- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
അശ്വിനെ ഒഴിവാക്കിയ ടീം സെലക്ഷൻ പിഴച്ചു; നഥാൻ ലിയോണെ നേരിടാൻ ഇന്ത്യൻ ബാറ്റർമാർ കുഴങ്ങിയപ്പോൾ ചാമ്പ്യൻ ബൗളറെ തഴഞ്ഞ അബദ്ധം തിരിച്ചറിഞ്ഞ് ദ്രാവിഡും; ഐപിഎൽ ഹാങ് ഓവർ വിട്ടുമാറാത്ത ബാറ്റർമാരും സ്വയം കുഴിതോണ്ടി; ആകെ തിളങ്ങിയത് എഴുതി തള്ളിയ രഹാന മാത്രം; ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് കിരീടം ഇന്ത്യ കൈവിട്ട വിധം
ലണ്ടൻ: കെന്നിങ്ടൺ ഓവലിൽ ലോക ടെസ്റ്റ് ചാംപ്യൻഷിപ്പ് ഫൈനലിൽ ഓസ്ട്രേലിയക്ക് മുന്നിൽ മൂക്കുകുത്തി വീണ ഇന്ത്യ തുടർച്ചയായ രണ്ടാം തവണയും കിരീടം കൈയെത്തും ദൂരത്ത് കൈവിടുകയായിരുന്നു. ഓസ്ട്രേലിയ മുന്നിൽ വച്ച 444 റൺസ് വിജയ ലക്ഷ്യം പിന്തുടർന്ന ഇന്ത്യയുടെ പോരാട്ടം രണ്ടാം ഇന്നിങ്സിൽ 234 റൺസിൽ അവസാനിപ്പിച്ചാണ് ഓസ്ട്രേലിയ കിരീടം സ്വന്തമാക്കിയത്. 209 റൺസിന്റെ മിന്നും ജയമാണ് അവർ സ്വന്തമാക്കിയത്. ന്യൂസിലൻഡിന് പിന്നാലെ ഓസ്ട്രേലിയ ഐസിസി ലോക ടെസ്റ്റ് ചാമ്പ്യന്മാരായി മാറുകയും ചെയ്തു.
ഒന്നാം ഇന്നിങ്സിൽ ഓസ്ട്രേലിയ 469ന് പുറത്തായപ്പോൾ ഇന്ത്യയുടെ പോരാട്ടം 296 റൺസിൽ അവസാനിച്ചിരുന്നു. ഓസ്ട്രേലിയ രണ്ടാം ഇന്നിങ്സിൽ എട്ട് വിക്കറ്റ് നഷ്ടത്തിൽ 270 റൺസെടുത്തു ഇന്നിങ്സ് ഡിക്ലയർ ചെയ്തു. ഇതോടെ മൂന്ന് ഫോർമാറ്റിലും ലോക കിരീടം നേടുന്ന ആദ്യ ടീമായി ഓസ്ട്രേലിയ മാറി. നേരത്തെ ഏകദിന, ടി20 ലോക കിരീടങ്ങൾ അവർക്ക് സ്വന്തമായിരുന്നു.
തുടർച്ചയായ രണ്ടാം ഫൈനലിലും പരാജയപ്പെട്ട് കിരീടം കൈവിട്ടതോടെ ഇന്ത്യൻ ടീമിനും പരിശീലകൻ രാഹുൽ ദ്രാവിഡിനും എതിരെ കടുത്ത വിമർശനമാണ് ഉയരുന്നത്. അനാവശ്യമായി വിക്കറ്റ് വലിച്ചെറിഞ്ഞ് കൂടാരം കയറുകയായിരുന്നു ഇന്ത്യൻ ബാറ്റർമാർ. രണ്ടാം ഇന്നിങ്സിൽ 444 റൺസ് വിജയലക്ഷ്യം തേടിയിറങ്ങിയ രോഹിത് ശർമ്മയും സംഘവും അഞ്ചാം ദിനത്തിലെ ആദ്യ സെഷനിൽ തന്നെ 234 റൺസിൽ പുറത്തായി. അഞ്ചാം ദിനം 70 റൺസിനിടെയാണ് ഇന്ത്യ ഏഴ് വിക്കറ്റുകൾ വലിച്ചെറിഞ്ഞത്.
ഐപിഎല്ലിൽ വെടിക്കെട്ട് ബാറ്റിങ് പുറത്തെടുത്ത ശുഭ്മാൻ ഗില്ലും വിരാട് കോലിയുമടങ്ങുന്ന കരുത്തുറ്റ ബാറ്റിങ് നിര ഓസിസ് പേസ് - സ്പിൻ ആക്രമണത്തിന് മുന്നിൽ പിടിച്ചുനിൽക്കാൻ പാടുപെട്ടു. രണ്ടാം ഇന്നിങ്‌സിൽ രോഹിത് ശർമ്മയും ചേതേശ്വർ പുജാരയും പുറത്തായ വിധം അടക്കം വിമർശന വിധേയമാകുന്നുണ്ട്. അനാവശ്യ ഷോട്ടുകൾക്ക് ശ്രമിച്ചാണ് ഇരുവരും പുറത്തായത്. വിരാട് കോലിയും രവീന്ദ്ര ജഡേജയും പുറത്തായതും അനാവശ്യ ഷോട്ടിന് മുതിർന്നാണ്.
ടെസ്റ്റ് ക്രിക്കറ്റിൽ ബാറ്റിങ് ഏറ്റവും ദുഷ്‌ക്കരമായ ദിവസങ്ങളിലൊന്നായ അഞ്ചാം ദിനം ഇന്ത്യ കളത്തിലെത്തുമ്പോൾ വിരാട് കോലി-അജിങ്ക്യ രഹാനെ സഖ്യമായിരുന്നു ക്രീസിൽ. കോലി ക്രീസിൽ നിൽക്കേ ഇന്ത്യൻ ആരാധകർ ഏറെ പ്രതീക്ഷിച്ചു. ടെസ്റ്റ് ക്രിക്കറ്റിൽ അഞ്ചാം ദിനത്തെ ബാറ്റിംഗിൽ മികച്ച റെക്കോർഡുള്ള താരമാണ് കോലി എന്നതായിരുന്നു ഇതിന് കാരണം. ചേസ് മാസ്റ്റർ എന്ന് വിശേഷിപ്പിക്കപ്പെടുന്ന ഇന്ത്യൻ മുൻ നായകന് ടെസ്റ്റ് കരിയറിൽ അഞ്ചാം ദിനം 675ലേറെ റൺസുണ്ടായിരുന്നു. എന്നാൽ കോലിയെയും തൊട്ടുപിന്നാലെ ജഡേജയേയും പുറത്താക്കി ഓസീസ് മത്സരത്തിൽ മുൻതൂക്കം നേടി.
ഫൈനലിന് ഇറങ്ങും മുമ്പ് മൂടിക്കെട്ടിയ അന്തരീക്ഷം കണ്ടാണ് ടോസ് നേടിയ ഇന്ത്യ ആദ്യം ഫീൽഡ് ചെയ്യാനുള്ള തീരുമാനം എടുത്തത്. ഫൈനലിനിറങ്ങിയപ്പോൾ നാല് പേസർമാരേയും ഒരു സ്പിന്നറേയും ഉൾപ്പെടുത്തിയാണ് ഇന്ത്യ ഇറങ്ങിയത്. പിച്ചും സാഹചര്യവും പരിഗണിച്ച് വെറ്ററൻ സ്പിന്നർ ആർ അശ്വിനെ ടീമിൽ ഉൾപ്പെടുത്താതെ ഇറങ്ങിയതിന്റെ തിരിച്ചടി ആദ്യ ദിനം തന്നെ ഇന്ത്യ തിരിച്ചറിഞ്ഞു.
ഇന്ത്യൻ പേസർമാർ തുടക്കത്തിൽ മൂന്ന് വിക്കറ്റുകൾ വീഴ്‌ത്തി ആദ്യ ദിനം ഓസിസിനെ പ്രതിരോധത്തിലാക്കിയിരുന്നു. എന്നാൽ മൂടിക്കെട്ടിയ അന്തരീക്ഷം മാറിയപ്പോൾ ഇന്ത്യയുടെ കയ്യിൽ നിന്ന് കാര്യങ്ങൾ കൈവിട്ട് പോയി. മൂന്ന് വിക്കറ്റ് നഷ്ടമായെങ്കിലും സ്റ്റീവ് സ്മിത്ത്- ട്രാവിസ് ഹെഡ് സഖ്യം മനോഹരമായി ഓസീസിനെ മുന്നിൽ നിന്ന് നയിച്ചു. ഇരുവരും 251 റൺസാണ് അഞ്ചാം വിക്കറ്റിൽ കൂട്ടിചേർത്തത്.
സ്റ്റീവൻ സ്മിത്തും ട്രാവിസ് ഹെഡും സെഞ്ചുറിയുമായി ക്രീസ് നിറഞ്ഞതോടെ ഇന്ത്യ ആദ്യ രണ്ട് ദിനത്തിനുള്ളിൽ തന്നെ കളി കൈവിട്ടു. ആദ്യ രണ്ട് സെഷനിലും ഇരുവരേയും പുറത്താക്കാൻ സാധിക്കാൻ കഴിയാതെ വന്നതോടെ ഗ്യാലറിയിൽ അശ്വിന് വേണ്ടി ആവശ്യമുയർന്നു. ആരാധകർ അശ്വിന്റെ പേര് വിളിച്ചുതുടങ്ങി. അശ്വിനെ എന്തുകൊണ്ട് ഒഴിവാക്കിയെന്ന ചോദ്യങ്ങളുയർന്നു.
ലോകത്തെ ഏറ്റവും മികച്ച ടെസ്റ്റ് താരങ്ങളിൽ ഒരാളാണ് അശ്വിൻ. അദ്ദേഹത്തിന് ഓസീസിനെതിരെ മികച്ച റെക്കോർഡുമുണ്ട്. മാത്രമല്ല, ഓസ്ട്രേലിയൻ നിരയിൽ നാല് ഇടങ്കയ്യന്മാരാണ് കളിക്കുന്നത്. ഇടങ്കയ്യന്മാർക്കെതിരെ മികച്ച റെക്കോർഡുള്ള അശ്വിനെ എന്തിന് മാറ്റിനിർത്തിയെന്ന ചോദ്യമാണ് ആരാധകർ ഉന്നയിച്ചത്.
അശ്വിനെ വാട്ടർ ബോയ് ആക്കിയത് കടുത്ത വിമർശനത്തിൽ കലാശിച്ചു. സുനിൽ ഗവാസ്‌കർ ഉൾപ്പെടെയുള്ളവർ അശ്വിന് വേണ്ടി രംഗത്തെത്തി. ലോകത്തെ ഒന്നാം ടെസ്റ്റ് നമ്പർ ബൗളറോട് ചെയ്തത് നീതികേടാണണെന്നാണ് ഒരു വിഭാഗം ഉന്നയിച്ചു. മുൻ ഓസ്ട്രേലിയൻ ക്യാപ്റ്റൻ റിക്കി പോണ്ടിംഗും അശ്വിനെ പിന്തുണച്ച് രംഗത്തെത്തിയിരുന്നു. മുൻ ഓസീസ് ഓപ്പണർ മാത്യൂ ഹെയ്്ഡനും അശ്വിന് വേണ്ടി വാദിച്ചിരുന്നു.
രണ്ടാം ഇന്നിങ്‌സിൽ ഓസീസിനായി നതാൻ ലിയോൺ നാല് വിക്കറ്റുകൾ വീഴ്‌ത്തി അഞ്ചാം ദിനം ഇന്ത്യയുടെ നട്ടെല്ലൊടിച്ചു. സ്‌കോട്ട് ബോളണ്ട് മൂന്നും മിച്ചൽ സ്റ്റാർക്ക് രണ്ട് വിക്കറ്റുകളും പാറ്റ് കമ്മിൻസ് ഒരു വിക്കറ്റും നേടി. ഓസിസിനായി ലിയോൺ മികച്ച പ്രകടനം കാഴ്ചവച്ചപ്പോൾ അശ്വിന്റെ അഭാവം ടീമിന് കനത്ത തിരിച്ചടിയായി മാറുകയായിരുന്നു.
അഞ്ചാം ദിനത്തിൽ ബാറ്റിങ് പുനരാരംഭിച്ച ഇന്ത്യക്ക് തുടക്കത്തിൽ തന്നെ വിരാട് കോഹ്ലിയേയും തൊട്ടു പിന്നാലെ രവീന്ദ്ര ജഡേജയേയും നഷ്ടമായി. കോഹ്ലി 49 റൺസുമായി മടങ്ങി. സ്‌കോട്ട് ബോളണ്ടിന്റെ പന്തിൽ മുൻ ഓസീസ് ക്യാപ്റ്റൻ സ്റ്റീവ് സ്മിത്ത് അദ്ദേഹത്തെ ഉജ്ജ്വല ക്യാച്ചിൽ പുറത്താക്കി. തൊട്ടു പിന്നാലെ എത്തിയ രവീന്ദ്ര ജഡേജയും റണ്ണൊന്നുമെടുക്കാതെ വീണു. താരം വിക്കറ്റ് കീപ്പർ അലക്സ് കാരിക്ക് ക്യാച്ച് നൽകി മടങ്ങി.
പിന്നീട് ശ്രീകർ ഭാരതിനെ കൂട്ടുപിടിച്ച് രഹാനെ പോരാട്ടം നയിച്ചു. ഈ സഖ്യം നിലയുറപ്പിക്കുമെന്ന പ്രതീക്ഷ ജനിപ്പിച്ചു. എന്നാൽ മിച്ചൽ സ്റ്റാർക്ക് ആ പ്രതീക്ഷകളെ തല്ലിക്കെടുത്തി. രഹാനെയെ സ്റ്റാർക്ക് വിക്കറ്റ് കീപ്പർ അലക്സ് കാരിയുടെ കൈകളിൽ എത്തിച്ചു.
ഒന്നാം ഇന്നിങ്സിൽ ഇന്ത്യയുടെ രക്ഷകനായ രഹാനെയുടെ മടക്കം ടെസ്റ്റിന്റെ വിധി ഏറെക്കുറെ നിർണയിക്കപ്പെടുന്ന ഘട്ടത്തിലേക്ക് കടന്നു. തൊട്ടു പിന്നാലെ നതാൻ ലിയോൺ ശാർദുൽ ഠാക്കൂറിനെ വിക്കറ്റിന് മുന്നിൽ കുരുക്കി ഇന്ത്യയെ കടുത്ത പ്രതിരോധത്തിലേക്ക് വീഴ്‌ത്തി. 108 പന്തുകൾ ചെറുത്ത് 46 റൺസാണ് രഹാനെ കണ്ടെത്തിയത്. താരം ഏഴ് ഫോറുകളും അടിച്ചു.
ഉമേഷ് യാദവും ക്ഷണത്തിൽ മടങ്ങി. താരം ഒരു റൺസാണ് കണ്ടെത്തിയത്. സ്റ്റാർക്കിന്റെ പന്തിൽ അലക്സ് കാരിക്ക് ക്യാച്ച് നൽകിയാണ് ഉമേഷ് പുറത്തായത്. അൽപ്പ നേരം പിടിച്ചു നിന്ന ശ്രീകർ ഭരത് കൂടുതൽ പ്രതിരോധത്തിന് നിൽക്കാതെ മടങ്ങി. താരം 41 പന്തിൽ 23 റൺസെടുത്തു. നതാൻ ലിയോൺ സ്വന്തം പന്തിൽ ഭരതിനെ ക്യാച്ചെടുത്തു മടക്കുകയായിരുന്നു. ഒടുവിൽ മുഹമ്മദ് സിറാജിനെ വീഴ്‌ത്തി ലിയോൺ ഇന്ത്യയുടെ പതനം പൂർത്തിയാക്കി.
രണ്ടാം ഇന്നിങ്സിൽ ഇന്ത്യക്ക് ശുഭ്മാൻ ഗില്ലിനെയാണ് ആദ്യം നഷ്ടമായത്. താരം 18 റൺസുമായി പുറത്തായി. ബോളണ്ടിനാണ് വിക്കറ്റ്. കാമറോൺ ഗ്രീനിന് ക്യാച്ച് നൽകിയാണ് ഗിൽ മടങ്ങിയത്. പിന്നീട് രോഹിതിന് കൂട്ടായി ചേതേശ്വർ പൂജാര വന്നു. ഇരുവരും ചേർന്നു കളി ഇന്ത്യക്ക് അനുകൂലമാക്കി കൊണ്ടു വന്നു. എന്നാൽ സ്‌കോർ 92ൽ നിൽക്കെ രോഹിത് പുറത്തായി. 43 റൺസെടുത്താണ് രോഹിത് മടങ്ങിയത്. തൊട്ടുപിന്നാലെ പൂജാരയും മടങ്ങി. താരം 27 റൺസാണ് കണ്ടെത്തിയത്.
കൂറ്റൻ ലക്ഷ്യത്തിലേക്ക് ബാറ്റിങ് തുടങ്ങിയ ഇന്ത്യക്കായി രോഹിത് ഗിൽ സഖ്യം അതിവേഗ തുടക്കമാണ് നൽകിയത്. ഇരുവരും 7.1 ഓവറിലാണ് 41 റൺസ് ബോർഡിൽ ചേർത്തത്. രണ്ടാം ഇന്നിങ്സിൽ ഓസ്ട്രേലിയ എട്ട് വിക്കറ്റ് നഷ്ടത്തിൽ 270 റൺസ് നേടി ഇന്നിങ്സ് ഡിക്ലയർ ചെയ്തു. 66 റൺസെടുത്തു പുറത്താകാതെ നിന്ന അലക്സ് കാരിയാണ് ടോപ് സ്‌കോറർ.
അലക്സ് കാരിയും വാലറ്റത്ത് മിച്ചൽ സ്റ്റാർക്കും ചേർന്ന് ഓസീസ് ഇന്നിങ്സ് മുന്നോട്ടു നയിച്ചു. സ്റ്റാർക്ക് 41 റൺസുമായി മടങ്ങി. പാറ്റ് കമ്മിൻസ് അഞ്ച് റൺസിൽ പുറത്തായി. പിന്നാലെ ഓസീസ് ഇന്നിങ്സ് ഡിക്ലയർ ചെയ്തു. ഇന്ത്യക്കായി രവീന്ദ്ര ജഡേജ മൂന്നും ഉമേഷ് യാദവ്, മുഹമ്മദ് ഷമി എന്നിവർ രണ്ടും വിക്കറ്റുകൾ വീഴ്‌ത്തി. മുഹമ്മദ് സിറാജ് ഒരു വിക്കറ്റെടുത്തു.
നാലാം ദിനത്തിൽ തുടക്കത്തിൽ തന്നെ ലബുഷെയ്നിനെ ഓസീസിന് നഷ്ടമായി. താരം 41 റൺസെടുത്താണ് മടങ്ങിയത്. പിന്നാലെ വന്ന കാമറോൺ ഗ്രീൻ മികച്ച രീതിയിൽ തുടങ്ങിയെങ്കിലും അധികം ആയുസുണ്ടായില്ല. താരം 25 റൺസുമായി പുറത്ത്. നാലാം ദിനത്തിൽ ഈ രണ്ട് വിക്കറ്റുകളാണ് ആദ്യ സെഷനിൽ ഓസ്ട്രേലിയക്ക് നഷ്ടമായത്. രണ്ടാം ഇന്നിങ്സിൽ തകർച്ചയോടെയായിരുന്നു ഓസ്ട്രേലിയ തുടങ്ങിയത്. ഒരു റണ്ണുമായി വാർണറും 13 റൺസുമായി ഉസ്മാൻ ഖവാജയും മടങ്ങി. ഉമേഷ് യാദവും മുഹമ്മദ് ഷമിയുമാണ് വിക്കറ്റുകൾ നേടിയത്.
പിന്നീട് സ്റ്റീവ് സ്മിത്തും മർനെസ് ലബ്ഷെയ്നും ചേർന്ന് ഓസീസിന് മുന്നോട്ടു കൊണ്ടു പോയി. എന്നാൽ സ്‌കോർ 86ൽ നിൽക്കെ സ്മിത്തിനെ മടക്കി ജഡേജ ഇന്ത്യയെ വീണ്ടും കളിയിലേക്ക് മടക്കി എത്തിച്ചു. 34 റൺസാണ് ഒന്നാം ഇന്നിങ്സിലെ സെഞ്ച്വറിക്കാരന്റെ സമ്പാദ്യം. സ്‌കോർ 100 കടന്നതിനു പിന്നാലെ ഒന്നാം ഇന്നിങ്സിലെ ടോപ് സ്‌കോറർ ട്രാവിസ് ഹെഡ്ഡും മടങ്ങി.
സ്പോർട്സ് ഡെസ്ക്