കേപ്ടൗൺ: ത്രില്ലർ പോരാട്ടത്തിൽ ചിരവൈരികളായ പാക്കിസ്ഥാനെ ഏഴ് വിക്കറ്റിന് കീഴടക്കി വനിതാ ട്വന്റി 20 ലോകകപ്പിൽ ഇന്ത്യക്ക് വിജയത്തുടക്കം. പാക്കിസ്ഥാൻ വനിതകൾ മുന്നോട്ടുവെച്ച 150 റൺസ് ലക്ഷ്യം 19 ഓവറിൽ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ ഇന്ത്യൻ വനിതകൾ മറികടന്നു. ജെമീമ റോഡ്രിഗസിന്റെ തകർപ്പൻ ബാറ്റിംഗാണ് ഇന്ത്യക്ക് ത്രില്ലർ ജയം സമ്മാനിച്ചത്. ഓപ്പണർ ഷെഫാലി വർമ്മ 25 പന്തിൽ 33 റൺസെടുത്ത് പുറത്തായപ്പോൾ 38 പന്തിൽ 53* റൺസുമായി ജെമീമ റോഡ്രിഗസും 20 പന്തിൽ 31* നേടി റിച്ച ഘോഷും ഇന്ത്യക്ക് ജയം സമ്മാനിച്ചു. സ്‌കോർ: പാക്കിസ്ഥാൻ 20 ഓവറിൽ നാലിന് 149. ഇന്ത്യ 19 ഓവറിൽ മൂന്നിന് 151

അർധസെഞ്ചുറി നേടി പുറത്താവാതെ നിന്ന ജെമീമ റോഡ്രിഗസിന്റെ തകർപ്പൻ പ്രകടനമാണ് ഇന്ത്യയ്ക്ക് തുണയായത്. ജെമീമ 38 പന്തുകളിൽ നിന്ന് എട്ട് ബൗണ്ടറിയുടെ സഹായത്തോടെ പുറത്താവാതെ 53 റൺസെടുത്തു. മധ്യനിരയിൽ അടിച്ചുതകർത്ത റിച്ച ഘോഷും മികച്ച പ്രകടനം പുറത്തെടുത്തു. ട്വന്റി 20 ലോകകപ്പിൽ ചേസിങ്ങിലെ ഇന്ത്യയുടെ ഏറ്റവും വലിയ വിജയമാണിത്. ട്വന്റി 20 ലോകകപ്പിലെ ഏറ്റവും ഉയർന്ന രണ്ടാമത്തെ ചേസുമാണിത്. അവസാന ഓവറുകളിൽ റിച്ചയും ജെമീമയും നടത്തിയ പ്രകടനമാണ് ഇന്ത്യയ്ക്ക് അനായാസ വിജയം സമ്മാനിച്ചത്. റിച്ച ഘോഷ് 20 പന്തുകളിൽ നിന്ന് അഞ്ച് ബൗണ്ടറി സഹിതം 31 റൺസെടുത്ത് പുറത്താവാതെ നിന്നു.

150 റൺസ് വിജയലക്ഷ്യത്തിലേക്ക് ബാറ്റിങ് ആരംഭിച്ച ഇന്ത്യയ്ക്ക് വേണ്ടി ഓപ്പണർമാരായ യസ്തിക ഭാട്ടിയയും ഷഫാലി വർമയും മികച്ച തുടക്കം നൽകി. ആദ്യ വിക്കറ്റിൽ ഇരുവരും 38 റൺസ് ചേർത്തു. എന്നാൽ 17 റൺസെടുത്ത യസ്തികയെ ഇന്ത്യയ്ക്ക് നഷ്ടമായി.

20 പന്തിൽ 17 റൺസെടുത്ത യാഷ്തികയെ ഇന്ത്യക്ക് നഷ്ടമാവുമ്പോൾ 5.3 ഓവറിൽ സ്‌കോർ 38. സാദിയ ഇക്‌ബാലിനായിരുന്നു വിക്കറ്റ്. ജെമീമാ റോഡ്രിഗസിനൊപ്പം രണ്ടാം വിക്കറ്റിൽ ഒന്നിച്ച ഷെഫാലി വർമ്മ ഇന്ത്യൻ വനിതകളെ അനായാസം 50 കടത്തി. എന്നാൽ ലോംഗ് ഓഫിൽ സിദ്രാ അമീന്റെ വണ്ടർ ക്യാച്ച് ഷെഫാലിക്ക് മടക്ക ടിക്കറ്റ് നൽകി. 10-ാം ഓവറിലെ ആദ്യ പന്തിൽ നഷ്ര സന്ധു പുറത്താക്കുമ്പോൾ ഷെഫാലി 25 പന്തിൽ നാല് ബൗണ്ടറികളോടെ 33 റൺസ് നേടിയിരുന്നു.

പിന്നാലെ ഇന്ത്യൻ ക്യാപ്റ്റൻ ഹർമൻപ്രീത് കൗറിനേയും സന്ധു പറഞ്ഞയച്ചു. 16 പന്തിൽ 12 റൺസ് മാത്രമാണ് ഹർമന് നേടാനായത്. എന്നാൽ ജെമീമ റോഡ്രിഗഡ് ബൗണ്ടറികളോടെ ആക്രമിച്ച് കളിച്ചതോടെ ഇന്ത്യൻ പട ആത്മവിശ്വാസം വീണ്ടെടുത്തു. ജെമീമയ്‌ക്കൊപ്പം ഫോറുകളുമായി റിച്ച ഘോഷും കളംനിറഞ്ഞതോടെ ഇന്ത്യൻ വനിതകൾ അനായാസ ജയത്തിലേക്ക് നടന്നടുക്കുകയായിരുന്നു.

ഐമാൻ അൻവർ ചെയ്ത 18-ാം ഓവർ ഇന്ത്യയുടെ വിജയത്തിൽ നിർണായക പങ്കുവഹിച്ചു. ഈ ഓവറിൽ റിച്ച ഘോഷ് മൂന്ന് ഫോറുകളടിച്ചുകൊണ്ട് വിജയലക്ഷ്യം രണ്ടോവറിൽ 14 റൺസായി കുറച്ചു. തൊട്ടടുത്ത ഓവറിൽ വിജയം നേടിക്കൊണ്ട് ഇന്ത്യ ചരിത്രം കുറിച്ചു. പാക്കിസ്ഥാന് വേണ്ടി നഷ്റ സന്ധു രണ്ട് വിക്കറ്റെടുത്തപ്പോൾ സാദിയ ഇഖ്ബാൽ ഒരു വിക്കറ്റ് സ്വന്തമാക്കി.

ക്യാപ്റ്റൻ ബിസ്മ മറൂഫിന്റെ അർധസെഞ്ചുറിയും ആയിഷ നസീമിന്റെ വെടിക്കെട്ടും പാക്കിസ്ഥാന് 20 ഓവറിൽ നാല് വിക്കറ്റിന് 149 റൺസ് സമ്മാനിക്കുകയായിരുന്നു. ബിസ്മ 55 പന്തിൽ 68* ഉം, ആയിഷ 25 പന്തിൽ 43* ഉം റൺസെടുത്തു. ഇന്ത്യക്കായി രാധാ യാദവ് രണ്ടും ദീപ്തി ശർമ്മയും പൂജ വസ്ത്രക്കറും ഓരോ വിക്കറ്റും നേടി.

ടോസ് നേടി ബാറ്റിംഗിനിറങ്ങിയ പാക്കിസ്ഥാൻ വനിതകൾക്ക് ഇന്നിങ്സിന്റെ തുടക്കത്തിലെ പ്രഹരം നൽകിയാണ് ടീം ഇന്ത്യ തുടങ്ങിയത്. രണ്ടാം ഓവറിലെ നാലാം പന്തിൽ ഓപ്പണർ ജാവെറിയ ഖാനെ നഷ്ടമായി. ആറ് പന്തിൽ എട്ട് റൺസെടുത്ത താരത്തെ ദീപ്തി ശർമ്മ ഷോർട് ഫൈനിൽ ക്യാപ്റ്റൻ ഹർമൻപ്രീത് കൗറിന്റെ കൈകളിൽ എത്തിക്കുകയായിരുന്നു. എങ്കിലും ഒരറ്റത്ത് ക്യാപ്റ്റൻ ബിസ്മ മറൂഫ് സ്‌കോർ കണ്ടെത്തിയതോടെ പാക്കിസ്ഥാൻ പവർപ്ലേയിൽ 39-1 എന്ന സ്‌കോറിലെത്തി. പാക്കിസ്ഥാനെ കരകയറ്റാനുള്ള ബിസ്മ-മുനീബ ശ്രമം പവർപ്ലേ കഴിഞ്ഞ് തൊട്ടടുത്ത ഓവറിൽ രാധാ യാദവ് അവസാനിപ്പിച്ചു. 14 പന്തിൽ 12 റൺസെടുത്ത മുനീബ അലിയെ ക്രീസ് വിട്ടിറങ്ങിയതിന് റിച്ച ഘോഷ് സ്റ്റംപ് ചെയ്യുകയായിരുന്നു.

ഒരോവറിന്റെ ഇടവേളയിൽ പാക്കിസ്ഥാന് മൂന്നാം പ്രഹരവും കിട്ടി. 2 പന്തിൽ അക്കൗണ്ട് തുറക്കും മുന്നേ സൂപ്പർ താരം നിദാ ധറിനെ പൂജ വസ്ത്രക്കർ തകർപ്പൻ ബൗൺസറിൽ പുറത്താക്കി. ധർ പുൾ ഷോട്ടിന് ശ്രമിച്ചപ്പോൾ വിക്കറ്റിന് പിന്നിൽ റിച്ച ഘോഷ് സുരക്ഷിതമായി പന്ത് പിടികൂടി അപ്പീൽ ചെയ്തു. റിവ്യൂ എടുത്ത ഹർമൻപ്രീത് കൗറിന്റെ തീരുമാനം വിജയിക്കുകയായിരുന്നു. 10 ഓവർ പൂർത്തിയാകുമ്പോൾ പാക് വനിതകളുടെ സ്‌കോർ മൂന്ന് വിക്കറ്റിന് 58 റൺസ്. 13-ാം ഓവറിലെ ആദ്യ പന്തിൽ സിദ്രാ അമീനെ(14 പന്തിൽ 12) രാധാ യാദവ് റിച്ചയുടെ കൈകളിലെത്തിച്ചതോടെ പാക്കിസ്ഥാൻ വീണ്ടും പ്രതിരോധത്തിലായി. അപ്പോഴും ഒരറ്റത്ത് കാലുറപ്പിച്ച ബിസ്മ മറൂഫ് 45 പന്തിൽ അമ്പത് തികച്ചപ്പോൾ സഹതാരം ആയിഷ നസീം വെടിക്കെട്ട് മോദിലായിരുന്നു. ഇരുവരും കൂടുതൽ നഷ്ടങ്ങളില്ലാതെ പാക്കിസ്ഥാനെ മികച്ച സ്‌കോറിലെത്തിച്ചു.