ചെന്നൈ: രണ്ട് റൺസെടുക്കുന്നതിനിടെ വീണത് മൂന്ന് വിക്കറ്റുകൾ. തോൽവി മുഖം കണ്ടെന്ന് ഉറപ്പിച്ച നിമിഷങ്ങളിൽ നിന്നും പൊരുതി കയറി കോലിയും കെ എൽ രാഹുലും. ഏകദിന ലോകകപ്പിൽ ഓസ്ട്രേലിയക്കെതിരെ ത്രസിപ്പിക്കുന്ന ജയം സ്വന്തമാക്കി ഇന്ത്യ. ചെന്നൈ, എം എ ചിദംബരം സ്റ്റേഡിയത്തിൽ ആറ് വിക്കറ്റിന്റെ ജയമാണ് ഇന്ത്യ നേടിയത്. കോലി- രാഹുൽ കൂട്ടുകെട്ടാണ് ഇന്ത്യയെ വിജയത്തിൽ എത്തിച്ചത്.

ടോസ് നേടി ബാറ്റിംഗിനെത്തിയ ഓസീസ് 49.3 ഓവറിൽ 199ന് എല്ലാവരും പുറത്തായിരുന്നു. മൂന്ന് വിക്കറ്റ് നേടിയ രവീന്ദ്ര ജഡേജ, രണ്ട് വിക്കറ്റ് വീതം നേടിയ കുൽദീപ് യാദവ്, ജസ്പ്രിത് ബുമ്ര എന്നിവരാണ് ഓസീസിനെ തകർത്തത്. മറുപടി ബാറ്റിംഗിൽ ഇന്ത്യ 41.2 ഓവറിൽ നാല് വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യം മറികടന്നു. കെ എൽ രാഹുൽ (115 പന്തിൽ പുറത്താവാതെ 97), വിരാട് കോലി (85) എന്നിവരുടെ ഇന്നിങ്സാണ് ഇന്ത്യയെ വിജയത്തിലെത്തിച്ചത്.

ഓസീസ് ഉയർത്തിയ 200 റൺസ് വിജയലക്ഷ്യത്തിലേക്ക് ബാറ്റിങ് ആരംഭിച്ച ഇന്ത്യ തുടക്കത്തിൽ തന്നെ വമ്പൻ തിരിച്ചടി നേരിട്ടു. ടീം സ്‌കോർ വെറും രണ്ട് റൺസിലെത്തിയപ്പോഴേക്കും മൂന്ന് മുൻനിര ബാറ്റർമാർ കൂടാരം കയറി. ഇഷാൻ കിഷൻ (0), രോഹിത് ശർമ (0), ശ്രേയസ് അയ്യർ (0) എന്നിവരാണ് പുറത്തായത്. കിഷനെ സ്റ്റാർക്കും രോഹിത്തിനെയും ശ്രേയസ്സിനെയും ഹെയ്സൽവുഡും പുറത്താക്കി. ഇതോടെ ഇന്ത്യ പതറി.

എന്നാൽ നാലാം വിക്കറ്റിൽ ക്രീസിലൊന്നിച്ച വിരാട് കോലിയും കെ.എൽ.രാഹുലും ചേർന്ന് വലിയ തകർച്ചയിൽ നിന്ന് ടീമിനെ രക്ഷിച്ചു. ഓരോ പന്തും അതീവ ശ്രദ്ധയോടെ കളിച്ച ഇരുവരും ചേർന്ന് ടീം സ്‌കോർ 100 കടത്തി. പിന്നാലെ കോലിയും രാഹുലും അർധസെഞ്ചുറി നേടി. ഇരുവരുടെയും നിർണായകമായ ഇന്നിങ്സാണ് ഇന്ത്യയ്ക്ക് തുണയായത്.

35-ാം ഓവറിൽ രാഹുലും കോലിയും ചേർന്ന് ടീം സ്‌കോർ 150 കടത്തി. പിന്നാലെ ഇരുവരും 150 റൺസിന്റെ കൂട്ടുകെട്ടും പടുത്തുയർത്തി. ഏകദിന ലോകകപ്പിൽ ഓസീസിനെതിരേ ഇതാദ്യമായാണ് ഇന്ത്യൻ താരങ്ങൾ 150 റൺസിന്റെ കൂട്ടുകെട്ടുണ്ടാക്കുന്നത്. എന്നാൽ 38-ാം ഓവറിൽ കോലി പുറത്തായി. ഹെയ്സൽവുഡിന്റെ പന്തിൽ പുൾ ഷോട്ടിന് ശ്രമിച്ച കോലിയെ ലബൂഷെയ്ൻ ക്യാച്ചെടുത്ത് പുറത്താക്കി. 116 പന്തുകൽനിന്ന് ആറുഫോറിന്റെ അകമ്പടിയോടെ 85 റൺസെടുത്ത് ടീമിന് വിജയമുറപ്പിച്ച ശേഷമാണ് കോലി ക്രീസ് വിട്ടത്.

കോലിക്ക് പകരം ഹാർദിക് പാണ്ഡ്യ ക്രീസിലെത്തി. പാണ്ഡ്യ വന്നതോടെ ഇന്ത്യ ബാറ്റിങ്ങിന്റെ വേഗം കൂട്ടി. ഹാർദിക്കിനെ കൂട്ടുപിടിച്ച് രാഹുൽ ഇന്ത്യയെ വിജയത്തിലെത്തിച്ചു. രാഹുൽ 115 പന്തുകളിൽ നിന്ന് എട്ട് ഫോറിന്റെയും രണ്ട് സിക്സിന്റെയും സഹായത്തോടെ 97 റൺസെടുത്ത് പുറത്താവാതെ നിന്നു. ഹാർദിക് 11 റൺസ് നേടി. ഓസ്ട്രേലിയയ്ക്ക് വേണ്ടി ജോഷ് ഹെയ്സൽവുഡ് മൂന്ന് വിക്കറ്റെടുത്തപ്പോൾ മിച്ചൽ സ്റ്റാർക്ക് ഒരു വിക്കറ്റ് സ്വന്തമാക്കി.

നേരത്തെ ഇന്ത്യൻ സ്പിന്നർമാരുടെ പ്രകടനമായിരുന്നു ഓസ്‌ട്രേലിയയെ ചെറിയ സ്‌കോറിൽ ഒതുക്കിയത്. ഇന്ത്യക്കായി പന്തെറിഞ്ഞവർക്കെല്ലാം വിക്കറ്റ് ലഭിച്ചപ്പോൾ പത്തോവറിൽ 28 റൺസ് മാത്രം വഴങ്ങി മൂന്നുവിക്കറ്റുമായി രവീന്ദ്ര ജഡേജ മികച്ചുനിന്നു. ജസ്പ്രീത് ബുംറ, കുൽദീപ് യാദവ് എന്നിവർ രണ്ടുവീതവും രവിചന്ദ്ര അശ്വിൻ, മുഹമ്മദ് സിറാജ്, ഹാർദിക് പാണ്ഡ്യ എന്നിവർ ഓരോ വിക്കറ്റും നേടി. സ്‌കോർ ബോർഡിൽ അഞ്ച് റൺസ് ആയപ്പോഴേക്കും ഓസ്ട്രേലിയക്ക് ആദ്യ വിക്കറ്റ് നഷ്ടമായിരുന്നു.

ആറ് പന്ത് നേരിട്ടിട്ടും അക്കൗണ്ട് തുറക്കാനാവാതിരുന്ന മിച്ചൽ മാർഷിനെ ബുംറയുടെ പന്തിൽ കോഹ്ലി പിടികൂടുകയായിരുന്നു. തുടർന്ന് ഡേവിഡ് വാർണറും സ്റ്റീവൻ സ്മിത്തും ചേർന്ന് ടീമിനെ കരകറ്റാൻ ശ്രമിക്കുന്നതിനിടെ 52 പന്തിൽ 41 റൺസെടുത്ത വാർണറെ സ്വന്തം ബാളിൽ പിടികൂടി കുൽദീപ് യാദവ് കൂട്ടുകെട്ട് പൊളിച്ചു. തുടർന്ന് ജഡേജയുടെ ഊഴമായിരുന്നു.

71 പന്തിൽ 46 റൺസെടുത്ത സ്റ്റീവൻ സ്മിത്തിനെ ബൗൾഡാക്കിയ ജദേജ, മാർനസ് ലബൂഷെയ്നെ വിക്കറ്റ് കീപ്പർ കെ.എൽ രാഹുലിന്റെ കൈയിലെത്തിച്ചു. 41 പന്തിൽ 27 റൺസായിരുന്നു ലബൂഷെയ്നിന്റെ സംഭാവന. അലക്സ് കാരിയെ റണ്ണെടുക്കും മുമ്പും ജദേജ തിരിച്ചയച്ചതോടെ സന്ദർശകർ അഞ്ചിന് 119 എന്ന നിലയിലേക്ക് വീണു.

25 പന്തിൽ 15 റൺസെടുത്ത ഗ്ലെൻ മാക്സ് വെല്ലിന്റെ സ്റ്റമ്പ് കുൽദീപ് യാദവ് തെറിപ്പിച്ചപ്പോൾ എട്ട് റൺസെടുത്ത കാമറൂൺ ഗ്രീനിനെ അശ്വിൻ പാണ്ഡ്യയുടെ കൈയിലെത്തിച്ചു. 24 പന്തിൽ 15 റൺസെടുത്ത ക്യാപ്റ്റൻ പാറ്റ് കമ്മിൻസിനെ ബുംറയുടെ പന്തിൽ ശ്രേയസ് അയ്യർ പിടികൂടിയതോടെ ഓസീസ് എട്ടിന് 165 എന്ന ദയനീയ നിലയിലേക്ക് വീണു. ആറ് റൺസെടുത്ത ആദം സാംബയെ രണ്ടാം വരവിലെത്തിയ പാണ്ഡ്യ കോഹ്ലിയുടെ കൈയിലെത്തിച്ചു.

അവസാന ഘട്ടത്തിൽ പിടിച്ചുനിന്ന മിച്ചൽ സ്റ്റാർക്കിന്റെ ബാറ്റിങ്ങാണ് സ്‌കോർ 199ൽ എത്തിച്ചത്. 35 പന്ത് നേരിട്ട് 28 റൺസെടുത്ത താരത്തെ മുഹമ്മദ് സിറാജിന്റെ പന്തിൽ ശ്രേയസ് അയ്യർ പിടികൂടിയതോടെ ഓസീസ് ഇന്നിങ്സിനും വിരാമമായി. ഒരു റൺസുമായി ജോഷ് ഹേസൽവുഡ് പുറത്താകാതെ നിന്നു.