ലണ്ടൻ: ലോക ടെസ്റ്റ് ചാംപ്യൻഷിപ്പ് ഫൈനലിന്റെ അവസാന ദിനത്തിൽ ജീവൻ മരണ പോരാട്ടത്തിലാണ് ഇന്ത്യ. മത്സരത്തിൽ ജയിക്കുകയോ, സമനില പിടിക്കാനോ കഴിഞ്ഞാൽ പോലും കൈ എത്തും ദൂരത്ത് എത്തിയ കിരീടം വീണ്ടും നഷ്ടപ്പെടാതെ സൂക്ഷിക്കാനാകും. എന്നാൽ കെന്നിങ്ടൺ ഓവറിൽ ഒരു ദിവസവും ഏഴ് വിക്കറ്റും ശേഷിക്കെ ഇന്ത്യക്ക് ജയിക്കാൻ വേണ്ടത് 280 റൺസാണ്.

എന്നാൽ മികച്ച തുടക്കം ലഭിച്ചിട്ടും അനാവശ്യ ഷോട്ടിന് ശ്രമിച്ച് വിക്കറ്റ് നഷ്ടപ്പെടുത്തിയതാണ് ഇന്ത്യയെ പ്രതിരോധത്തിലാക്കിയത്. നാലാം ദിനത്തിൽ ഇന്ത്യക്ക് ശുഭ്മാൻ ഗിൽ (18), രോഹിത് ശർമ (43), ചേതേശ്വർ പൂജാര (27) എന്നിവരുടെ വിക്കറ്റുകളാണ് നഷ്ടമായത്. ഇതിൽ അനാവശ്യമായി വിക്കറ്റ് വലിച്ചെറിഞ്ഞാണ് പൂജാരയും രോഹിത്തും മടങ്ങിയത്.

നതാൻ ലിയോണിനെതിരെ സ്വീപ് ഷോട്ടിന് ശ്രമിക്കുമ്പോഴാണ് രോഹിത് മടങ്ങുന്നത്. പൂജാരയാട്ടെ പാറ്റ് കമ്മിൻസിന്റെ ബൗൺസർ അപ്പർകട്ട് ചെയ്യാനുള്ള ശ്രമത്തിൽ വിക്കറ്റ് കീപ്പർ അലക്സ് ക്യാരിക്ക് ക്യാച്ച് നൽകി.

ഇരുവർക്കും പുറമെ ശുഭ്മാൻ ഗില്ലിന്റെ വിക്കറ്റും ഇന്ത്യക്ക് നഷ്ടമായിരുന്നു. 444 റൺസ് വിജയലക്ഷ്യത്തിലേക്ക് ടീം ഇന്ത്യ ബാറ്റ് വീശവേ സ്‌കോട്ട് ബോളണ്ട് എറിഞ്ഞ ഇന്നിങ്സിലെ എട്ടാം ഓവറിലെ ആദ്യ പന്തിലായിരുന്നു ശുഭ്മാൻ ഗില്ലിന്റെ വിവാദ പുറത്താകൽ. ബോളണ്ടിന്റെ പന്ത് ശുഭ്മാൻ ഗില്ലിന്റെ ബാറ്റിൽ ഗള്ളിയിലേക്ക് തെറിച്ചപ്പോൾ ഒറ്റകൈയിൽ പന്ത് കോരിയെടുക്കുകയായിരുന്നു കാമറൂൺ ഗ്രീൻ.

എന്നാൽ ഗിൽ ക്യാച്ച് പൂർത്തിയാക്കുന്ന സമയം പന്ത് മൈതാനത്ത് തട്ടിയിരുന്നോ എന്ന സംശയമാണ് ഒരു വിഭാഗം ആരാധകർ ഉയർത്തുന്നത്. പന്ത് കൈപ്പിടിയിൽ ഒതുങ്ങുമ്പോൾ ഗ്രീനിന്റെ വിരലുകൾ പന്തിലുണ്ടായിരുന്നില്ലെന്നും ബോൾ പുല്ലിൽ തട്ടിയെന്നും ഇക്കൂട്ടർ വാദിക്കുന്നു. എന്തായാലും മൂന്നാം അംപയറുടെ പരിശോധനയ്ക്ക് ശേഷമാണ് വിക്കറ്റ് ബോളണ്ടിന് ഉറപ്പിച്ചത്. മൈതാനത്തെ ബിഗ് സ്‌ക്രീനിൽ മൂന്നാം അംപയറുടെ പരിശോധനയ്ക്ക് ശേഷം ശുഭ്മാൻ ഗിൽ ഔട്ട് എന്ന് എഴുതിക്കാണിച്ചപ്പോൾ ഒരു വിഭാഗം കാണികൾ 'ചീറ്റർ, ചീറ്റർ' എന്ന് ആക്രോശിക്കുന്നത് കേൾക്കാമായിരുന്നു.

ക്യാച്ച് പൂർത്തിയാക്കുന്ന സമയത്ത് ഗ്രീൻ പന്ത് നിലത്ത് കുത്തിയെന്നും അല്ലെന്നുമുള്ള വാദമുണ്ട്. എന്നാൽ ടിവി അംപയർ തിരിച്ചുമറിച്ചും നോക്കിയ ശേഷമാണ് ഔട്ടാണെന്ന് വിധിച്ചത്. അംപയർ ഔട്ട് വിളിച്ചതോടെ ക്യാപ്റ്റൻ രോഹിത് ശർമയ്ക്ക് തീരുമാനം അംഗീകരിക്കാനായില്ല.

ഇപ്പോൾ പുറത്തായതിനോട് പ്രതികരിച്ചിരിക്കുകയാണ് ഗിൽ. ഇൻസ്റ്റഗ്രാം സ്റ്റോറിയിലാണ് താരം തന്റെ പ്രതിഷേധം അറിയിച്ചത്. ഗ്രീൻ ക്യാച്ചെടുക്കുന്ന ഫോട്ടോ പങ്കുവച്ചുകൊണ്ടാണ് ഗില്ലിന്റെ എതിർപ്പ് വ്യക്തമാക്കിയത്. ഫോട്ടോയ്ക്കൊപ്പം കയ്യിടിക്കുന്ന ഇമോജിയും ഗിൽ ചേർത്തിട്ടുണ്ട്.