- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സ്മൃതി മന്ഥനയ്ക്ക് പൊന്നുംവില! 3.4 കോടി രൂപയ്ക്ക് താരത്തെ സ്വന്തമാക്കി ബാംഗ്ലൂർ; കോടികളെറിഞ്ഞ് ഹർമൻപ്രീതിനെ ടീമിലെത്തിച്ച് മുംബൈ; ആഷ്‌ലി ഗാർഡ്‌നർ ഗുജറാത്തിൽ; വനിതാ പ്രീമിയർ ലീഗ് താരലേലം പുരോഗമിക്കുന്നു
മുംബൈ: പ്രഥമ വനിതാ പ്രീമിയർ ലീഗ് ട്വന്റി20 ക്രിക്കറ്റിന്റെ താരലേലത്തിൽ ഇന്ത്യ ടീം വൈസ് ക്യാപ്റ്റൻ സ്മൃതി മന്ഥനയെ പൊന്നുംവിലയ്ക്ക് സ്വന്തമാക്കി റോയൽ ചാലഞ്ചേഴ്‌സ് ബാംഗ്ലൂർ. വാശിയേറിയ ലേല നടപടികൾക്ക് ഒടുവിൽ 3.4 കോടി രൂപയ്ക്കാണ് സ്മൃതിയെ ബാംഗ്ലൂർ ടീമിലെത്തിച്ചത്. അവസാന റൗണ്ട് വരെ സ്മൃതിക്കായി മുംബൈ ഇന്ത്യൻസ് രംഗത്തുണ്ടായിരുന്നു. 50 ലക്ഷം രൂപയായിരുന്നു താരത്തിന്റെ അടിസ്ഥാന വില.
ഇന്ത്യൻ ക്യാപ്റ്റൻ ഹർമൻപ്രീത് കൗർ 1.8 കോടിക്ക് മുംബൈ ഇന്ത്യൻസിലെത്തി. ഇന്ത്യൻ ടീം ക്യാപ്റ്റനായ ഹർമൻപ്രീത് കൗറിനായും ശക്തമായ ലേലം വിളി നടന്നു. റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ തുടക്കത്തിൽ ഹർമൻപ്രീത് രംഗത്തുവന്നു. എന്നാൽ ഒരു കോടി കടന്നതോടെ ബാംഗ്ലൂർ പിന്മാറി. പിന്നീട് ഡൽഹി ക്യാപിറ്റൽസാണ് ഹർമൻപ്രീതിനായി മുംബൈക്കൊപ്പം മത്സരിച്ചത്. ഒടുവിൽ 1.80 കോടി രൂപക്ക് മുംബൈ ഹർമനെ ടീമിലെത്തിച്ചു.
ന്യൂസീലൻഡ് താരം സോഫി ഡിവൈൻ അടിസ്ഥാന വിലയായ 50 ലക്ഷത്തിന് ബാംഗ്ലൂരിൽ കളിക്കും. ഓസ്‌ട്രേലിയയുടെ ഓൾറൗണ്ടർ ആഷ്‌ലി ഗാർഡ്‌നർ 3.2 കോടിക്ക് ഗുജറാത്ത് ടൈറ്റൻസിലെത്തി.
50 ലക്ഷം അടിസ്ഥാന വിലയുള്ള ഓസ്‌ട്രേലിയൻ ഓൾ റൗണ്ടർ എലിസ് പെരിയെ 1.7 കോടിക്ക് ബാംഗ്ലൂർ വാങ്ങി. ഇംഗ്ലിഷ് താരം സോഫി എക്ലെസ്റ്റോണിനെ 1.8 കോടിക്ക് യുപി വാരിയേഴ്‌സ് സ്വന്തമാക്കി. വിൻഡീസ് താരം ഹേയ്ലി മാത്യൂസിനെ ആദ്യഘട്ടലേലത്തിൽ ആരും ടീമിലെടുത്തില്ല.
ആറ് വിദേശതാരങ്ങൾ അടക്കം പരമാവധി 18 കളിക്കാരെയാണ് ഓരോ ടീമിനും സ്വന്തമാക്കാനാവുക. ആകെ 90 കളിക്കാരെയാണ് ലേലത്തിലൂടെ മുംബൈ ഇന്ത്യൻസ്, ഡൽഹി ക്യാപിറ്റൽസ്, റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ, അദാനി ഗ്രൂപ്പ്, കാപ്രി ഗ്ലോബൽ എന്നിവരുടെ ഉടമസ്ഥതതയിലുള്ള അഞ്ച് ടീമുകളും ചേർന്ന് സ്വന്തമാക്കുക.
ആറ് മാർക്വീ താരങ്ങളാണ് ആദ്യ ഘട്ടത്തിൽ ലേലത്തിൽ വന്നത്. ഡൽഹി ക്യാപിറ്റൽസ് മാത്രം ആറ് പേരിൽ ഒരാളെയും ടീമിലെടുത്തില്ല. അഞ്ച് ടീമുകളാണ് പ്രഥമ വനിതാ ഐപിഎല്ലിൽ കളിക്കാനിറങ്ങുന്നത്. മുംബൈ ഇന്ത്യൻസ്, റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ, ഗുജറാത്ത് ജയ്ന്റ്സ്, യുപി വാരിയേഴ്സ്, ഡൽഹി ക്യാപിറ്റൽസ് എന്നിവയാണ് ടീമുകൾ.
വനിതാ ഐപിഎല്ലിന്റെ പ്രഥമ സീസണിൽ ആകെ 22 മത്സരങ്ങളാണുണ്ടാവുക. ഇന്ത്യയുടെ ഇതിഹാസ താരങ്ങളായ മിതാലി രാജ് ഗുജറാത്ത് ജയന്റ്‌സിന്റെയും ജുലൻ ഗോസ്വാമി മുംബൈ ഇന്ത്യൻസിന്റെയും മെന്റർമാരാണ്. മാർച്ച് നാലു മുതൽ 26 വരെയാണ് ആദ്യ വനിതാ ഐപിഎൽ. മുംബൈയിലെ മൂന്ന് സ്റ്റേഡിയങ്ങളിലായാണ് ടൂർണമെന്റ് നടക്കുക.