- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വീരോചിതം അപരാജിതരായി സെമിയിലേക്ക് ഇന്ത്യ! ഒമ്പതിൽ ഒമ്പതും നേടി രോഹിതും കൂട്ടരും മുംബൈയിലേക്ക്; വീണത് തുടർച്ചയായി എട്ടു വിജയങ്ങൾ നേടി ഗാംഗുലിയുടെയും കൂട്ടരുടെയും റെക്കോർഡ്; നെതർലൻഡ്‌സിനെ ബംഗളുരുവിൽ തകർത്തത് 160 റൺസിന്; വിക്കറ്റെടുത്തു കോലിയും രോഹിതും
ബംഗളൂരു: ദീപാവലി ദിനത്തിൽ റെക്കോർഡുകൾ തകർത്ത് രോഹിത് ശർമ്മയും കൂട്ടരും. ലോകകപ്പിലെ ലീഗ് റൗണ്ടിൽ തുടർച്ചയായി ഒമ്പത് വിജയങ്ങൾ നേടിയാണ് രോഹിത് ശർമ്മയും സംഘവും സെമിയിലേക്ക് എത്തിയത്. ഇനി മുംബൈയിൽ സെമി ഫൈനൽ വിജയമാണ് ഈ ടീമിന്റെ ലക്ഷ്യം. സെമിയിൽ ന്യൂസിലാന്റാണ് ഇന്ത്യയെ കാത്തിരിക്കുന്നത്. നെതർലൻഡ്‌സിനെ ഇന്ത്യ ബംഗളുരുവിൽ തകർത്തത് 160 റൺസിനാണ്. ബാറ്റു കൊണ്ട് കൂറ്റൻ സ്‌കോർ നേടിയ ശേഷം ഡച്ചുപടയെ ഓൾ ഔട്ടാക്കി. ഇന്ത്യയ്ക്ക് വേണ്ടി വിക്കറ്റെടുത്തവരുടെ കൂട്ടത്തിൽ വിരാട് കോലിയും രോഹിത് ശർമ്മയും ഉണ്ടെന്നതാണ് വിജയത്തിന്റെ പ്രത്യേകത.
ദീപാവലി വെടിക്കെട്ട് സമ്മാനിച്ച ശ്രേയസ്സ് അയ്യരുടെയും കെ.എൽ. രാഹുലിന്റെയും തകർപ്പൻ സെഞ്ച്വറിയുടെ ബലത്തിൽ ഇന്ത്യ 50 ഓവറിൽ നാലു വിക്കറ്റ് നഷ്ടത്തിൽ 410 റൺസെടുത്തിരുന്നു. വിജയം ഉറപ്പിച്ചു കൊണ്ട് തന്നെയാണ് ബൗളിംഗിന് ഇന്ത്യ ഇറങ്ങിയത്. എന്നാൽ, ബാറ്റർമാരെ അകമഴിഞ്ഞു സഹായിക്കുന്ന പിച്ച് തുടക്കത്തിൽ ഫാസ്റ്റ് ബൗളർമാർക്ക് അനുകൂലമായിരില്ല. എങ്കിലും നെതർലൻസിനെ 47.5 ഓവറിൽ 250 റൺസിന് ഓൾ ഔട്ടാക്കി ടീം ഇന്ത്യ.
നെതർലൻഡ്‌സിനായി അവസാനം വരെ പൊരുതിയ തേജ നിദമണുരു അർധ സെഞ്ച്വറി നേടി ടീമിന്റെ ടോപ് സ്‌കോററായി. 39 പന്തിൽ 54 റൺസെടുത്തു. ഓപ്പണർ വെസ്ലി ബരേസി (അഞ്ച് പന്തിൽ നാല്), മാക്‌സ് ഒഡൗഡ് (42 പന്തിൽ 30), കോളിൻ അക്കർമാനും (32 പന്തിൽ 35) നന്നായി ചെറുത്തുനിന്ന മാക്‌സ് ഓ ഡൗഡും (42 പന്തിൽ 30 റൺസ്), ഏഞ്ചൽ ബ്രെറ്റ് (80 പന്തിൽ 45), സ്‌കോട്ട് എഡ്വേഡ്‌സ് (30 പന്തിൽ 17) ബാസ് ഡീ ലീഡ് (21 പന്തിൽ 12), ലോഗാൻ വാൻ ബീക് (15 പന്തിൽ 16), വാൻ ഡെർ മാർവെ (എട്ടു പന്തിൽ 16), ആര്യൻ ദത്ത് (11 പന്തിൽ അഞ്ച്) എന്നിവരാണ് പുറത്തായ മറ്റു താരങ്ങൾ.
മൂന്നു റണ്ണുമായി പോൾ വാൻ മീകേരെൻ പുറത്താകാതെ നിന്നു. ഇന്ത്യക്കായി ജസ്പ്രീത് ബുംറ, മുഹമ്മദ് സിറാജ്, കുൽദീപ് യാദവ്, രവീന്ദ്ര ജദേജ എന്നിവർ രണ്ടു വിക്കറ്റ് വീതവും കോഹ്ലി, രോഹിത്ത് ശർമ എന്നിവർ ഒരു വിക്കറ്റ് വീതവും നേടി. ഈ ലോകകപ്പിലെ ഉയർന്ന സ്‌കോറാണ് ഇന്ത്യ ഇന്ന് കുറിച്ചത്. 94 പന്തിൽ 128 റൺസുമായി ശ്രേയസ്സ് പുറത്താകാതെ നിന്നു. അഞ്ചു സിക്‌സും 10 ഫോറുമടങ്ങുന്നതാണ് ഇന്നിങ്‌സ്. 84 പന്തിലാണ് താരം സെഞ്ച്വറി കുറിച്ചത്. കരിയറിലെ നാലാം ഏകദിന സെഞ്ച്വറി കൂടിയാണിത്.
രാഹുൽ 64 പന്തിൽ 102 റൺസെടുത്തു. നാലു സിക്‌സും 11 ഫോറും. നാലാം വിക്കറ്റിൽ ഇരുവരും ചേർന്ന് നേടിയ 208 റൺസിന്റെ കൂട്ടുകെട്ടാണ് ഇന്ത്യൻ സ്‌കോർ 400 കടത്തിയത്. ടോസ് നേടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യക്കായി ഓപ്പണർമാരായ രോഹിത് ശർമയും ശുഭ്മൻ ഗില്ലും ഗംഭീര തുടക്കം നൽകി. ഇരുവരും ഒന്നാം വിക്കറ്റിൽ 11.5 ഓവറിൽ 100 റൺസാണ് അടിച്ചെടുത്തത്. 32 പന്തിൽ മൂന്ന് ഫോറും നാല് സിക്സുമടക്കം 51 റൺസെടുത്ത ഗില്ലിനെ പോൾ വാൻ മീകെറെൻ പുറത്താക്കി. പിന്നാലെ സൂപ്പർതാരം വിരാട് കോഹ്ലി ക്രീസിലെത്തി. കോലിയെ സാക്ഷിയാക്കി രോഹിത് അർധ സെഞ്ച്വറി നേടി. പിന്നാലെ രോഹിത്തും വീണു. 54 പന്തിൽ എട്ട് ഫോറും രണ്ട് സിക്സും ഉൾപ്പെടെ 61 റൺസെടുത്ത രോഹിത്തിനെ ബാസ് ഡി ലീഡ് പുറത്താക്കി.
ഇന്ത്യ 129 റൺസിന് രണ്ട് വിക്കറ്റ് എന്ന നിലയിലായി. ശ്രേയസ് അയ്യർ ക്രീസിലെത്തി. കോഹ്ലിയും ശ്രേയസ്സും ശ്രദ്ധയോടെ ബാറ്റേന്തി ടീം സ്‌കോർ 200ൽ എത്തിച്ചു. പിന്നാലെ 53 പന്തിൽ 51 റൺസെടുത്ത് കോഹ്ലിയും മടങ്ങി. താരത്തിന്റെ 71ാം അർധ സെഞ്ച്വറിയാണിത്. വാൻ ഡെർ മെർവിന്റെ പന്തിൽ കോഹ്ലി ബൗൾഡാകുകയായിരുന്നു. രണ്ടു റണ്ണുമായി സൂര്യകുമാർ യാദവ് പുറത്താകാതെ നിന്നു. ഡച്ചുകാർക്കായി ബാസ് ഡി ലീഡ് രണ്ടു വിക്കറ്റെടുത്തു. നെതർലൻഡ്‌സ് നേരത്തെ തന്നെ സെമി കാണാതെ പുറത്തായിരുന്നു.
സ്പോർട്സ് ഡെസ്ക്