ങിയത്. രണ്ടാം ഓവറിലെ നാലാം പന്തിൽ ഓപ്പണർ ജാവെറിയ ഖാനെ നഷ്ടമായി. ആറ് പന്തിൽ എട്ട് റൺസെടുത്ത താരത്തെ ദീപ്തി ശർമ്മ ഷോർട് ഫൈനിൽ ക്യാപ്റ്റൻ ഹർമൻപ്രീത് കൗറിന്റെ കൈകളിൽ എത്തിക്കുകയായിരുന്നു. എങ്കിലും ഒരറ്റത്ത് ക്യാപ്റ്റൻ ബിസ്മ മറൂഫ് സ്‌കോർ കണ്ടെത്തിയതോടെ പാക്കിസ്ഥാൻ പവർപ്ലേയിൽ 39-1 എന്ന സ്‌കോറിലെത്തി. പാക്കിസ്ഥാനെ കരകയറ്റാനുള്ള ബിസ്മ-മുനീബ ശ്രമം പവർപ്ലേ കഴിഞ്ഞ് തൊട്ടടുത്ത ഓവറിൽ രാധാ യാദവ് അവസാനിപ്പിച്ചു. 14 പന്തിൽ 12 റൺസെടുത്ത മുനീബ അലിയെ ക്രീസ് വിട്ടിറങ്ങിയതിന് റിച്ച ഘോഷ് സ്റ്റംപ് ചെയ്യുകയായിരുന്നു.
ഒരോവറിന്റെ ഇടവേളയിൽ പാക്കിസ്ഥാന് മൂന്നാം പ്രഹരവും കിട്ടി. 2 പന്തിൽ അക്കൗണ്ട് തുറക്കും മുന്നേ സൂപ്പർ താരം നിദാ ധറിനെ പൂജ വസ്ത്രക്കർ തകർപ്പൻ ബൗൺസറിൽ പുറത്താക്കി. ധർ പുൾ ഷോട്ടിന് ശ്രമിച്ചപ്പോൾ വിക്കറ്റിന് പിന്നിൽ റിച്ച ഘോഷ് സുരക്ഷിതമായി പന്ത് പിടികൂടി അപ്പീൽ ചെയ്തു. റിവ്യൂ എടുത്ത ഹർമൻപ്രീത് കൗറിന്റെ തീരുമാനം വിജയിക്കുകയായിരുന്നു. 10 ഓവർ പൂർത്തിയാകുമ്പോൾ പാക് വനിതകളുടെ സ്‌കോർ മൂന്ന് വിക്കറ്റിന് 58 റൺസ്. 13-ാം ഓവറിലെ ആദ്യ പന്തിൽ സിദ്രാ അമീനെ(14 പന്തിൽ 12) രാധാ യാദവ് റിച്ചയുടെ കൈകളിലെത്തിച്ചതോടെ പാക്കിസ്ഥാൻ വീണ്ടും പ്രതിരോധത്തിലായി. അപ്പോഴും ഒരറ്റത്ത് കാലുറപ്പിച്ച ബിസ്മ മറൂഫ് 45 പന്തിൽ അമ്പത് തികച്ചപ്പോൾ സഹതാരം ആയിഷ നസീം വെടിക്കെട്ട് മോദിലായിരുന്നു. ഇരുവരും കൂടുതൽ നഷ്ടങ്ങളില്ലാതെ പാക്കിസ്ഥാനെ മികച്ച സ്‌കോറിലെത്തിച്ചു.
നേരത്തെ ടോസ് നേടിയ പാക്കിസ്ഥാൻ ക്യാപ്റ്റൻ ബിസ്മ മറൂഫ് ബാറ്റിങ് തെരഞ്ഞെടുക്കുകയായിരുന്നു. കൈവിരലിന് പരിക്കേറ്റ വൈസ് ക്യാപ്റ്റൻ സ്മൃതി മന്ഥാനയില്ലാതെയാണ് ടീം ഇന്ത്യ കളിക്കാനിറങ്ങിയത്. ലോകകപ്പിന് മുന്നോടിയായി ഓസ്‌ട്രേലിയക്കെതിരെ നടന്ന സന്നാഹ മത്സരത്തിലാണ് സ്മൃതിക്ക് പരിക്കേറ്റത്. പരിക്കിനെ തുടർന്ന് ബംഗ്ലാദേശിനെതിരായ സന്നാഹ മത്സരം ഇന്ത്യൻ വൈസ് ക്യാപ്റ്റന് നഷ്ടമായിരുന്നു. പാക്കിസ്ഥാനെതിരെ സ്മൃതിക്ക് പകരം യഷ്ടിക ഭാട്യ ഓപ്പണറാവും. വനിതാ ടി20 ലോകകപ്പുകളിൽ ആറ് തവണ ഇന്ത്യയും പാക്കിസ്ഥാനും നേർക്കുനേർ വന്നപ്പോൾ നാലിലും വിജയിച്ചത് നീലപ്പടയാണ്.