മുംബൈ: പ്രഥമ വനിതാ പ്രീമിയർ ലീഗിന്റെ താരലേലത്തിൽ കോടികൾ കൊയ്ത് ഇന്ത്യൻ താരങ്ങൾ. താരലേലത്തിലെ നേട്ടങ്ങൾ ദക്ഷിണാഫ്രിക്കയിലെ ലോകകപ്പ് ടീം ക്യാംപിലിരുന്ന് ആഘോഷമാക്കുകയാണ് ക്യാപ്റ്റൻ ഹർമൻപ്രീതും സംഘവും.

സൂപ്പർ താരം സ്മൃതി മന്ഥനയെ വമ്പൻ തുകയ്ക്ക് റോയൽ ചാലഞ്ചേഴ്‌സ് ബാംഗ്ലൂർ സ്വന്തമാക്കിയപ്പോൾ ആർപ്പുവിളികളോടെയാണ് ഇന്ത്യൻ വനിതാ താരങ്ങൾ ആഘോഷിച്ചത്. 3.4 കോടിക്കാണ് ഇന്ത്യൻ ഓപ്പണർ റോയൽ ചാലഞ്ചേഴ്‌സ് ബാംഗ്ലൂരിലെത്തിയത്.

സ്മൃതിയെ സ്വന്തമാക്കാൻ മുംബൈ ഇന്ത്യൻസും ശ്രമിച്ചിരുന്നു. അതേസമയം ഇന്ത്യൻ ക്യാപ്റ്റൻ ഹർമൻപ്രീത് കൗറിനെ 1.8 കോടിക്ക് മുംബൈ ടീമിലെടുത്തു. ഹർമൻപ്രീതിനായി ഡൽഹി ക്യാപിറ്റൽസും ആർസിബിയും ലേലത്തിൽ പങ്കെടുത്തിരുന്നു. ഹർമൻപ്രീതിന്റെ നേട്ടം ഇന്ത്യൻ താരങ്ങൾ കയ്യടിച്ച് ആഘോഷിച്ചു.

അതേ സമയം താരലേലത്തിൽ ജമീമ റോഡ്രിഗസിലൂടെയാണ് ഡൽഹി കാപിറ്റൽസ് ആദ്യ അക്കൗണ്ട് തുറന്നത്. 50 ലക്ഷം അടിസ്ഥാന വിലയുണ്ടായിരുന്ന താരത്തെ 2.2 കോടിക്കാണ് ഡൽഹി ടീമിലെത്തിച്ചത്. കഴിഞ്ഞ ദിവസം ടി20 ലോകകപ്പിൽ പാക്കിസ്ഥാനെതിരെ തകർപ്പൻ പ്രകടനം പുറത്തെടുത്തിരുന്നു ജമീമ. 38 പന്തിൽ 53 റൺസുമായി പുറത്താവാതെ നിന്ന് ജമീമ ടീമിനെ വിജയത്തിലേക്ക് നയിച്ചിരുന്നു.

അണ്ടർ 19 ലോകകപ്പിൽ ഇന്ത്യയെ കിരീടത്തിലേക്ക് നയിച്ച ഷെഫാലി വർമയെ രണ്ട് കോടിക്ക് ഡൽഹി സ്വന്തമാക്കി. ഓൾ റൗണ്ടർ പൂജ വസ്ത്രകാറിന് 1.90 കോടിയാണു ലഭിച്ചത്. വനിതാ ട്വന്റി20 ലീഗിൽ താരം മുംബൈ ഇന്ത്യൻസിൽ കളിക്കും. ഇന്ത്യയുടെ വിക്കറ്റ് കീപ്പർ ബാറ്റർ റിച്ചാ ഘോഷും ആർസിബിയുടെ വഴിയിലെത്തി. ബിഗ് ഹിറ്ററായ റിച്ചയെ 1.9 കോടിക്കാണ് ആർസിബി ടീമിലെത്തിച്ചത്.

ഇന്ത്യൻ ഓൾറൗണ്ടർ ദീപ്തി ശർമ യുപി വാരിയേഴ്സിന് വേണ്ടി കളിക്കും. 50 ലക്ഷം അടിസ്ഥാനവിലയുണ്ടായിരുന്ന താരത്തെ 2.6 കോടിക്കാണ് യുപി സ്വന്തമാക്കിയത്. മുംബൈ ഇന്ത്യൻസ്, ഗുജറാത്ത് ജെയന്റ്സ് എന്നിവർ താൽപര്യം കാണിച്ചിരുന്നു. എന്നാൽ യുപി ഉറച്ചുനിന്നു. ഇന്ത്യൻ പുത്തൻ താരോദയമായ പേസർ രേണുക സിംഗിനെ റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ സ്വന്തമാക്കി. 1.5 കോടിക്കാണ് രേണുക ആർസിബിയിലെത്തിയത്.

ഇംഗ്ലണ്ട് ഓൾറൗണ്ടർ നതാലി സ്‌കിവർ 3.2 കോടിക്ക് മുംബൈ ഇന്ത്യൻസിലെത്തി. ഇതുവരെയുള്ള ഏറ്റവും ഉയർന്ന രണ്ടാമത്തെ തുകയ്ക്കാണ് സ്‌കിവർ മുംബൈയിലെത്തിയ്. ഓസ്ട്രേലിയൻ താരം തഹ്ലിയ മഗ്രാത്തിനെ 1.4 കോടിക്ക് യുപി വാരിയേഴ്സ് സ്വന്തമാക്കി. ഓസ്ട്രേലിയൻ ബാറ്റർ ബേത് മൂണിയെ രണ്ട് കോടിക്ക് ഗുജറാത്ത് സ്വന്തമാക്കി.

ന്യൂസിലൻഡിന്റെ പരിചയസമ്പന്നയായ സോഫി ഡിവൈനെ അടിസ്ഥാന വിലയായ 50 ലക്ഷത്തിന് ബാംഗ്ലൂർ ടീമിലെത്തിച്ചു. ഓസീസ് ഓൾറൗണ്ടറായ എല്ലിസ് പെറിയും ആർസിബിയിലെത്തി. 1.7 കോടിക്കാണ് പെറിക്ക് ആർസിബി നൽകിയത്. ഓസ്ട്രേലിയൻ ഓൾ റൗണ്ടർ ആഷ്‌ലി ഗാർഡന്റെ 3.20 കോടി മുടക്കി ഗുജറാത്ത് ജയന്റ്സ് ടീമിലെത്തിച്ചു. 

ടീമിലെത്തിച്ചതിന് പിന്നാലെ സ്മൃതി ആദ്യ പ്രതികരണവും അറിയിച്ചു. കന്നഡ ഭാഷയിൽ 'നമസ്‌കാര ബംഗളൂരു' എന്നാണ് സ്മൃതി ട്വീറ്റ് ചെയ്തത്. ഇതിനിടെ താരലേലം കാണുന്ന സ്മൃതിയുടെ വീഡിയോ ആർസിബി ഔദ്യോഗിക ട്വിറ്റർ അക്കൗണണ്ടിലൂടെ പങ്കുവച്ചു. ടി20 ലോകകപ്പിനായി ഇന്ത്യൻ താരങ്ങളെല്ലാം ഇപ്പോൾ ദക്ഷിണാഫ്രിക്കയിലാണ്. താരങ്ങളെല്ലാം ഒരുമിച്ച് ഇരുന്നാണ് താരലേലം കണ്ടിരുന്നത്. സ്മൃതിക്കായി പോര് മുറുകിയപ്പോൾ ആർപ്പുവിളികളോടെയാണ് സഹതാരങ്ങൾ എതിരേറ്റത്. കയ്യടിയും പൊട്ടിചിരിയും ബഹളവുമെല്ലാം. തുടർന്ന് ഇന്ത്യൻ ക്യാപ്റ്റൻ ഹർമൻപ്രീത് കൗർ ഉൾപ്പെടെയുള്ളവർ താരത്തെ അഭിനന്ദിച്ചു.

 ഇംഗ്ലീഷ് താരം സോഫിയ ഡങ്ക്ലിയെ 60 ലക്ഷത്തിന് ഗുജറാത്ത് ജെയന്റ്സ് സ്വന്തമാക്കി. ന്യൂസിലൻഡ് യുവതാരം അമേലിയ കേറിനെ ഒരു കോടിക്ക് മുബൈ ഇന്ത്യൻസ് ടീമിലെത്തിച്ചു. ദക്ഷിണാഫ്രിക്കൻ താരം ഷബ്നിം ഇസ്മയിലിനെ ഒരു കോടിക്ക യുപി വാരിയേഴ്സ് ടീമിലെത്തിച്ചു.  ഓസീസ് താരം മെഗ് ലാന്നിങ് 1.1 കോടിക്കും ഡൽഹിയിലെത്തി. ന്യൂസിലൻഡിന്റെ സൂസി ബെയ്റ്റ്സ്, ദക്ഷിണാഫ്രിക്കയുടെ ടസ്മിൻ ബ്രിട്ട്സ്, ലൗറ വോൾവാർട്ട്, ഇംഗ്ലണ്ടിന്റെ താമി ബ്യൂമോന്റ് എന്നിവർക്ക് ആവശ്യക്കാരുണ്ടായില്ല.

ആറ് വിദേശതാരങ്ങൾ അടക്കം പരമാവധി 18 കളിക്കാരെയാണ് ഓരോ ടീമിനും സ്വന്തമാക്കാനാവുക. ആകെ 90 കളിക്കാരെയാണ് ലേലത്തിലൂടെ മുംബൈ ഇന്ത്യൻസ്, ഡൽഹി ക്യാപിറ്റൽസ്, റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ, അദാനി ഗ്രൂപ്പ്, കാപ്രി ഗ്ലോബൽ എന്നിവരുടെ ഉടമസ്ഥതതയിലുള്ള അഞ്ച് ടീമുകളും ചേർന്ന് സ്വന്തമാക്കുക.

വനിതാ ഐപിഎല്ലിന്റെ പ്രഥമ സീസണിൽ ആകെ 22 മത്സരങ്ങളാണുണ്ടാവുക. ഇന്ത്യയുടെ ഇതിഹാസ താരങ്ങളായ മിതാലി രാജ് ഗുജറാത്ത് ജയന്റ്സിന്റെയും ജുലൻ ഗോസ്വാമി മുംബൈ ഇന്ത്യൻസിന്റെയും മെന്റർമാരാണ്. മാർച്ച് നാലു മുതൽ 26 വരെയാണ് ആദ്യ വനിതാ ഐപിഎൽ. മുംബൈയിലെ മൂന്ന് സ്റ്റേഡിയങ്ങളിലായാണ് ടൂർണമെന്റ് നടക്കുക.