ഓവൽ: ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിൽ ഇന്ത്യയ്ക്ക് മുന്നിൽ കൂറ്റൻ വിജയലക്ഷ്യം പടുത്തുയർത്തി ഓസ്ട്രേലിയ. ഐസിസി കിരീടത്തിലേക്ക് 444 റൺസാണ് ഇന്ത്യയുടെ വിജയദൂരം. ഒന്നര ദിവസത്തെ മത്സരം ശേഷിക്കെ ഓസിസിന് വേണ്ടത് പത്ത് വിക്കറ്റും. രണ്ടാം ഇന്നിങ്സിൽ എട്ട് വിക്കറ്റ് നഷ്ടത്തിൽ 270-റൺസെന്ന നിലയിൽ ഓസ്ട്രേലിയ ഇന്നിങ്സ് ഡിക്ലയർ ചെയ്തു.

ഒന്നാം ഇന്നിങ്സിൽ 173 റൺസ് ലീഡാണ് ഓസീസിനുണ്ടായിരുന്നത്. പുറത്താവാതെ 66 റൺസെടുത്ത അലക്സ് ക്യാരി, മിച്ചൽ സ്റ്റാർക് (41), മർനസ് ലബുഷെയ്ൻ (41) എന്നിവരാണ് ഓസീസിനെ മികച്ച സ്‌കോറിലേക്ക് നയിച്ചത്. രവീന്ദ്ര ജഡേജ മൂന്ന് വിക്കറ്റ് വീഴ്‌ത്തി.

ഓസീസിന്റെ ഒന്നാം ഇന്നിങ്സ് സ്‌കോറായ 469നെതിരെ ഇന്ത്യ 296 റൺസിന് പുറത്തായിരുന്നു. അജിൻക്യ രഹാനെ (89), ഷാർദുൽ ഠാക്കൂർ (51), രവീന്ദ്ര ജഡേജ (48) എന്നിവരാണ് ബാറ്റിംഗിൽ ഇന്ത്യയെ സഹായിച്ചത്. പാറ്റ് കമ്മിൻസ് മൂന്ന് വിക്കറ്റ് വീഴ്‌ത്തി. നേരത്തെ, ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിംഗിനെത്തിയ ഓസീസിന് ട്രാവിസ് ഹെഡ് (163), സറ്റീവൻ സ്മിത്ത് (121) എന്നിവരുടെ സെഞ്ചുറികളാണ് ഓസീസിനെ മികച്ച സ്‌കോറിലേക്ക് നയിച്ചത്. ഒന്നാം ഇന്നിങ്‌സിൽ മുഹമ്മദ് സിറാജ് നാല് വിക്കറ്റ് വീഴ്‌ത്തിയിരുന്നു.

നാല് വിക്കറ്റ് നഷ്ടത്തിൽ 123 റൺസ് എന്ന നിലയിൽ നാലാം ദിനം ബാറ്റിങ് ആരംഭിച്ച ഓസീസിന്റെ തുടക്കം മോശമായിരുന്നു. ടീം സ്‌കോർ 124-ൽ നിൽക്കേ മാർനസ് ലബുഷെയിനെ ഓസീസിന് നഷ്ടമായി. 41 റൺസെടുത്ത താരത്തെ ഉമേഷ് യാദവാണ് പുറത്താക്കിയത്. നാലാം ദിനം ഒരു റൺസ് പോലും നേടാനാകാതെയാണ് ലബുഷെയിൻ മടങ്ങിയത്.

പിന്നീടിറങ്ങിയ അലക്സ് കാരി കാമറൂൺ ഗ്രീനുമൊത്ത് ഓസ്ട്രേലിയയുടെ ലീഡ് വർധിപ്പിച്ചുകൊണ്ടിരുന്നു. ഈ കൂട്ടുകെട്ട് ഓസ്ട്രേലിയയുടെ സ്‌കോർ 150-കടത്തി. എന്നാൽ ടീം സ്‌കോർ 167-ൽ നിൽക്കേ കാമറൂൺ ഗ്രീനിനെ പുറത്താക്കി രവീന്ദ്ര ജഡേജ തിരിച്ചടിച്ചു. 25 റൺസെടുത്താണ് ഗ്രീൻ പുറത്തായത്. മിച്ചൽ സ്റ്റാർക്കും കാരിയും പിന്നീട് കരുതലോടെ ബാറ്റേന്തി. ഓസ്ട്രേലിയയുടെ ലീഡ് 350 കടത്തി. ഉച്ചഭക്ഷണത്തിന് പിരിയുമ്പോൾ ടീം സ്‌കോർ ആറ് വിക്കറ്റ് നഷ്ടത്തിൽ 201 റൺസെന്ന നിലയിലായിരുന്നു.

ഉച്ചഭക്ഷണത്തിന് ശേഷം അലക്സ് കാരി-മിച്ചൽ സ്റ്റാർക്ക് കൂട്ടുകെട്ട് ശക്തിയോടെ നിലയുറപ്പിക്കുന്നതാണ് ഓവലിൽ കണ്ടത്. പിന്നാലെ അലക്സ് കാരി അർധസെഞ്ചുറിയും തികച്ചു. സ്റ്റാർക്കും സ്‌കോർബോർഡിലേക്ക് കാര്യമായ സംഭാവന നൽകിത്തുടങ്ങിയതോടെ ഇന്ത്യ പ്രതിരോധത്തിലായി. ഓസീസ് ലീഡ് വൈകാതെ 400-റൺസ് കടന്നു.

ടീം സ്‌കോർ 260-ൽ നിൽക്കേ മിച്ചൽ സ്റ്റാർക്കിനെ പുറത്താക്കി മുഹമ്മദ് ഷമി കൂട്ടുകെട്ട് പൊളിച്ചു. 41 റൺസാണ് സ്റ്റാർക്കിന്റെ സമ്പാദ്യം. പിന്നാലെയിറങ്ങിയ കമ്മിൻസും വേഗത്തിൽ കൂടാരം കയറിയതോടെ ഓസ്ട്രേലിയ ഇന്നിങ്സ് ഡിക്ലയർ ചെയ്തു. എട്ട് വിക്കറ്റ് നഷ്ടത്തിൽ 270-റൺസിനാണ് ഓസീസ് ഇന്നിങ്സ് അവസാനിപ്പിച്ചത്. 66-റൺസെടുത്ത അലക്സ് കാരി പുറത്താവാതെ നിന്നു. അതോടെ ഇന്ത്യയുടെ വിജയലക്ഷ്യം 444 ആയി മാറി.