മുംബൈ: ഒക്ടോബർ-നവംബർ മാസങ്ങളിലായി ഇന്ത്യ ആതിഥേയത്വം വഹിക്കുന്ന ഏകദിന ലോകകപ്പിലെ ഗ്ലാമർ പോരാട്ടമായ ഇന്ത്യ-പാക്കിസ്ഥാൻ മത്സരത്തിന്റെ തീയതിയായി. ബിസിസിഐ, ഐസിസിക്ക് സമർപ്പിച്ച കരട് മത്സരക്രമം അനുസരിച്ച് ഒക്ടോബർ 15ന് അഹമ്മദാബാദിലാണ് ഇന്ത്യ-പാക്കിസ്ഥാൻ പോരാട്ടം നടക്കുക.

നോക്കൗട്ട് മത്സരങ്ങളൊഴികെയുള്ള മത്സരങ്ങളൊന്നും അഹമ്മദാബാദിൽ കളിക്കില്ലെന്ന് പാക്കിസ്ഥാൻ വ്യക്തമാക്കിയിട്ടുള്ളതിനാൽ വേദി മാറുമോ എന്ന കാര്യത്തിൽ ഇപ്പോഴും സ്ഥിരീകരണമില്ല.

ബിസിസിഐ ഐസിസിക്ക് കൈമാറിയ ഏകദിന ക്രിക്കറ്റ് ലോകകപ്പിന്റെ കരട് മത്സരക്രമപ്രകാരം ഒക്ടോബർ 5ന് ആദ്യ മത്സരത്തിൽ ഇംഗ്ലണ്ടും ന്യൂസീലൻഡും തമ്മിൽ ഏറ്റുമുട്ടും. ഇന്ത്യയുടെ ആദ്യ മത്സരം ഒക്ടോബർ എട്ടിന് ഓസ്‌ട്രേലിയയുമായാണ്. 11ന് ഡൽഹിയിൽ അഫ്ഗാനിസ്ഥാനെ ഇന്ത്യ നേരിടും. ഇതിനുശേഷമാണ് പാക്കിസ്ഥാനെതിരെ 15ന് അഹമ്മദാബാദിൽ പോരാട്ടങ്ങളുടെ പോരാട്ടത്തിന് ഇന്ത്യ ഇറങ്ങുക.

പാക്കിസ്ഥാനെതിരായ മത്സരശേഷം 19ന് പൂണെയിൽ ബംഗ്ലാദേശിനെ ഇന്ത്യ നേരിടും. 22ന് ധരംശാലയിൽ ന്യൂസിലൻഡിനെ നേരിടുന്ന ഇന്ത്യക്ക് പിന്നീട് ഒരാഴ്ച കഴിഞ്ഞെ മത്സരമുള്ളു. 29ന് ലഖ്‌നൗവിൽ നിലവിലെ ചാമ്പ്യന്മാരായ ഇംഗ്ലണ്ടാണ് ഇന്ത്യയുടെ എതിരാളികൾ. നവംബർ രണ്ടിന് മുംബൈയിൽ യോഗ്യതാ മത്സരം കളിച്ചെത്തുന്ന ടീമുകളിലൊന്നിനെ ഇന്ത്യ നേരിടും.

വെസ്റ്റ് ഇൻഡിസോ ശ്രീലങ്കയോ ആയിരിക്കും ഇതെന്നാണ് കരുതുന്നത്. നവംബർ അഞ്ചിന് കൊൽക്കത്തയിൽ ദക്ഷിണാഫ്രിക്കയെ നേരിടുന്ന ഇന്ത്യ 11ന് ബെംഗലൂരുവിൽ യോഗ്യതാ മത്സരം ജയിച്ചെത്തുന്ന ടീമിനെ നേരിടുന്നതോടെ ഗ്രൂപ്പ് ഘട്ടം പൂർത്തിയാകും.

നവംബർ 19ന് അഹമ്മദാബാദിൽ വച്ച് ഫൈനൽ നടത്തുമെന്നാണു കരട് ക്രമത്തിലുള്ളത്. ഐസിസി അംഗീകരിച്ചശേഷം ഔദ്യോഗിക മത്സരക്രമം അടുത്തയാഴ്ചയോടെ പുറത്തിറങ്ങിയേക്കും.