- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പ്രഥമ വനിതാ പ്രീമിയർ ലീഗ് മാമാങ്കത്തിന് ഇന്നു തുടക്കം; ഉദ്ഘാടന മത്സരത്തിൽ മുംബൈ ഇന്ത്യൻസും ഗുജറാത്ത് ജയന്റ്സും ഏറ്റുമുട്ടും; ഓൾറൗണ്ട് മികവുമായി ഹർമൻ പ്രീതിന്റെ മുംബൈ സംഘം; ഓസിസ് കരുത്തിൽ പ്രതീക്ഷയർപ്പിച്ച് ഗുജറാത്ത്
മുംബൈ: പ്രഥമ വനിതാ പ്രീമിയർ ലീഗ് മാമാങ്കത്തിന് ഇന്ന് തുടക്കം. മുംബൈയിൽ രാത്രി എട്ടിന് ആരംഭിക്കുന്ന ഉദ്ഘാടന മത്സരത്തിൽ മുംബൈ ഇന്ത്യൻസും ഗുജറാത്ത് ജയന്റ്സും ഏറ്റുമുട്ടും. ഓസീസ് താരം ബേത്ത് മൂണി നയിക്കുന്ന ഗുജറാത്ത് ജയന്റ്സും ഇന്ത്യൻ ക്യാപ്റ്റൻ ഹർമൻപ്രീത് കൗറിന്റെ മുംബൈ ഇന്ത്യൻസും തമ്മിൽ തീപാറും പോരാട്ടമാണ് ആരാധകർ പ്രതീക്ഷിക്കുന്നത്.
ഡിവൈ പാട്ടീൽ സ്റ്റേഡയിയത്തിൽ വൈകീട്ട് ഏഴരയ്ക്കാണ് മത്സരം നിശ്ചയിച്ചിരുന്നത്. എന്നാൽ പുതുക്കിയ സമയപ്രകാരം എട്ട് മണിക്കാണ് മത്സരം ആരംഭിക്കുക. എന്നാൽ സമയം മാറ്റിയതിന്റെ കാരണം വ്യക്തമല്ല. 6.25ന് ഉദ്ഘാടന ചടങ്ങുകൾ ആരംഭിക്കും. നാല് മണി മുതൽ കാണികൾക്ക് സ്റ്റേഡിയത്തില് പ്രവേശിക്കാം.
ഓസ്ട്രേലിയൻ കരുത്തുമായാണ് ഗുജറാത്ത് വരുന്നത്. ക്യാപ്റ്റൻ ബെത്ത് മൂണിക്കൊപ്പം താരലേലത്തിലെ താരങ്ങളിലൊരാളയ ആഷ്ലി ഗാഡ്നറും സംഘത്തിലുണ്ട്. ഡിയാഡ്ര ഡോട്ടിൻ, അന്നെബെൽ സതർലൻഡ് എന്നിങ്ങലെ പ്രതിഭകൾ പലരുമുണ്ട്.
ഇന്ത്യൻ ക്യാപ്റ്റൻ കൂടിയായ ഹർമൻ പ്രീത് കൗറിന്റെ നേതൃത്വത്തിലെത്തുന്ന മുംബൈ സംഘത്തെ ഒരുകൂട്ടം മികച്ച ഓൾറൗണ്ടർമാരുടെ സംഘമെന്ന് വിശേഷിപ്പിക്കാം. നതാലി സ്‌കീവർ ബ്രണ്ട്, ഹെയ്ലി മാത്യൂസ്, അമേലിയ കെർ, പൂജ വസ്ത്രകാർ അങ്ങനെ ബാറ്റിംഗിലും ബോളിംഗിലും കരുത്തരുണ്ട്.
ബാറ്റർമാരെ പിന്തുണയ്ക്കുന്ന പിച്ചിൽ ശരാശരി 160 റൺസിന് മുകളിൽ പ്രതീക്ഷിക്കുന്നുണ്ട്. അഞ്ച് ടീമുകൾ പങ്കെടുക്കുന്ന ലീഗിൽ ആകെ 23 മത്സരങ്ങളാണ് ഉള്ളത്. പോയിന്റ് പട്ടികയിലെ ആദ്യസ്ഥാനക്കാർ നേരിട്ട് ഫൈനലിലേക്ക്. രണ്ടും മൂന്നും സ്ഥാനക്കാർ സെമി ഫൈനലിൽ ഏറ്റുമുട്ടും. മാർച്ച് ഇരുപത്തിയാറിനാണ് ഫൈനൽ.
മുംബൈയിലെ ഡി വൈ പാട്ടീൽ സ്റ്റേഡിയത്തിലും ബ്രാബോൺ സ്റ്റേഡിയത്തിലുമായി ആകെ 22 മത്സരങ്ങൾ. താരലേല പട്ടികയിൽ ഇടംപിടിച്ചത് 448 പേർ. അഞ്ചുടീമുകൾ ഇവരിൽ നിന്ന് സ്വന്തമാക്കിയത് 87 താരങ്ങളെ. രണ്ട് ഇന്ത്യൻ താരങ്ങൾക്കാണ് ടീമിനെ നയിക്കാനുള്ള അവസരം ലഭിച്ചത്. റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനെ സ്മൃതി മന്ദാന നയിക്കും.
മൂന്ന് ഓസ്‌ട്രേലിയൻ താരങ്ങളും ടീമുകളെ നയിക്കുന്നുണ്ട്. യു പി വാരിയേഴ്‌സിന്റെ ക്യാപ്റ്റൻ അലിസ ഹീലിയാണ്. ഡൽഹി ക്യാപിറ്റൽസിനെ മെഗ് ലാനിംഗും ഗുജറാത്ത് ജയന്റ്‌സിനെ ബേത് മൂണിയും നയിക്കും. ഡൽഹിയുടെ മിന്നു മണിയാണ് ലീഗിലെ ഏക കേരളതാരം. ബിജുജോർജ് ഡൽഹിയുടെ ഫീൽഡിങ് പരിശീലകനും. ജുലൻ ഗോസ്വാമി, മിതാലി രാജ്, അൻജു ജെയ്ൻ തുടങ്ങിയവർ പരിശീലകരുടെ റോളിലും വനിതാ പ്രീമിയർ ലീഗിന്റെ പ്രഥമ പതിപ്പിന്റെ ഭാഗമാവും.
ഐ.പി.എൽ നൽകിയ താരപ്രഭയുടെയും പണക്കൊഴുപ്പിന്റെയും വേദിയിലേക്കാണ് വുമൺസ് പ്രീമിയർ ലീഗെന്ന പേരിൽ വനിതാ താരങ്ങളും അരങ്ങേറുന്നത്. ഇന്ത്യൻ വനിതാ താരങ്ങളുടെ മത്സരക്ഷമത കൂട്ടുക, കൂടുതൽ ആഭ്യന്തര താരങ്ങൾക്ക് അവസരം നൽകുക തുടങ്ങിയ ലക്ഷ്യങ്ങളെല്ലാം ടൂർണമെന്റിലൂടെ ബി.സി.സിഐ ലക്ഷ്യമിടുന്നുണ്ട്.
ലീഗ് റൗണ്ടിൽ ഓരോ ടീമും നാലുവീതം ഹോം, എവേ മത്സരങ്ങൾ കളിക്കും. പോയിന്റ് പട്ടികയിലെ ആദ്യ സ്ഥാനത്തെത്തുന്ന ടീം 26ന് നടക്കുന്ന ഫൈനലിലേക്ക് നേരിട്ട് യോഗ്യത നേടും. രണ്ടാം ഫൈനലിസ്റ്റുകളെ നിശ്ചയിക്കുന്നതിനായി രണ്ട്, മൂന്ന് സ്ഥാനക്കാർ തമ്മിലുള്ള എലിമിനേറ്റർ 24നു നടക്കും. ടാറ്റ ടൈറ്റിൽ സ്പോൺസറായ ടൂർണമെന്റ് ജേതാക്കൾക്ക് ആറു കോടിയാണ് സമ്മാനത്തുക. രണ്ടാം സ്ഥാനത്തിന് മൂന്നു കോടിയും മൂന്നാം സ്ഥാനത്തിന് ഒരു കോടിയും ലഭിക്കും.
വയനാട് മാനന്തവാടി സ്വദേശി മിന്നു മണി ഡൽഹി കാപിറ്റൽസ് ടീമിൽ ഇടംനേടിയിട്ടുണ്ട്. 30 ലക്ഷത്തിനാണ് മിന്നുവിനെ ഡൽഹി വിളിച്ചെടുത്തത്. ബാംഗ്ലൂർ 3.4 കോടിക്ക് സ്വന്തമാക്കിയ സ്മൃതി മന്ഥാനയാണ് ടൂർണമെന്റി െവിലയേറിയ താരംം. വനിതാ ടി20 ലോകകപ്പ് ജേതാക്കളായ ആസ്ത്രേലിയയുടെ ആഷ്ലി ഗാർഡ്നറാണ് വിലയേറിയ വിദേശ താരം. 3.2 കോടിക്ക് ഗുജറാത്താണ് താരത്തെ സ്വന്തമാക്കിയത്.
ഗുജറാത്ത് സാധ്യതാ ഇലവൻ: ബേത്ത് മൂണി(ക്യാപ്റ്റൻ), സബിനേനി മേഘന, സോഫി ഡങ്ക്ലി, ആഷ്ലി ഗാർഡ്നർ, ഹേമലത, ഹാർലിൻ ദിയോൾ, സ്നേഹ് റാണ, അന്നബെൽ സതർലൻഡ്, മാൻസി ജോഷി, തനൂജ കൻവാർ, മോണിക്ക പട്ടേൽ/ഹർലി ഗാല.
മുംബൈ സാധ്യതാ ഇലവൻ: ഹർമൻപ്രീത് കൗർ(ക്യാപ്റ്റൻ), യാസ്തിക ഭാട്ടിയ, ഹെയ്ലി മാത്യൂസ്, അമേലിയ കെർ, നഥാലി സ്‌കിവർ, ക്ലോ ട്രയോൺ, ധാര ഗുജ്ജർ, അമൻജോത് കൗർ/ഇസബെല്ലെ വോങ്, നീലം ബിഷ്ത്, പൂജ വസ്ത്രാകർ, സോനം യാദവ്.