ന്യൂഡൽഹി: ലോകകപ്പിൽ സെമിഫൈനൽ ലൈനപ്പായി. മുംബൈയിലെ വാങ്കഡെ സ്റ്റേഡിയത്തിൽ, ബുധനാഴ്ച ഇന്ത്യ, ന്യൂസിലൻഡിനെ നേരിടും. വ്യാഴാഴ്ച മറ്റൊരു സെമിയിൽ ഈഡൻ ഗാർഡൻസിൽ, ദക്ഷിണാഫ്രിക്ക ഓസ്‌ട്രേലിയയുമായി ഏറ്റുമുട്ടും. ബാബർ അസം നയിക്കുന്ന പാക്കിസ്ഥാൻ ലോക കപ്പിൽ നിന്ന് ഔദ്യോഗികമായി പുറത്തായതോടെയാണ് സെമി ലൈനപ്പിന് സ്ഥിരീകരണമായത്. ഇംഗ്ലണ്ടിന് എതിരെ 6.4 ഓവറിൽ 338 റൺസ് എന്ന അസാധ്യ ലക്ഷ്യം കുറിക്കപ്പെട്ടതോടെയാണ് പാക് ടീമിന് ചുവപ്പ് കൊടി വീശിയത്.

40 പന്തിൽ 40 സിക്‌സ് അടിച്ചാൽ പോലും 240 റൺസേ എടുക്കാൻ സാധിക്കൂ എന്ന സാഹചര്യത്തിൽ, അവസാന നാലിൽ പാക്കിസ്ഥാൻ എത്തില്ലെന്ന് ഉറപ്പാവുകയായിരുന്നു. ശ്രീലങ്കയ്ക്ക് എതിരെയുള്ള വ്യാഴാഴ്ചത്തെ ന്യൂസിലൻഡിന്റെ ജയത്തോടെ, 2019 ലെ റണ്ണർ അപ്പുകൾ സെമിയിൽ സ്ഥാനം ഉറപ്പിച്ചിരുന്നു. എന്നിരുന്നാലും പാക്കിസ്ഥാനും അഫ്ഗാനിസ്ഥാനും കണക്കുകളിലെ കളികളിലൂടെ അവസാന നാലിൽ എത്താമായിരുന്നു. അവസാനത്തെ റൗണ്ട് റോബിൻ മാച്ചുകൾ വന്മാർജിനിൽ വിജയിക്കുകയെന്നതായിരുന്നു കടമ്പ.

വെള്ളിയാഴ്ച ദക്ഷിണാഫ്രിക്കയോട് തോറ്റതോടെ അഫ്ഗാന്റെ കഥ കഴിഞ്ഞു. ശനിയാഴ്ച പാക്കിസ്ഥാന് ഒരു അദ്ഭുതം ആവശ്യമായിരുന്നു. 9 വിക്കറ്റ് നഷ്ടത്തിൽ ഇംഗണ്ട് 337 റൺസ് സ്വരുക്കൂട്ടിയതോടെ, വിജയലക്ഷ്യം പ്രായോഗികമല്ലാതായി. 6.4 ഓവറിൽ പാക്കിസ്ഥാൻ രണ്ടുവിക്കറ്റ് നഷ്ടത്തിൽ 30 റൺസ് മാത്രമാണ് എടുത്തിരുന്നത്. 1992 ലെ ചാമ്പ്യന്മാരായ പാക്കിസ്ഥാന് ടോസ് നേടി ബാറ്റ് ചെയ്തിരുന്നെങ്കിൽ ഒരുപക്ഷേ ഒരുകൈ നോക്കാനുള്ള അവസരം ഉണ്ടായിരുന്നു. മികച്ച ടോട്ടൽ പടുത്തുയർത്തി, ഏകദേശം 287 റൺസിന്റെ മാർജിനിൽ ജയത്തിനായി ലക്ഷ്യമിടാമായിരുന്നു.

2019 ലെ ലോക കപ്പിൽ സെമിയിൽ ന്യൂസിലൻഡിനോട് പരാജയപ്പെട്ട ചരിത്രമാണ് ഇന്ത്യക്കുള്ളത്. ഇത്തവണ കളിക്കാരെല്ലാം മികച്ച ഫോമിലായതുകൊണ്ട് തന്നെ ടീം ഇന്ത്യ കൂടുതൽ കരുത്തരാണ്.

സെമിയിൽ ആദ്യം ബൗൾ ചെയ്യുന്നതാണോ ബാറ്റ് ചെയ്യുന്നതാണോ നല്ലതെന്ന ചോദ്യത്തിന് കോച്ച് രാഹുൽ ദ്രാവിഡ് പറഞ്ഞത് ടീം ഇന്ത്യ രണ്ടിലും കേമന്മാരാണ് എന്നാണ്. ആദ്യ നാലോ അഞ്ചോ ഗെയിമിൽ നമ്മൾ ആദ്യം ബാറ്റ് ചെയ്തു, അവസാന മൂന്നിൽ ചേസ് ചെയ്യേണ്ടി വന്നു. രണ്ടായാലും ടീമിന് പ്രശ്‌നമില്ല, ദ്രാവിഡ് പറഞ്ഞു.

വിക്കറ്റ് കണ്ട ശേഷം ഇക്കാര്യത്തിൽ തീരുമാനമെടുക്കു എന്നും ദ്രാവിഡ് കൂട്ടിച്ചേർത്തു. രണ്ടായാലും നേട്ടവും കോട്ടവും ഉണ്ടാവാം. എന്തായാലും ടോസ് നമ്മുടെ കയ്യിലല്ല. വിക്കറ്റ് കണ്ട ശേഷം രോഹിത് ശർമ എന്തു തീരുമാനിക്കുന്നോ അതുമായി മുന്നോട്ടുപോകും, ദ്രാവിഡ് പറഞ്ഞു.

ഇംഗ്ലണ്ടിന് 93 റൺസ് ജയം

ഈഡൻ ഗാർഡൻസിലെ കളിയിൽ ഇംഗ്ലണ്ട് 93 റൺസിന് ജയിച്ചു. സ്‌കോർ: ഇംഗ്ലണ്ട് -337-9, പാക്കിസ്ഥാൻ: 244(43.3 ഓവർ)

പാക്കിസ്ഥാന് തുടക്കത്തിൽ തന്നെ തിരിച്ചടി നേരിട്ടു. വെറും 10 റൺസിനിടെ ഓപ്പണർമാരായ അബ്ദുള്ള ഷഫീഖ് (0) ഫഖർ സമാൻ (1) എന്നിവർ പുറത്തായി. പിന്നാലെ ക്രീസിലൊന്നിച്ച ബാബർ അസം-മുഹമ്മദ് റിസ്വാൻ സഖ്യം ടീം സ്‌കോർ 50 കടത്തി. എന്നാൽ 38 റൺസെടുത്ത ബാബറും 36 റൺസ് നേടിയ റിസ്വാനും പെട്ടെന്ന് പുറത്തായി.

പിന്നാലെ വന്ന സൗദ് ഷക്കീലും സൽമാൻ അലി ആഘയും ചേർന്ന് രക്ഷാപ്രവർത്തനം ആരംഭിച്ചെങ്കിലും ഫലം കണ്ടില്ല. 29 റൺസെടുത്ത സൗദിനെ ആദിൽ റഷീദ് പുറത്താക്കി. മറുവശത്ത് സൽമാൻ അർധസെഞ്ചുറി നേടി. ടീമിന്റെ ടോപ് സ്‌കോററും സൽമാനാണ്. 51 റൺസെടുത്ത് സൽമാനും പുറത്തായതോടെ പാക്കിസ്ഥാന്റെ വിജയപ്രതീക്ഷകൾ അവസാനിച്ചു.

വാലറ്റത്ത് 25 റൺസുമായി ഷഹീൻ അഫ്രീദി പൊരുതിയെങ്കിലും ടീം അപ്പോഴേക്കും വിജയത്തിൽ നിന്ന് ഏറെ അകന്നിരുന്നു. അവസാന വിക്കറ്റിൽ മുഹമ്മദ് വസീമും ഹാരിസ് റൗഫും ആക്രമിച്ചുകളിച്ചു. ഇരുവരും അർധസെഞ്ചുറി കൂട്ടുകെട്ടും പടുത്തുയർത്തി. അവസാന വിക്കറ്റ് വീഴ്‌ത്താനായി ഇംഗ്ലണ്ട് കുറച്ചൊന്നുമല്ല കഷ്ടപ്പെട്ടത്. ഒടുവിൽ 23 പന്തിൽ 35 റൺസെടുത്ത റൗഫിനെ ക്രിസ് വോക്സ് പുറത്താക്കി. 16 റൺസുമായി വസിം പുറത്താവാതെ നിന്നു. ഇംഗ്ലണ്ടിനായി ഡേവിഡ് വില്ലി മൂന്ന് വിക്കറ്റെടുത്തപ്പോൾ അദിൽ റഷീദ്, ഗസ് അറ്റ്കിൻസൺ, മോയിൻ അലി എന്നിവർ രണ്ട് വിക്കറ്റ് വീതം സ്വന്തമാക്കി.

ടോസ് നേടി ബാറ്റിംഗിനെത്തിയ ഇംഗ്ലണ്ടിന് ബെൻ സ്റ്റോക്‌സിന്റെ (84) ഇന്നിങ്‌സാണ് തുണയയായത്. ജോ റൂട്ട് (60), ജോണി ബെയർ‌സ്റ്റോ (59) എന്നിവരും മികച്ച പ്രകടനം പുറത്തെടുത്തു. പാക്കിസ്ഥാന് വേണ്ടി ഷഹീൻ അഫ്രീദി മൂന്നും ഹാരിസ് റൗഫ്, മുഹമ്മദ് വസീം എന്നിവർ രണ്ടും വിക്കറ്റും വീഴ്‌ത്തി.

ടോസ് നേടിയ ഇംഗ്ലണ്ട് ബാറ്റിങ് തിരഞ്ഞെടുത്തപ്പോൾത്തന്നെ പാക്കിസ്ഥാന്റെ സെമി സാധ്യതകൾ മങ്ങി. ആദ്യം ബാറ്റുചെയ്ത് 287 റൺസിന്റെ വിജയം നേടിയിരുന്നെങ്കിൽ പാക്കിസ്ഥാന് സെമിയിലെത്താമായിരുന്നു. എന്നാൽ അത് നടന്നില്ല. ഇതോടെ പാക് ക്യാമ്പിൽ നിരാശപകർന്നു. ടോസ് നേടിയ ഇംഗ്ലണ്ടിനായി മികച്ച തുടക്കമാണ് ഓപ്പണർമാരായ ജോണി ബെയർ‌സ്റ്റോയും ഡേവിഡ് മലാനും ചേർന്ന് നൽകിയത്. ഇരുവരും ആദ്യ വിക്കറ്റിൽ 82 റൺസ് ചേർത്തു. 31 റൺസെടുത്ത് മലാൻ പുറത്തായെങ്കിലും മറുവശത്ത് ബെയർ‌സ്റ്റോ അർധസെഞ്ചുറി നേടി. താരം 59 റൺസെടുത്ത് മടങ്ങി.

മലാനെ പുറത്താക്കി ഇഫ്തിഖർ അഹമ്മദ് പാക്കിസ്ഥാന് ബ്രേക്ക് ത്രൂ നൽകി. തുടർന്നെത്തിയത് ജോ റൂട്ട. എന്നാൽ ബെയർ‌സ്റ്റോയ്ക്ക് അധികനേരം പിടിച്ചുനിൽക്കാനായില്ല. ഹാരിസ് റൗഫിന്റെ പന്തിൽ പുറത്ത്. നാലാം വിക്കറ്റിൽ റൂട്ട് - സ്റ്റോക്‌സ് സഖ്യം 132 റൺസ് കൂട്ടിചേർത്തു.

ജോ റൂട്ടും ബെൻ സ്റ്റോക്‌സും തകർപ്പൻ കൂട്ടുകെട്ട് പടുത്തുയർത്തിയതോടെ പാക്കിസ്ഥാൻ വിയർത്തു. ഇരുവരും ടീം സ്‌കോർ 240-ൽ എത്തിച്ചു. മൂന്നാം വിക്കറ്റിൽ 132 റൺസിന്റെ കൂട്ടുകെട്ടാണ് റൂട്ടും സ്റ്റോക്‌സും സൃഷ്ടിച്ചത്. എന്നാൽ സ്റ്റോക്‌സിനെ പുറത്താക്കി ഷഹീൻ അഫ്രീദി ഈ കൂട്ടുകെട്ട് പൊളിച്ചു. 76 പന്തിൽ 11 ഫോറിന്റെയും രണ്ട് സിക്‌സിന്റെയും സഹായത്തോടെ 84 റൺസാണ് താരം നേടിയത്. തൊട്ടുപിന്നാലെ റൂട്ടും മടങ്ങി. 72 പന്തിൽ 60 റൺസാണ് താരത്തിന്റെ സമ്പാദ്യം.

പിന്നാലെ വന്ന നായകൻ ജോസ് ബട്‌ലർ (27), ഹാരി ബ്രൂക്ക് (30) എന്നിവർ ചേർന്ന് ടീം സ്‌കോർ 300 കടത്തി. മോയിൻ അലി (8) നിരാശപ്പെടുത്തി. അവസാന ഓവറിലെ ഡേവിഡ് വില്ലിയുടെ വെടിക്കെട്ട് പ്രകടനമാണ് ടീം സ്‌കോർ 330 കടത്തിയത്. താരം 14 റൺസാണ് അവസാന ഓവറിൽ അടിച്ചെടുത്തത്. പാക്കിസ്ഥാനുവേണ്ടി ഹാരിസ് റൗഫ് മൂന്ന് വിക്കറ്റെടുത്തപ്പോൾ ഷഹീൻ അഫ്രീദി, മുഹ്‌മദ് വസിം എന്നിവർ രണ്ട് വിക്കറ്റ് വീതം സ്വന്തമാക്കി.