മുംബൈ: വനിതാ പ്രീമിയർ ലീഗിൽ റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിനെതിരെ മുംബൈ ഇന്ത്യൻസിന് 156 റൺസ് വിജയലക്ഷ്യം. മുംബൈ, ബ്രാബോൺ സ്റ്റേഡിയത്തിൽ ടോസ് നേടി ബാറ്റിംഗിനെത്തിയ ബാംഗ്ലൂരിനായി വാലറ്റം നടത്തിയ മിന്നുന്ന പ്രകടനമാണ് കരുത്തായത്.

റിച്ചാ ഘോഷ് 28 റൺസും ക്യാപ്റ്റൻ സ്മൃതി മന്ദാന 23 റൺസും നേടി. ഭേദപ്പെട്ട തുടക്കമാണ് ആർസിബിക്ക് ലഭിച്ചത്. ഒന്നാം വിക്കറ്റിൽ മന്ദാന- സോഫി ഡിവൈൻ (16) സഖ്യം 39 റൺസാണ് കൂട്ടിചേർത്തത്. എന്നാൽ അഞ്ചാം ഓവറിൽ സോഫിയെ പുറത്താക്കി സൈക മുംബൈക്ക് ബ്രേക്ക് ത്രൂ നൽകി. അതേ ഓവറിൽ ദിശ കശതിനെയും മടക്കി (0) സൈക മുംബൈയെ തകർച്ചയിലേക്ക് തള്ളിവിട്ടു.

ആറാം ഓവർ എറിയാനെത്തിയ ഹെയ്ലിയും രണ്ട് വിക്കറ്റ് നേടി. മന്ദാനയെ ഇസി വോംഗിന്റെ കൈകളിലെത്തിച്ച ഹെയ്ലി തൊട്ടടുത്ത പന്തിൽ ഹീതർ നൈറ്റിനേയും (0) മടക്കി. ഇതോടെ നാലിന് 43 എന്ന നിലയിലേക്ക് വീണു ആർസിബി.

എല്ലിസ് പെറി (13) റണ്ണൗട്ടാവുകയും ചെയ്തതുടെ പരിതാപകരമായി ആർസിബിയുടെ അവസ്ഥ. എന്നാൽ കനിക അഹൂജ (22), ശ്രേയങ്ക പാട്ടീൽ (23), മേഗൻ ഷട്ട് (20) എന്നിവർ ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തോടെ ആർസിബി സ്‌കോർ 150 കടന്നു. രേണുക സിംഗാണ് (2) പുറത്തായ മറ്റൊരു താരം. പ്രീതി ബോസ് (1) പുറത്താവാതെ നിന്നു. പൂജ വസ്ത്രകർ, നതാലി സ്‌കിവർ എന്നിവർ ഓരോ വിക്കറ്റും വീഴ്‌ത്തി.

ഹെയ്ലി മാത്യൂസ് മുംബൈക്കായി മൂന്ന് വിക്കറ്റ് നേടി. അമേലിയ കെർ, സൈക ഇഷാഖ് എന്നിവർ രണ്ട് വിക്കറ്റ് വീതമുണ്ട്. നേരത്തെ, മാറ്റമൊന്നുമില്ലാതെയാണ് മുംബൈ ഇറങ്ങിയത്. ആർസിബി ഒരു മാറ്റം വരുത്തി. പേസർ രേണുക സിങ് ടീമിലെത്തി. ആശ ശേഭനയാണ് പുറത്തായത്.