ലണ്ടൻ: ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് കിരീടം ഓസ്‌ട്രേലിയയ്ക്ക്. ഫൈനലിൽ ഇന്ത്യയെ 209 റൺസിന് കീഴടക്കിയാണ് ഓസ്‌ട്രേലിയ കിരീടം ചൂടിയത്. 444 റൺസ് വിജയ ലക്ഷ്യം പിന്തുടർന്ന ഇന്ത്യ രണ്ടാം ഇന്നിങ്‌സിൽ 234 റൺസെടുത്തു പുറത്തായി. തുടർച്ചയായി രണ്ടാം തവണയാണ് ഇന്ത്യ ലോക ടെസ്റ്റ് ചാംപ്യൻഷിപ്പ് ഫൈനലിൽ പരാജയപ്പെടുന്നത്. 2021ലെ ഫൈനലിൽ ന്യൂസീലൻഡ് എട്ടു വിക്കറ്റുകൾക്ക് ഇന്ത്യയെ തോൽപിച്ചിരുന്നു.

രണ്ടാം ഇന്നിങ്സിൽ 444 റൺസ് വിജയലക്ഷ്യം തേടിയിറങ്ങിയ രോഹിത് ശർമ്മയും സംഘവും അഞ്ചാം ദിനത്തിലെ ആദ്യ സെഷനിൽ 234 റൺസിൽ പുറത്തായി. ഇതോടെ ഐസിസിയുടെ എല്ലാ കിരീടവും നേടുന്ന ആദ്യ ടീം എന്ന നേട്ടം കങ്കാരുക്കൾ സ്വന്തമാക്കി. സ്‌കോർ: ഓസ്ട്രേലിയ- 469 & 270/8 ഡി, ഇന്ത്യ- 296 & 234 (63.3).

രണ്ടാം ഇന്നിങ്സിൽ 270/8 എന്ന സ്‌കോറിൽ ഡിക്ലെയർ ചെയ്ത് ഓസ്‌ട്രേലിയ മുന്നോട്ടുവെച്ച 444 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ടീം ഇന്ത്യ 40 ഓവറിൽ 164-3 എന്ന നിലയിലാണ് അഞ്ചാം ദിനം ബാറ്റിംഗിന് ഇറങ്ങിയത്. 60 പന്തിൽ 44 റൺസുമായി വിരാട് കോലിയും 59 ബോളിൽ 20 റൺസുമായി അജിങ്ക്യ രഹാനെയുമായിരുന്നു ക്രീസിൽ. മൂന്നു വിക്കറ്റ് നഷ്ടത്തിൽ 164 റൺസെന്ന നിലയിൽ അഞ്ചാം ദിവസം കളി തുടങ്ങിയ ഇന്ത്യ 70 റൺസ് എടുക്കുന്നതിനിടെ ശേഷിക്കുന്ന ഏഴു വിക്കറ്റുകളും നഷ്ടപ്പെടുത്തി.

അവസാന ദിനം കളി തുടങ്ങിയതിനു പിന്നാലെ സ്‌കോട്ട് ബോളണ്ടിന്റെ പന്തിൽ സ്റ്റീവ് സ്മിത്ത് ക്യാച്ചെടുത്ത് കോലിയെ പുറത്താക്കി. 78 പന്തുകൾ നേരിട്ട കോലി 49 റൺസെടുത്തു. കോലിയുടെ ഷോട്ട് സെക്കൻഡ് സ്‌ലിപ്പിൽ നിന്ന സ്മിത്ത് ഡൈവിങ് ക്യാച്ചിലൂടെയാണു പിടിച്ചെടുത്തത്. ഇതേ ഓവറിലെ അഞ്ചാം പന്തിൽ രവീന്ദ്ര ജഡേജയും പുറത്തായത് ഇന്ത്യയ്ക്ക് ഇരട്ട പ്രഹരമായി. നേരിട്ട രണ്ടാം പന്തിൽ ജഡേജയെ വിക്കറ്റ് കീപ്പർ അലക്‌സ് കാരി ക്യാച്ചെടുത്തു പുറത്താക്കി. പിന്നീട് അജിൻക്യ രഹാനെയിലായി ഇന്ത്യയുടെ പ്രതീക്ഷ.

എന്നാൽ അർധ സെഞ്ചറിക്കു മുൻപേ രഹാനെയും മടങ്ങി. 108 പന്തുകളിൽനിന്ന് 46 റൺസെടുത്ത രഹാനെയെ മിച്ചൽ സ്റ്റാർക്കിന്റെ പന്തിൽ കീപ്പർ അലക്‌സ് കാരി ക്യാച്ചെടുത്തു മടക്കി. ഷാർദൂൽ ഠാക്കൂറിനെ (പൂജ്യം) നേഥൻ ലയണും ഉമേഷ് യാദവിനെ (12 പന്തിൽ ഒന്ന്) മിച്ചൽ സ്റ്റാർക്കും പുറത്താക്കിയതോടെ ഇന്ത്യ തോൽവി ഉറപ്പിച്ചു.സ്‌കോർ: ഓസ്‌ട്രേലിയ ഒന്നാം ഇന്നിങ്‌സ് 469, രണ്ടാം ഇന്നിങ്‌സ് 8ന് 270 ഡിക്ലയേർഡ്. ഇന്ത്യ ഒന്നാം ഇന്നിങ്‌സ് 296

4ന് 123 എന്ന സ്‌കോറിൽ, 296 റൺസ് ലീഡോടെ നാലാംദിവസം തുടങ്ങിയ ഓസ്‌ട്രേലിയയുടെ പ്ലാൻ വ്യക്തമായിരുന്നു; 400 റൺസിനു മുകളിലേക്ക് ലീഡ് എത്തിക്കുക. അതിനനുസരിച്ചാണ് ആദ്യ സെഷനിൽ ഓസീസ് താരങ്ങൾ ബാറ്റ് ചെയ്തത്. തുടക്കത്തിലേ മാർനസ് ലബുഷെയ്‌നെ (41) നഷ്ടമായെങ്കിലും കാമറൂൺ ഗ്രീൻ (25), മിച്ചൽ സ്റ്റാർക് (41) എന്നിവരെ കൂട്ടുപിടിച്ച് അലക്‌സ് ക്യാരി (66 നോട്ടൗട്ട്) നടത്തിയ ചെറുത്തുനിൽപ് ഓസ്‌ട്രേലിയൻ ലീഡ് 443ൽ എത്തിച്ചു. 8ന് 270 എന്ന നിലയിൽ ഓസീസ് ഡിക്ലയർ ചെയ്തു.

444 റൺസ് പിന്തുടർന്ന ഇന്ത്യ സമനിലയ്ക്കു വേണ്ടി കളിക്കില്ലെന്നു തോന്നിക്കും വിധമാണ് ബാറ്റിങ് തുടങ്ങിയത്. ക്യാപ്റ്റൻ രോഹിത് ശർമ (60 പന്തിൽ 43), ശുഭ്മൻ ഗിൽ (19 പന്തിൽ 18) എന്നിവർ കൗണ്ടർ അറ്റാക്കിലൂടെ സ്‌കോർ ഉയർത്തിയെങ്കിലും ഗില്ലിനെ പുറത്താക്കിയ സ്‌കോട്ട് ബോളണ്ട് ഇന്ത്യയ്ക്ക് ആദ്യ പ്രഹരം ഏൽപിച്ചു. പിന്നാലെ നേഥൻ ലയണിന് വിക്കറ്റ് നൽകി രോഹിത്തും മടങ്ങി. ചേതേശ്വർ പൂജാരയെ (27) പുറത്താക്കി കമിൻസ് ഇന്ത്യയെ കൂടുതൽ പ്രതിരോധത്തിലാക്കി.