- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വനിതാ ട്വന്റി 20 ലോകകപ്പിൽ ഓസ്ട്രേലിയ-ദക്ഷിണാഫ്രിക്ക സ്വപ്ന ഫൈനൽ; രണ്ടാം സെമിയിൽ ഇംഗ്ലണ്ടിനെ കീഴടക്കിയത് ആറ് റൺസിന്; പ്രോട്ടീസ് ഫൈനൽ ബർത്ത് ഉറപ്പിക്കുന്നത് ആദ്യമായി; കലാശപ്പോര് ഞായറാഴ്ച
കേപ്ടൗൺ: വനിതാ ട്വന്റി 20 ലോകകപ്പിൽ ഓസ്ട്രേലിയ-ദക്ഷിണാഫ്രിക്ക സ്വപ്ന ഫൈനൽ. രണ്ടാം സെമിയിൽ ഇംഗ്ലണ്ട് വനിതകളെ ആറ് റൺസിന് കീഴടക്കിയാണ് സ്വന്തം മണ്ണിൽ നടക്കുന്ന ലോകകപ്പിന്റെ ഫൈനൽ ബർത്ത് പ്രോട്ടീസ് നിര ഉറപ്പിച്ചത്. 165 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ഇംഗ്ലീഷ് വനിതകൾക്ക് 20 ഓവറിൽ 8 വിക്കറ്റ് നഷ്ടത്തിൽ 158 റൺസെടുക്കാനേ കഴിഞ്ഞുള്ളൂ.
അയബോങ്ങാ ഖാക്ക നാലും ഷബ്നിം ഇസ്മായിൽ മൂന്നും നഡീൻ ഡി ക്ലാർക്ക് ഒന്നും വിക്കറ്റ് നേടി. ലോകകപ്പിൽ ഇതാദ്യമായാണ് ദക്ഷിണാഫ്രിക്ക ഫൈനലിൽ എത്തുന്നത്. ഇന്ത്യയെ അഞ്ച് റൺസിന് കീഴടക്കിയാണ് ഓസ്‌ട്രേലിയ ഫൈനലിൽ പ്രവേശിച്ചത്. ഞായറാഴ്ച കലാശപ്പോരിൽ ഓസീസും പ്രോട്ടീസും ഏറ്റുമുട്ടും.
ഇംഗ്ലണ്ടിന് സ്വപ്ന തുടക്കമാണ് ഡാനിയേല വ്യാറ്റ്-സോഫിയ ഡങ്ക്ലി സഖ്യം നൽകിയത്. 16 പന്തിൽ 28 റൺസെടുത്ത സോഫിയയെ ആറാം ഓവറിലെ ആദ്യ പന്തിൽ ഷബ്നിം ഇസ്മായിൽ പുറത്താക്കുമ്പോൾ ടീം സ്‌കോർ 53ലെത്തിയിരുന്നു. മൂന്നാം നമ്പറിലെത്തിയ ആലീസ് ക്യാപ്സിനെ അക്കൗണ്ട് തുറക്കാൻ ഷബ്നിം അനുവദിച്ചില്ല.
രണ്ട് വിക്കറ്റുകളും വീണത് ഒരു പന്തിന്റെ ഇടവേളയിലായിരുന്നു. ഒരറ്റത്ത് നിലയുറപ്പിച്ച ഡാനിയേല വ്യാറ്റിനെ 30 പന്തിൽ 34 റൺസെടുത്ത് നിൽക്കേ 11-ാം ഓവറിൽ ഖാക്ക മടക്കിയത് നിർണായകമായി. മൂന്ന് വിക്കറ്റിന് പിന്നിലും തസ്മിൻ ബ്രിറ്റിന്റെ ക്യാച്ചുകളായിരുന്നു. 13-ാം ഓവറിൽ നാറ്റ് സൈവർ ബ്രണ്ടും ഹീത്തർ നൈറ്റും ചേർന്ന് ഇംഗ്ലണ്ടിനെ 100 കടത്തി.
എന്നാൽ 17-ാം ഓവറിലെ രണ്ടാം പന്തിൽ ബ്രണ്ടിനെ(34 പന്തിൽ 40) നഡീൻ ഡി ക്ലാർക്കിന്റെ പന്തിൽ ബ്രിറ്റ്സ് ക്യാച്ചെടുത്തു. വിക്കറ്റ് കീപ്പർ ബാറ്റർ എമി ജോൺസിനെ(3 പന്തിൽ 2) 18ാം ഓവറിലെ ആദ്യ പന്തിൽ ഖാക്ക മടക്കി. ഇതേ ഓവറിലെ അഞ്ചാം പന്തിൽ സോഫീ എക്കിൾസ്റ്റണും(2 പന്തിൽ 1) അവസാന പന്തിൽ കാതറീൻ സൈവർ ബ്രണ്ടും(1 പന്തിൽ 0) പുറത്തായി. ഹീത്തർ നൈറ്റ് അവസാന ഓവറിൽ പുറത്തായപ്പോൾ(25 പന്തിൽ 31) സാറ ഗ്ലെന്നും(8*), ഷാർലറ്റ് ഡീനും(1*) ഇംഗ്ലണ്ടിനെ ജയിപ്പിക്കാനായില്ല.
ആദ്യം ബാറ്റ് ചെയ്ത ദക്ഷിണാഫ്രിക്കയ്ക്കായി ഓപ്പണിങ് വിക്കറ്റിൽ തസ്മിൻ ബ്രിറ്റ്സ്-ലോറ വോൾവാർട്ട് സഖ്യം 13.4 ഓവറിൽ 96 റൺസ് ചേർത്തു. 14-ാം ഓവറിൽ സോഫീ എക്കിൾസ്റ്റണിനെ ബൗണ്ടറി നേടി വോൾവാർട്ട് 42 ബോളിൽ ഫിഫ്റ്റി തികച്ചു. എന്നാൽ രണ്ട് പന്തുകളുടെ ഇടവേളയിൽ ലീഡിങ് എഡ്ജ് വോൾവാർട്ടിന് പുറത്തേക്കുള്ള വഴി തുറന്നു. വോൾവാർട്ട് 44 പന്തിൽ 53 റൺസുമായി ഷാർലറ്റ് ഡീനിന്റെ ക്യാച്ചിൽ മടങ്ങുകയായിരുന്നു. ഇതിനകം നിലയുറപ്പിച്ചിരുന്ന ബ്രിറ്റ്സ് പിന്നാലെ 15-ാം ഓവറിൽ സാറ ഗ്ലെന്നിനെ സിക്സിന് പറത്തി പ്രോട്ടീസിനെ 100 കടത്തി. പിന്നാലെ ഫോറും നേടി ബ്രിറ്റ്സും 43 പന്തിൽ ഫിഫ്റ്റി തികച്ചതോടെ ദക്ഷിണാഫ്രിക്ക കുതിച്ചു. 15-ാം ഓവറിൽ 18 ഉം 16-ാം ഓവറിൽ 9 ഉം 17-ാം ഓവറിൽ 10 ഉം റൺസ് നേടി.
18-ാം ഓവറിലെ അഞ്ചാം പന്തിൽ ലോറെൻ ബെല്ലിന്റെ പന്തിൽ കാതറിൻ സൈവർ ബ്രണ്ട്, ബ്രിറ്റ്സിനെ(55 പന്തിൽ 68) പിടികൂടി. ഈസമയം ദക്ഷിണാഫ്രിക്കൻ സ്‌കോർ 142ലെത്തിയിരുന്നു. എക്കിൾസ്റ്റണിന്റെ തൊട്ടടുത്ത ഓവറിലെ രണ്ടാം പന്തിൽ ട്രയോണിനെ(3 പന്തിൽ 3) നഷ്ടമായി. നാലാം പന്തിൽ നഡീൻ ഡി ക്ലാർക്കും(2 പന്തിൽ 0) പുറത്തായി. എന്നാൽ അവസാന ഓവറിൽ 18 റൺസ് അടിച്ചുകൂട്ടി മരിസാൻ കാപ്പ് ദക്ഷിണാഫ്രിക്കയ്ക്ക് മികച്ച സ്‌കോർ ഉറപ്പിച്ചു. കാപ്പ് 13 പന്തിൽ 27* ഉം സുനെ ലസ് 4 പന്തിൽ 3* ഉം റൺസുമായി പുറത്താവാതെ നിന്നു. അവസാന 10 ഓവറിൽ 92 റൺസാണ് ദക്ഷിണാഫ്രിക്ക അടിച്ചെടുത്തത്. ഇംഗ്ലണ്ടിനായി സോഫീ എക്കിൾസ്റ്റൺ മൂന്നും ലോറെൻ ബെൽ ഒന്നും വിക്കറ്റ് നേടി.