ന്യൂഡൽഹി: 2023 ലോകകപ്പിൽ ആദ്യ അട്ടമറി. അഫ്ഗാനിസ്ഥാനാണ് നിലവിലെ ലോക ചാമ്പ്യന്മാരെ അട്ടിമറിച്ച് വിജയം നേടിയത്. ആദ്യ രണ്ട് മത്സരങ്ങളും തോറ്റെത്തിയ അഫ്ഗാനിസ്താന് ക്രിക്കറ്റ് ചരിത്രത്തിലെ ഏറ്റവും വലിയ വിജയമാണ് ഇന്നുണ്ടായത്. 69 റൺസിന്റെ ജയമാണ് അഫ്ഗാൻ സ്വന്തമാക്കിയത്. ആദ്യ മത്സരത്തിൽ ന്യൂസീലൻഡിനോട് തോറ്റ ഇംഗ്ലണ്ടിന് രണ്ടാം തോൽവി കനത്ത തിരിച്ചടിയായി. മുന്നോട്ടുള്ള ടീമിന്റെ പ്രയാണം കഠിനമായി മാറും.

അഫ്ഗാൻ ഉയർത്തിയ 285 റൺസ് വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ ഇംഗ്ലണ്ട് 40.3 ഓവറിൽ 215 റൺസിന് ഓൾഔട്ടായി. ബൗളർമാരുടെ മികച്ച പ്രകടനമാണ് അഫ്ഗാന് ജയമൊരുക്കിയത്. അർധ സെഞ്ചുറി നേടിയ ഹാരി ബ്രൂക്ക് മാത്രമാണ് ലക്ഷ്യത്തിലേക്ക് പൊരുതി നോക്കിയത്. പക്ഷേ താരത്തിന് പിന്തുണ നൽകാൻ മറ്റ് ഇംഗ്ലീഷ് താരങ്ങൾക്കായില്ല. 61 പന്തിൽ നിന്ന് ഒരു സിക്സും ഏഴ് ഫോറുമടക്കം 66 റൺസെടുത്ത ബ്രൂക്കാണ് ഇംഗ്ലണ്ടിന്റെ ടോപ് സ്‌കോറർ. അതേസമയം മൂന്ന് വിക്കറ്റ് വീതം വീഴ്‌ത്തി മുജീബുർ റഹ്മാനും റാഷിദ് ഖാനും ബൗളിംഗിൽ തിളങ്ങി.

285 റൺസ് വിജയലക്ഷ്യത്തിലേക്ക് ബാറ്റെടുത്ത ഇംഗ്ലണ്ടിന് തുടക്കം തന്നെ പിഴയ്ക്കുന്നതാണ് കണ്ടത്. രണ്ടാം ഓവറിൽ തന്നെ ജോൺ ബെയർസ്റ്റോ (2) പുറത്ത്. പിന്നാലെ നിലയുറപ്പിച്ച് കളിക്കുന്ന ജോ റൂട്ടിനെ മടക്കി മുജീബുർ റഹ്മാൻ അടുത്ത പ്രഹരമേൽപ്പിച്ചു. 17 പന്തിൽ നിന്ന് 11 റൺസ് മാത്രമായിരുന്നു റൂട്ടിന്റെ സമ്പാദ്യം. കഴിഞ്ഞ മത്സരത്തിലെ സെഞ്ചുറി വീരൻ ഡേവിഡ് മലാന്റെ ഊഴമായിരുന്നു അടുത്തത്. 39 പന്തിൽ നിന്ന് 32 റൺസുമായി മുന്നേറുകയായിരുന്ന മലാനെ മുഹമ്മദ് നബി, ഇബ്രാഹിം സദ്രാന്റെ കൈകളിലെത്തിച്ചു. പിന്നാലെ ക്യാപ്റ്റൻ ജോസ് ബട്ട്ലറും (9) ചെറിയ സ്‌കോറിൽ പുറത്തായതോടെ ഇംഗ്ലണ്ട് വിയർത്തു.

ഹാരി ബ്രൂക്ക് ക്രീസിൽ ഉണ്ടായിരുന്നത് ആശ്വാസമായിരുന്നു. എന്നാലൽ പിന്നാലെ വന്നവർക്ക് പിന്തുണ നൽകാൻ സാധിച്ചില്ല. ലിയാം ലിവിങ്സ്റ്റണെയും (10), സാം കറനെയും (10), ക്രിസ് വോക്സിനെയും (9) അഫ്ഗാൻ ബൗളർമാർ മടക്കിയപ്പോൾ തന്നെ ഇംഗ്ലണ്ട് പരാജയം ഉറപ്പിച്ചിരുന്നു. പിന്നാലെ 35-ാം ഓവറിലെ രണ്ടാം പന്തിൽ ബ്രൂക്കിനെ ഇക്രാമിന്റെ കൈകളിലെത്തിച്ച മുജീബുർ റഹ്മാൻ അഫ്ഗാൻ ജയം ഊട്ടിയുറപ്പിച്ചു.

തുടർന്ന് ആദിൽ റഷീദും (20), മാർക്ക് വുഡും (18) പിടിച്ചുനിന്നെങ്കിലും അത് ഇംഗ്ലണ്ടിന്റെ പരാജയഭാരം കുറയ്ക്കാൻ മാത്രമേ ഉപകരിച്ചുള്ളൂ. മൂന്ന് വിക്കറ്റ് വീതം വീഴ്‌ത്തി മുജീബുർ റഹ്മാനും റാഷിദ് ഖാനും അഫ്ഗാനായി തിളങ്ങി. മുഹമ്മദ് നബി രണ്ട് വിക്കറ്റ് വീഴ്‌ത്തി.

നേരത്തേ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിനിറങ്ങിയ അഫ്ഗാൻ ഒരു പന്ത് പന്ത് ബാക്കിനിൽക്കേ 284 റൺസിന് ഓൾഔട്ടാകുകയായിരുന്നു. ലോകകപ്പിൽ അഫ്ഗാന്റെ ഏറ്റവും ഉയർന്ന രണ്ടാമത്തെ സ്‌കോറാണിത്. 2019 ലോകകപ്പിൽ വെസ്റ്റിൻഡീസിനെതിരേ നേടിയ 288 റൺസാണ് ഒന്നാമത്. തകർപ്പൻ തുടക്കമായിരുന്നു അഫ്ഗാന്റേത്. ഓപ്പണിങ് വിക്കറ്റിൽ ഗുർബാസ് തകർത്തടിക്കുകയും ഇബ്രാഹിം സദ്രാൻ മികച്ച പിന്തുണ നൽകുകയും ചെയ്തതോടെ 114 റൺസാണ് അഫ്ഗാൻ സ്‌കോറിലെത്തിയത്. പിന്നാലെ 48 പന്തിൽ 28 റൺസെടുത്ത സദ്രാനെ മടക്കി ആദിൽ റഷീദ് ഈ കൂട്ടുകെട്ട് പൊളിച്ചു. പിറകെ റഹ്മത്ത് ഷായും (3) റഷീദിന് മുന്നിൽ വീണു. തുടർന്ന് 57 പന്തിൽ നിന്ന് നാല് സിക്‌സും എട്ട് ഫോറുമടക്കം 80 റൺസെടുത്ത ഗുർബാസ് റണ്ണൗട്ടാകുക കൂടി ചെയ്തതോടെ അഫ്ഗാന്റെ തകർച്ച തുടങ്ങി.

ക്യാപ്റ്റൻ ഹഷ്മത്തുള്ള ഷാഹിദി (14), അസ്മത്തുള്ള ഒമർസായ് (19) എന്നിവർ കാര്യമായ സംഭാവനകളില്ലാതെ മടങ്ങി. പിന്നാലെ മുഹമ്മദ് നബിയും (9) പുറത്തായതോടെ അഫ്ഗാൻ നിര തീർത്തും പ്രതിസന്ധിയിലായി. പിന്നീടായിരുന്നു ഇക്രാം അലിഖിലിന്റെ രക്ഷാപ്രവർത്തനം. 66 പന്തിൽ നിന്ന് 58 റൺസുമായി ഇക്രാം മികവ് കാണിച്ചതോടെ അഫ്ഗാൻ സ്‌കോർ 250 കടന്നു.