ഓവൽ: പത്ത് വർഷം നീണ്ട ഐസിസി ട്രോഫി വരൾച്ച അവസാനിപ്പിക്കാൻ ഓവലിലും ടീം ഇന്ത്യക്കായില്ല. തുടർച്ചയായ രണ്ടാം ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിലും ടീം ഇന്ത്യ നാണംകെട്ട തോൽവി ഏറ്റുവാങ്ങി. ഇക്കുറി ഓവലിലെ ഫൈനലിൽ ഓസ്‌ട്രേലിയയോട് 209 റൺസിന്റെ കനത്ത തോൽവി ഏറ്റുവാങ്ങുകയായിരുന്നു രോഹിത് ശർമ്മയുടെ ക്യാപ്റ്റൻസിയിൽ ഇന്ത്യൻ ക്രിക്കറ്റ് ടീം. അനാവശ്യമായി വിക്കറ്റ് വലിച്ചെറിഞ്ഞ് കൂടാരം കയറുകയായിരുന്നു ഇന്ത്യൻ ബാറ്റർമാർ.

കഴിഞ്ഞ തവണ വിരാട് കോലിയുടെ ക്യാപ്റ്റൻസിയിൽ ന്യൂസിലൻഡിനോട് ആണെങ്കിൽ ഇത്തവണ രോഹിത് ശർമ്മയുടെ നായകത്വത്തിൽ പരാജയം ഓസ്ട്രേലിയയോട് എന്നൊരു വ്യത്യാസം മാത്രം. ക്യാപ്റ്റനായി കോലിക്ക് സാധിക്കാതെ പോയ ഐസിസി കിരീടം ഹിറ്റ്മാനും കിട്ടാക്കനിയായി.

ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിൽ ഓസ്‌ട്രേലിയയോട് വഴങ്ങിയ തോൽവിക്ക് പിന്നിലെ കാരണങ്ങൾ വെളിപ്പെടുത്തി ഇന്ത്യൻ നായകൻ രോഹിത് ശർമ. പ്രധാനമായും രോഹിത് ചൂണ്ടിക്കാണിച്ച് ഇന്ത്യൻ ബാറ്റർമാർ അവസരത്തിനൊത്ത് ഉയരാത്തതാണ്. ബാറ്റിങ്ങിന് അനുകൂലമായ സാഹചര്യം ഉപയോഗിക്കാൻ കഴിഞ്ഞില്ലെന്ന് രോഹിത് തുറന്ന് പറഞ്ഞു.

''ടോസ് വിജയിച്ച ശേഷം നന്നായി തുടങ്ങനായി. ആദ്യ സെഷനിൽ മികച്ച രീതിയിൽ പന്തെറിഞ്ഞു. എന്നാൽ പിന്നീട് അതിന് സാധിച്ചില്ല. എല്ലാം ക്രെഡിറ്റും ഓസ്ട്രിലേയൻ ബാറ്റർമാർക്കാണ്. ഹെഡും സ്മിത്തും ചേർന്ന് കളി തട്ടിയെടുക്കുകയായിരുന്നു. തിരിച്ചുവരവ് കഠിനമാണെന്ന് ഞങ്ങൾക്കറിയമായിരുന്നു, അവസാനം വരെ പൊരുതി,'' രോഹിത് വ്യക്തമാക്കി.

''ടെസ്റ്റിന്റെ അഞ്ച് ദിവസവും ബാറ്റിങ്ങിന് അനുകൂലമായിരുന്നു സാഹചര്യം. എന്നാൽ അത് കൃത്യമായി പ്രയോജനപ്പെടുത്താൻ കഴിഞ്ഞില്ല,'' രോഹിത് കൂട്ടിച്ചേർത്തു. തുടർച്ചയായി രണ്ടാം ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിലും ഇടം നേടിയ ടീമിന്റെ പ്രകടനത്തെ രോഹിത് പ്രശംസിക്കാനും മറന്നില്ല.

''കഴിഞ്ഞ നാല് വർഷവും നന്നായി പ്രയത്‌നിച്ചു. രണ്ട് ഫൈനലുകൾ കളിക്കുക എന്നത് വലിയ നേട്ടം തന്നെയാണ്. എന്നാൽ ഞങ്ങൾ കുറച്ച് കൂടി മുന്നോട്ട് പോകാനാണ് ആഗ്രഹിക്കുന്നത്. കഴിഞ്ഞ രണ്ട് വർഷത്തെ കഠിനാധ്വാനം കണ്ടില്ലെന്ന് നടിക്കാനാകില്ല. ഫൈനലിൽ കിരീടം നേടാനാകാത്തത് നിരാശ തന്നെയാണ്,'' രോഹിത് പറഞ്ഞു.

അഞ്ച് ദിവസവും ടീമിന് പിന്തുണ നൽകിയ കാണികൾക്കും രോഹിത് നന്ദി പറഞ്ഞു. ''അഞ്ച് ദിവസവും ഗ്യാലറിയിൽ നിന്ന് പിന്തുണയുണ്ടായി. ഞങ്ങൾ നേടിയ ഓരോ വിക്കറ്റിനും റൺസിനും അവർ കയ്യടിച്ചു. ടീം മാനേജ്‌മെന്റിന്റേയും ടീമിന്റേയും പേരിൽ വലിയ നന്ദിയും സ്‌നേഹവും അറിയിക്കുന്നു,'' രോഹിത് അവസാനിപ്പിച്ചു.

രണ്ടാം ഇന്നിങ്സിൽ 444 റൺസ് വിജയലക്ഷ്യം തേടിയിറങ്ങിയ രോഹിത് ശർമ്മയും സംഘവും അഞ്ചാം ദിനത്തിലെ ആദ്യ സെഷനിൽ തന്നെ 234 റൺസിൽ പുറത്തായി. അഞ്ചാം ദിനം 70 റൺസിനിടെയാണ് ഇന്ത്യ ഏഴ് വിക്കറ്റുകൾ വലിച്ചെറിഞ്ഞത്. ഇതോടെ ഐസിസിയുടെ എല്ലാ കിരീടവും നേടുന്ന ആദ്യ ടീം എന്ന നേട്ടം കങ്കാരുക്കൾ സ്വന്തമാക്കുകയായിരുന്നു.