ഓവൽ: ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിൽ ഓസ്‌ട്രേലിയയോട് കനത്ത തോൽവി വഴങ്ങി കിരീടം കൈവിട്ടതിന് പിന്നാലെ ഇന്ത്യൻ ടീമിന് കനത്ത പിഴ ചുമത്തി ഐസിസി. മത്സരത്തിൽ നിശ്ചിത സമയത്ത് അഞ്ചോവർ കുറച്ച് എറിഞ്ഞതിന് ഇന്ത്യൻ ടീമിന് ഐസിസി മാച്ച് ഫീയുടെ 100 ശതമാനം പിഴ ചുമത്തി. നിശ്ചിത സമയത്ത് നാലോവർ കുറച്ചെറിഞ്ഞ ഓസ്‌ട്രേലിയൻ ടീമിന് മാച്ച് ഫീയുടെ 80 ശതമാനവും പിഴ ചുമത്തിയിട്ടുണ്ട്.

ഐസിസി നിയമപ്രകാരം നിശ്ചിത സമയത്ത് പൂർത്തിയാക്കാത്ത ഓരോ ഓവറിനും മാച്ച് ഫീയുടെ 20 ശതമനാനമാണ് പിഴ. ഇന്ത്യൻ ടീം അഞ്ചോവർ കുറച്ചായിരുന്നു നിശ്ചിത സമയത്ത് ബൗൾ ചെയ്തിരുന്നത് എന്നതുകൊണ്ടാണ് 100 ശതമാനം പിഴ ചുമത്തിയത്.

നിശ്ചിത സമയത്തിനുള്ളിൽ ഇന്ത്യ പൂർത്തിയാക്കിയ ഓവറുകളിൽ അഞ്ച് ഓവറുകളുടെ കുറവുണ്ടായെന്ന് രാജ്യാന്തര ക്രിക്കറ്റ് കൗൺസിൽ പ്രസ്താവനയിൽ അറിയിച്ചു. സ്‌ലോ ഓവർ റേറ്റിന്റെ പേരിൽ ഓസ്‌ട്രേലിയൻ ടീമിന് മാച്ച് ഫീസിന്റെ 80 ശതമാനം പിഴ ചുമത്തിയിട്ടുണ്ട്.

ഇതിന് പുറമെ ഇന്ത്യയുടെ രണ്ടാം ഇന്നിങ്‌സിൽ കാമറൂൺ ഗ്രീനിന്റെ ക്യാച്ചിൽ പുറത്തായതിന് പിന്നാലെ സമൂഹമാധ്യമങ്ങളിലൂടെ പ്രതികരിച്ച ഇന്ത്യൻ ഓപ്പണർ ശുഭ്മാൻ ഗില്ലിന് മാച്ച് ഫീയുടെ 15 ശതമാനം അധിക പിഴ ചുമത്തിയിട്ടുണ്ട്. ഇതോടെ ഗില്ലിന് ആകെ 115 ശതമാനം പിഴയായി ഒടുക്കേണ്ടിവരും.

ഫൈനലിന്റെ നാലാം ദിനം സ്‌കോട് ബോളൻഡിന്റെ പന്തിൽ തേർഡ് സ്ലിപ്പിൽ കാമറൂൺ ഗ്രീനിന്റെ ക്യാച്ചിൽ പുറത്തായിരുന്നു. പന്ത് നിലത്ത് തട്ടിയിരുന്നോ എന്ന് സംശയമുണ്ടായിട്ടും റീപ്ലേ പരിശോധിച്ച തേർഡ് അമ്പയർ റിച്ചാർഡ് കെറ്റിൽബറോ ഗിൽ ഔട്ടാണെന്ന് വിധിച്ചതാണ് ഗില്ലിനെ പ്രകോപിപ്പിച്ചത്. ഇതിനെതിരെ ഗിൽ സമൂഹമാധ്യമങ്ങളിലൂടെ പ്രതികരിച്ചത് ഐസിസി നിയമം ആർട്ടിക്കിൾ 2.7 അനുസരിച്ച് ശിക്ഷാർഹമാണെന്ന് മാച്ച് റഫറി കണ്ടെത്തിയതിനെത്തുടർന്ന് നടപടി.

ഇന്നലെ അവസാനിച്ച ഫൈനലിൽ ഓസ്‌ട്രേലിയക്കെതിരെ ഇന്ത്യ 209 റൺസിന്റെ കനത്ത തോൽവിയാണ് വഴങ്ങിയത്. ആദ്യ ഇന്നിങ്‌സിൽ 469 റൺസ് അടിച്ച ഓസ്‌ട്രേലിയക്ക് മറുപടിയായി ഇന്ത്യ 296 റൺസിന് പുറത്തായപ്പോൾ രണ്ടാ ഇന്നിങ്‌സിൽ ഓസ്‌ട്രേലിയ എട്ട് വിക്കറ്റ് നഷ്ടത്തിൽ 270 റൺസെടുത്ത് ഇന്നിങ്‌സ് ഡിക്ലയർ ചെയ്ത് ഇന്ത്യക്ക് 444 റൺസിന്റെ ലക്ഷ്യം മുന്നോട്ടുവെച്ചു. അഞ്ചാം ദിനം ആദ്യ സെഷനിൽ തന്നെ രണ്ടാം ഇന്നിങ്‌സിൽ 234 റൺസിന് ഓൾ ഔട്ടായാണ് ഇന്ത്യ 209 റൺസിന്റെ തോൽവി വഴങ്ങിയത്.