- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ബാറ്റുകൊണ്ട് വീണ്ടും തിളങ്ങി രചിൻ രവീന്ദ്ര; ഒപ്പം വിൽ യങ്ങും ടോം ലാഥവും! അഞ്ചു വിക്കറ്റു വീഴ്‌ത്തി സാന്റിനർ; നെതർലൻഡ്സിനെ 99 റൺസിന് തകർത്ത് ന്യൂസീലൻഡ്
ഹൈദരാബാദ്: തുടർച്ചയായി രണ്ടാം മത്സരത്തിലും കൂറ്റൻ വിജയം നേടി ന്യൂസിലാന്റ് ഈ ലോകകപ്പിലെ ഏറ്റവും ഫേവറേറ്റുകളായി മാറുന്നു. ബാറ്റു കൊണ്ടും പന്തു കൊണ്ടും ഒരുപോലെ തിളങ്ങിയാണ് കീവിസ് രണ്ടാം വിജയം നേടിയത്. നെതർലൻസിനെ 99 റൺസിനാണ് കിവികൾ തോൽപ്പിച്ചത്. ബാറ്റെടുത്ത് വിൽ യങ്ങും രചിൻ രവീന്ദ്രയും ക്യാപ്റ്റൻ ടോം ലാഥവും തിളങ്ങിയപ്പോൾ ബോളു കൊണ്ട് മിച്ചൽ സാന്റ്നറും മികച്ച പ്രകടനം പുറത്തെടുത്തു. ഇതോടെ ഉജ്ജ്വല വിജയം കരസ്ഥമാക്കുകയായിരുന്നു. 323 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ഡച്ച് ടീമിനെ 46.3 ഓവറിൽ 223 റൺസിന് ഓൾഔട്ടാക്കി.
73 പന്തിൽ നിന്ന് അഞ്ച് ബൗണ്ടറിയടക്കം 69 റൺസെടുത്ത കോളിൻ അക്കെർമാൻ മാത്രമാണ് ഡച്ച് ടീമിനായി പൊരുതിയത്. ക്യാപ്റ്റൻ സ്‌കോട്ട് എഡ്വേർഡ്സ് 27 പന്തിൽ നിന്ന് 30 റൺസെടുത്തു. ഏഴാമൻ സൈബ്രാൻഡ് ഏംഗൽബ്രെക്ട് 29 റൺസെടുത്ത് പുറത്തായി. സ്പിന്നർമാർ തിളങ്ങുന്ന ഇത്തവണത്തെ ലോകകപ്പിൽ ഡച്ച് ടീമിന്റെ നടുവൊടിച്ചത് കിവീസിന്റെ ഇടംകൈയൻ സ്പിന്നർ മിച്ചൽ സാന്റ്നറാണ്. 10 ഓവറിൽ 56 റൺസ് വഴങ്ങിയ സാന്റ്നർ അഞ്ച് വിക്കറ്റ് വീഴ്‌ത്തി. മാറ്റ് ഹെൻ റി മൂന്ന് വിക്കറ്റെടുത്തു.
വിക്രംജിത്ത് സിങ് (12), മാക്സ് ഒഡൗഡ് (16), ബാസ് ഡെലീഡ (18), തേജ നിതമാനുരു (21) എന്നിവർക്കാർക്കും തന്നെ ഭേദപ്പെട്ട പ്രകടനം പുറത്തെടുക്കാനായില്ല. നേരത്തേ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ന്യൂസീലൻഡ് 50 ഓവറിൽ ഏഴു വിക്കറ്റ് നഷ്ടത്തിൽ 322 റൺസെടുത്തിരുന്നു. വിൽ യങ്, രചിൻ രവീന്ദ്ര, ക്യാപ്റ്റൻ ടോം ലാഥം എന്നിവരുടെ അർധ സെഞ്ചുറികളാണ് കിവീസിനെ മികച്ച സ്‌കോറിലെത്തിച്ചത്.
ഓപ്പണിങ് വിക്കറ്റിൽ ഡെവോൺ കോൺവെയ്‌ക്കൊപ്പം 67 റൺസിന്റെ കൂട്ടുകെട്ട് പടുത്തുയർത്തിയാണ് യങ് തുടങ്ങിയത്. കഴിഞ്ഞ മത്സരത്തിൽ തകർപ്പൻ സെഞ്ചുറി നേടിയ കോൺവെയ്ക്ക് ഡച്ച് ടീമിനെതിരേ 40 പന്തിൽ നിന്ന് 32 റൺസെടുക്കാനേ സാധിച്ചുള്ളൂ. കോൺവെ പുറത്തായ ശേഷം രണ്ടാം വിക്കറ്റിൽ രചിനെ കൂട്ടുപിടിച്ച് 77 റൺസും യങ് കൂട്ടിച്ചേർത്തു. 80 പന്തിൽ നിന്ന് രണ്ട് സിക്‌സും ഏഴ് ഫോറുമടക്കം 70 റൺസെടുത്ത യങ്ങിനെ മടക്കി പോൾ വാൻ മീകെരനാണ് ഈ കൂട്ടുകെട്ട് പൊളിച്ചത്. 51 പന്തുകൾ നേരിട്ട രചിൻ രവീന്ദ്ര ഒരു സിക്‌സും മൂന്ന് ഫോറുമടക്കം 51 റൺസെടുത്ത് പുറത്തായി.
ഇരുവരും പുറത്തായ ശേഷം നാലാം വിക്കറ്റിൽ ഒന്നിച്ച ഡാരിൽ മിച്ചലും ടോം ലാഥവും കിവീസ് ഇന്നിങ്‌സ് ശ്രദ്ധയോടെ മുന്നോട്ടുകൊണ്ടുപോയി. 53 റൺസ് ഇരുവരും ചേർന്ന് കൂട്ടിച്ചേർത്തു. 47 പന്തിൽ നിന്ന് രണ്ട് സിക്‌സും അഞ്ച് ഫോറുമടക്കം 48 റൺസെടുത്ത മിച്ചലിനെ പുറത്താക്കി ഈ കൂട്ടുകെട്ടും പോൾ വാൻ മീകെരനൻ പൊളിച്ചു. എന്നാൽ തുടർന്നെത്തിയ ഗ്ലെൻ ഫിലിപ്‌സും (4), മാർക്ക് ചാപ്മാനും (5) നിരാശപ്പെടുത്തി. അവസാന ഓവറുകളിൽ സ്‌കോർ ഉയർത്താൻ ശ്രമിക്കുന്നതിനിടെ ടോം ലാഥവും പുറത്തായി. 46 പന്തിൽ നിന്ന് ഒരു സിക്‌സും ആറ് ഫോറുമടക്കം 53 റൺസെടുത്ത ലാഥത്തെ സ്‌കോട്ട് എഡ്വേർഡ്‌സ് ആര്യൻ ദത്തിന്റെ പന്തിൽ സ്റ്റമ്പ് ചെയ്ത് പുറത്താക്കുകയായിരുന്നു.
അവസാന ഓവറുകളിലെ മിച്ചൽ സാന്റ്‌നറുടെ വെടിക്കെട്ടാണ് കിവീസ് ഇന്നിങ്‌സ് 300 കടത്തിയത്. വെറും 17 പന്തുകൾ നേരിട്ട സാന്റ്‌നർ മൂന്ന് ഫോറും രണ്ട് സിക്‌സും പറത്തി 36 റൺസോടെ പുറത്താകാതെ നിന്നു.
സ്പോർട്സ് ഡെസ്ക്