ഓവൽ: ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിൽ പിടിമുറുക്കി ഓസ്‌ട്രേലിയ. ഓസിസിന്റെ ഒന്നാം ഇന്നിങ്‌സ് സ്‌കോറായ 469 റൺസ് പിന്തുടരുന്ന ഇന്ത്യ രണ്ടാം ദിനം മത്സരം അവസാനിക്കുമ്പോൾ ഇന്ത്യ അഞ്ചുവിക്കറ്റ് നഷ്ടത്തിൽ 151 റൺസ് എന്ന നിലയിലാണ്. ഓസീസ് ആദ്യ ഇന്നിങ്സിൽ നേടിയ സ്‌കോറിനേക്കാൾ 318 റൺസ് പിറകിലാണ് ഇന്ത്യ. 29 റൺസുമായി അജിങ്ക്യ രഹാനെയും അഞ്ചുറൺസ് നേടി ശ്രീകർ ഭരതുമാണ് ക്രീസിലുള്ളത്. ക്യാപ്റ്റൻ രോഹിത് ശർമ, ശുഭ്മാൻ ഗിൽ, ചേതേശ്വർ പൂജാര, വിരാട് കോലി, രവീന്ദ്ര ജഡേജ എന്നിവരുടെ വിക്കറ്റുകളാണ് ഇന്ത്യക്ക് രണ്ടാം ദിനം നഷ്ടമായത്. 48 റൺസെടുത്ത ജഡേജയാണ് ഇന്ത്യയുടെ ടോപ് സ്‌കോറർ.

ഓസീസ് സ്‌കോറിന് മറുപടി പറയാനിറങ്ങിയ ഇന്ത്യ ആദ്യ മൂന്നോവറിൽ 22 റൺസടിച്ച് നല്ല തുടക്കമാണിട്ടത്. മിച്ചൽ സ്റ്റാർക്ക് എറിഞ്ഞ ആദ്യ ഓവറിലെ രണ്ടാം പന്ത് തന്നെ ബൗണ്ടറി കടത്തിയാണ് രോഹിത് ശർമ തുടങ്ങിയത്. കമിൻസിനെ ഗില്ലും പിന്നാലെ സ്റ്റാർക്കിനെ വീണ്ടും രോഹിത്തും ബൗണ്ടറി കടത്തിയതോടെ ഇന്ത്യ ആവേശത്തിലായി. എന്നാൽ ആവേശത്തിന് അധികം ആയുസുണ്ടായില്ല. ആറാം ഓവറിൽ ഗിൽ കമിൻസിനെ ബൗണ്ടറി കടത്തിയതിന് പിന്നാലെ രോഹിത് ശർമ വിക്കറ്റിന് മുന്നിൽ കുടുങ്ങി. 26 പന്തിൽ 15 റൺസാണ് ഇന്ത്യൻ നായകന്റെ സംഭാവന. അടുത്ത ഓവറിൽ സ്‌കോട് ബോളൻഡിന്റെ ഓഫ് സ്റ്റംപിലെത്തിയ പന്ത് ലീവ് ചെയ്ത ശുഭ്മാൻ ഗില്ലിന് പിഴച്ചു. അകത്തേക്ക് തിരിഞ്ഞ പന്തിൽ ഗില്ലിന്റെ മിഡിൽ സ്റ്റംപിളകി.

അടുത്തടുത്ത ഓവറുകളിൽ രണ്ട് വിക്കറ്റ് നഷ്ടമായതോടെ 30-2ലേക്ക് വീണ ഇന്ത്യ പതറി. നാലാം നമ്പറിലെത്തിയ വിരാട് കോലിയും ചേതേശ്വർ പൂജാരയും ചേർന്ന് കൂടുതൽ നഷ്ടങ്ങളില്ലാതെ ഇന്ത്യയെ 37ൽ എത്തിച്ച് ചായക്ക് പിരിഞ്ഞു. എന്നാൽ ചായക്ക് പിന്നാലെ ഗിൽ പുറത്തായതിന്റെ ആക്ഷൻ റീപ്ലേ പോലെ കാമറൂൺ ഗ്രീനിന്റെ ലീവ് ചെയ്ത പന്തിൽ ചേതേശ്വർ പൂജാര ബൗൾഡായി.14 റൺസായിരുന്നു പൂജാരയുടെ സംഭാവന.

വിരാട് കോലി പിടിച്ചു നിൽക്കുമെന്ന് കരുതിയെങ്കിലും മിച്ചൽ സ്റ്റാർക്കിന്റെ അപ്രതീക്ഷിത ബൗൺസിൽ കോലി സ്ലിപ്പിൽ സ്റ്റീവ് സ്മിത്തിന്റെ കൈകളിലെത്തി. 14 റൺസായിരുന്നു കോലി നേടിയത്. 71-4ലേക്ക് വീണ ഇന്ത്യയ ജഡേജയും രഹാനെയും ചേർന്ന് അർധസെഞ്ചുറി കൂട്ടുകെട്ടുയർത്തി 100 കടത്തി. 71 റൺസിന്റെ കൂട്ടുകെട്ടിന് പിന്നാലെ നേഥൻ ലിയോണിന്റെ പന്തിൽ സ്മിത്തിന് ക്യാച്ച് നൽകി ജഡേജയും(48) വീണോതോടെ ഇന്ത്യയുടെ നടുവൊടിഞ്ഞു. കമിൻസിന്റെ നോബോളിൽ വിക്കറ്റിന് മുന്നിൽ കുടുങ്ങിയ രഹാനെ രക്ഷപ്പെട്ടത് ഇന്ത്യക്ക് ആശ്വാസമായെങ്കിലും തള്ളവിരലിൽ പന്തുകൊണ്ട രഹാനെ പരിക്കുമായാണ് ബാറ്റ് ചെയ്തത്. ഓസീസിനായി പന്തെറിഞ്ഞ സ്റ്റാർക്കും കമിൻസും ഗ്രീനും ബോളൻഡും ലിയോണും ഓരോ വിക്കറ്റ് വീതം വീഴ്‌ത്തി.

നേരത്തെ 327/3 എന്ന സ്‌കോറിൽ ക്രീസിലിറങ്ങിയ ഓസീസ് രണ്ടാം ദിനം ലഞ്ചിന് പിന്നാലെ 469ന് ഓൾ ഔട്ടാവുകയായിരുന്നു. രണ്ടാം ദിനം ലഞ്ചിന് പിരിയുമ്പോൾ ഏഴ് വിക്കറ്റ് നഷ്ടത്തിൽ 406 റൺസെന്ന നിലയിൽ പ്രതിരോധിച്ചു നിന്ന ഓസീസിനെ അലക്‌സ് ക്യാരിയും പാറ്റ് കമിൻസും ചേർന്ന് 450 കടത്തിയെങ്കിലും ക്യാരിയെ ജഡേജയും കമിൻസിനെയും ലിയോണിനെയും സിറാജും വീഴ്‌ത്തിയതോടെയാണ് ഓസീസ് പോരാട്ടം അവസാനിച്ചത്. ആദ്യ ദിനം സെഞ്ചുറി നേടിയ ട്രാവിസ് ഹെഡ്, രണ്ടാം ദിനം സെഞ്ചുറിയിലെത്തിയ സ്റ്റീവ് സ്മിത്ത്, കാമറൂൺ ഗ്രീൻ, മിച്ചൽ സ്റ്റാർക്ക് എന്നിവരുടെ വിക്കറ്റുകളാണ് രണ്ടാം ദിനം ആദ്യ സെഷനിൽ ഓസീസിന് നഷ്ടമായിരുന്നു. ഇന്ത്യക്കായി സിറാജ് നാലു വിക്കറ്റെടുത്തപ്പോൾ ഷാർദ്ദുലും ഷമിയും രണ്ട് വിക്കറ്റ് വീതം വീഴ്‌ത്തി.