ബംഗളൂരു: ഏകദിന ലോകകപ്പിൽ മൂന്നാം ജയം ലക്ഷ്യമിടുന്ന പാക്കിസ്ഥാന് മുന്നിൽ കൂറ്റൻ വിജയലക്ഷ്യം ഉയർത്തി ഓസ്ട്രേലിയ. പാക്കിസ്ഥാന് 368 റൺസിന്റെ കൂറ്റൻ വിജയലക്ഷ്യമാണ് ഓസിസ് ബാറ്റിങ് നിര ഉയർത്തിയത്.

ബംഗളൂരു, ചിന്നസ്വാമി സ്റ്റേഡിയത്തിൽ ഡേവിഡ് വാർണർ (124 ന്തിൽ 163), മിച്ചൽ മാർഷ് (108 പന്തിൽ 121) എന്നിവരുടെ സെഞ്ചുറിയാണ് ഓസീസിനെ കൂറ്റൻ സ്‌കോറിലേക്ക് നയിച്ചത്. പാക്കിസ്ഥാൻ നിരയിൽ ഷഹീൻ അഫ്രീദി അഞ്ച് വിക്കറ്റെടുത്തു.

ഒരു മാറ്റവുമായിട്ടാണ് പാക്കിസ്ഥാൻ മത്സരത്തിനിറങ്ങിയത്. ഷദാബ് ഖാന് പകരം ഉസാമ നിർ ടീമിലെത്തി. ഓസീസ് ശ്രീലങ്കയ്ക്കെതിരെ കളിച്ച അതേ ടീമിനെ നിലനിർത്തുകയായിരുന്നു.

സ്‌കോർ സൂചിപ്പിക്കും പോലെ ഗംഭീര തുടക്കമായിരുന്നു ഓസീസിന്. ഒന്നാം വിക്കറ്റിൽ വാർണർ - മാർഷ് സഖ്യം 259 റൺസാണ് കൂട്ടിചേർത്തത്. 34-ാം ഓവറിലാണ് കൂട്ടുകെട്ട് പൊളിയുുന്നത്. ഷഹീന്റെ പന്തിൽ മാർഷ് ഉസാമ മിറിന് ക്യാച്ച് നൽകി. ഒമ്പത് സിക്സും 10 ഫോറും ഉൾപ്പെടുന്നതായിരുന്നു മാർഷിന്റെ ഇന്നിങ്സ്. തൊട്ടടുത്ത പന്തിൽ ഗ്ലെൻ മാക്സ്വെല്ലും (0) മടങ്ങിയത് ഓസീസിന് തിരിച്ചടിയായി. സ്റ്റീവ് സ്മിത്ത് (7) ഒരിക്കൽകൂടി നിരാശയായി.

മിറിനായിരുന്നു വിക്കറ്റ്. ഇതിനിടെ വാർണറും മടങ്ങിയതോടെ 400നപ്പുറം കടക്കുമായിരുന്ന സ്‌കോർ നിയന്ത്രിച്ചു നിർത്താൻ പാക്കിസ്ഥാനായി. 14 ഫോറും ഒമ്പത് സിക്സും ഉൾപ്പെടുന്നതായിരുന്നു വാർണറുടെ ഇന്നിങ്സ്.

സെഞ്ച്വറി നേടിയശേഷമുള്ള വാർണറിന്റെ ആഘോഷമാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറൽ. 85 പന്തിലായിരുന്നു താരത്തിന്റെ 21ാം ഏകദിന സെഞ്ച്വറി.

പിന്നാലെ പുഷ്പ സ്‌റ്റൈലിലായിരുന്നു താരത്തിന്റെ സെഞ്ച്വറി ആഘോഷം. വാർണറാണ് ആദ്യം നൂറിലെത്തിയത്. ഇന്ത്യൻ സിനിമകൾ പിന്തുടരുന്ന താരം തെന്നിന്ത്യൻ താരം അല്ലു അർജുന്റെ കടുത്ത ആരാധകൻ കൂടിയാണ്. അല്ലുവിന്റെ സൂപ്പർ ഹിറ്റ് ചിത്രം പുഷ്പയിലെ രംഗങ്ങളും നൃത്തവുമെല്ലാം അനുകരിക്കുന്ന വാർണറിന്റെ വിഡിയോകൾ നേരത്തെയും പുറത്തുവന്നിരുന്നു.

മാർകസ് സ്റ്റോയിനിസ് (21), ജോഷ് ഇൻഗ്ലിസ് (13), മർനസ് ലബുഷെയ്ൻ (8), മിച്ചൽ മാർഷ് (2) എന്നിവർ പ്രതീക്ഷയ്ക്കൊത്ത് ഉയർന്നില്ല. പാറ്റ് കമ്മിൻസ് (6), ആഡം സാംപ (1) പുറത്താവാതെ നിന്നു. അഫ്രീദി 10 ഓവറിൽ 54 റൺസ് വിട്ടുകൊടുത്താണ് അഞ്ച് വിക്കറ്റ് സ്വന്തമാക്കിയത്.

പാക്കിസ്ഥാൻ: അബ്ദുള്ള ഷെഫീഖ്, ഇമാം ഉൾ ഹഖ്, ബാബർ അസം (ക്യാപ്റ്റൻ), മുഹമ്മദ് റിസ്വാൻ (വിക്കറ്റ് കീപ്പർ), സൗദ് ഷക്കീൽ, ഇഫ്തിഖർ അഹമ്മദ്, മുഹമ്മദ് നവാസ്, ഉസാമ മിർ, ഹാസൻ അലി, ഷഹീൻ അഫ്രീദി, ഹാരിസ് റൗഫ്.

ഓസ്‌ട്രേലിയ: ഡേവിഡ് വാർണർ, മിച്ചൽ മാർഷ്, സ്റ്റീവൻ സ്മിത്ത്, മർനസ് ലബുഷെയ്ൻ, ജോഷ് ഇൻഗ്ലിസ് (വിക്കറ്റ് കീപ്പർ), ഗ്ലെൻ മാക്‌സ്വെൽ, മാർകസ് സ്റ്റോയിനിസ്, പാറ്റ് കമ്മിൻസ്, മിച്ചൽ സ്റ്റാർക്ക്, ആഡം സാംപ, ജോഷ് ഹേസൽവുഡ്.