- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിൽ ഇന്ത്യയെ മറികടന്ന് ഓസീസ് വീണ്ടും ഒന്നാമത്; ഓസീസിന് തുണയായത് പാക്കിസ്ഥാനെതിരായ പരമ്പര വിജയം
സിഡ്‌നി: ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിൽ ഇന്ത്യയെ മറികടന്ന് ഓസ്‌ട്രേലിയ വീണ്ടും മുന്നിൽ. പാക്കിസ്ഥാനെതിരായ ടെസ്റ്റ് പരമ്പര തൂത്തുവാരിയതോടെയാണ് ഓസ്‌ട്രേലിയ വീണ്ടും ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിൽ ഒന്നാം സ്ഥാനം തിരിച്ചുപിടിച്ചത്. മൂന്നാമത്തെയും അവസാനത്തെയും ടെസ്റ്റിൽ എട്ടു വിക്കറ്റിനാണ് ഓസീസ് ജയം.
ഇന്ത്യയെ മറികടന്നാണ് നിലവിലെ ലോക ടെസ്റ്റ് ചാമ്പ്യന്മാർ ഒന്നാമതെത്തിയത്. ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് 2023-25 ടേബിളിൽ 56.25 പോയന്റ് ശതമാനവുമായാണ് ആസ്‌ട്രേലിയ ഒന്നാമതെത്തിയത്. എട്ടു ടെസ്റ്റുകളിൽ ഓസീസിന്റെ അഞ്ചാം ജയമാണിത്. നേരത്തെ, കേപ്ടൗണിൽ ദക്ഷിണാഫ്രിക്കക്കെതിരെ ചരിത്ര ജയം നേടിയതിനു പിന്നാലെയാണ് ഇന്ത്യ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിൽ ഒന്നാം സ്ഥാനത്തെത്തിയത്.
നിലവിൽ 54.16 പോയന്റ് ശതമാനവുമായി ഇന്ത്യ രണ്ടാം സ്ഥാനത്താണ്. നാലു ടെസ്റ്റുകളിൽ രണ്ടെണ്ണത്തിൽ മാത്രമാണ് ഇന്ത്യ ജയിച്ചത്. 50 പോയന്റ് വീതമുള്ള ദക്ഷിണാഫ്രിക്ക, ന്യൂസിലാൻഡ്, ബംഗ്ലാദേശ് ടീമുകളാണ് യഥാക്രമം മൂന്ന്, നാല്, അഞ്ച് സ്ഥാനങ്ങളിലുള്ളത്. ആസ്‌ട്രേലിയക്കെതിരായ മൂന്നു ടെസ്റ്റുകളും തോറ്റ പാക്കിസ്ഥാൻ ആറാം സ്ഥാനത്തേക്ക് വീണു. 36.66 പോയന്റ്.
നേരത്തെ, സെഞ്ചൂറിയനിൽ നടന്ന ടെസ്റ്റിൽ ദക്ഷിണാഫ്രിക്കയോട് ഇന്നിങ്‌സ് തോൽവി ഏറ്റുവാങ്ങിയ ഇന്ത്യ ആറാം സ്ഥാനത്തേക്ക് പോയിരുന്നു. ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിന്റെ ആദ്യ രണ്ട് തവണയും ഇന്ത്യ ഫൈനലിലെത്തിയിരുന്നെങ്കിലും കപ്പുയർത്താനായിരുന്നില്ല. വെള്ളിയാഴ്ച ലോക ടെസ്റ്റ് റാങ്കിലും ഇന്ത്യയെ മറികടന്ന് ഓസീസ് ഒന്നാമതെത്തിയിരുന്നു.
ഐ.സി.സി പുറത്തുവിട്ട പുതിയ റാങ്ക് പട്ടികയിൽ 118 റേറ്റിങ്ങുമായാണ് ഓസീസ് ഒന്നാം സ്ഥാനത്തെത്തിയത്. രണ്ടാമതുള്ള ഇന്ത്യയുടെ റേറ്റിങ് 117 ആണ്. 115 റേറ്റിങ്ങുമായി ഇംഗ്ലണ്ട് മൂന്നാമതും 106 റേറ്റിങ്ങുമായി ദക്ഷിണാഫ്രിക്ക് നാലാമതുമാണ്.
സ്പോർട്സ് ഡെസ്ക്