- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മയേഴ്സിന്റെ പോരാട്ടം പാഴായി; പൊരുതി വീണ് സിംബാബ്വെ; മൂന്ന് വിക്കറ്റുമായി സുന്ദര്‍; തുടര്‍ച്ചയായ രണ്ടാം ജയത്തോടെ ഇന്ത്യ പരമ്പരയില്‍ മുന്നില്‍
ഹരാരെ: ട്വന്റി 20 ക്രിക്കറ്റ് പരമ്പരയിലെ മൂന്നാം മത്സരത്തില്‍ സിംബാബ്വെയെ 23 റണ്‍സിന് കീഴടക്കി ഇന്ത്യ പരമ്പരയില്‍ മുന്നില്‍. ഇന്ത്യ ഉയര്‍ത്തിയ 183 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന സിംബാബ്‌വെയ്ക്ക് 20 ഓവറില്‍ ആറു വിക്കറ്റ് നഷ്ടത്തില്‍ 159 റണ്‍സെടുക്കാനേ സാധിച്ചുള്ളു. വിജയത്തോടെ പരമ്പരയില്‍ ഇന്ത്യ 2 - 1ന് മുന്നിലെത്തി. ശനിയാഴ്ച ഹരാരെയിലാണ് നാലാം മത്സരം.
ആദ്യ പത്തോവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 60 റണ്‍സെന്ന നിലയില്‍ പതറിയ സിംബാബ്വെ അവസാന പത്തോവറില്‍ ഒരു വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി 99 റണ്‍സ് അടിച്ചെടുത്തു. 49 പന്തില്‍ 65 റണ്‍സുമായി പുറത്താകാതെ നിന്ന ഡിയോണ്‍ മയേഴ്‌സാണ് സിംബാബ്വെയുടെ ടോപ് സ്‌കോറര്‍. 37 റണ്‍സെടുത്ത ക്ലൈവ് മദാന്ദെയും സിംബാബ്വെക്കായി തിളങ്ങി. ഇന്ത്യക്കായി 15 റണ്‍സിന് മൂന്ന് വിക്കറ്റെടുത്ത വാഷിംഗ്ടണ്‍ സുന്ദര്‍ കളിയിലെ താരമായി. സ്‌കോര്‍ ഇന്ത്യ 20 ഓവറില്‍ 182-4, സിംബാബ്വെ 20 ഓവറില്‍ 159-6.
തുടക്കത്തിലെ വിക്കറ്റുകള്‍ എറിഞ്ഞിട്ട ഇന്ത്യ അനായാസ ജയം പ്രതീക്ഷിച്ചിരുന്നിടത്തു നിന്നായിരുന്നു സിംബാബ്വെ തിരിച്ചടിച്ചത്. രണ്ടാം ഓവറില്‍ തന്നെ ഓപ്പണര്‍ മധേവേരയെ(1) വീഴ്ത്തി ആവേശ് ഖാനാണ് സിംബാബ്വെയുടെ തകര്‍ച്ചക്ക് തുടക്കമിട്ടത്. മറുമാണിയെ(13) ഖലീലും ബ്രയാന്‍ ബെന്നറ്റിനെ(4) രവി ബിഷ്‌ണോയിയുടെ വണ്ടര്‍ ക്യാച്ചില്‍ ആവേശും മടക്കിയതോടെ സിംബാബ്വെ പവര്‍ പ്ലേ കഴിയുമ്പോള്‍ 37-3ലേക്ക് വീണു.
പവര്‍ പ്ലേക്ക് പിന്നാലെ വാഷിംഗ്ടണ്‍ സുന്ദര്‍ ഒരോവറില്‍ ക്യാപ്റ്റന്‍ സിക്കന്ദര്‍ റാസയെയും(15), ജൊനാഥന്‍ കാംപ്ബെല്ലിനെയും(1) വീഴ്ത്തിയതോടെ 39-5ലേക്ക് വീണ സിംബാബ്വെ വലിയ തോല്‍വി വഴങ്ങുമെന്ന് കരുതി. എന്നാല്‍ ഏഴാം ഓവറില്‍ ഒത്തു ചേര്‍ന്ന മയേഴ്‌സും മദാന്ദെയും 77 റണ്‍സ് കൂട്ടുകെട്ടിലൂടെ തകര്‍ത്തടിച്ചതോടെ ഇന്ത്യയുടെ പിടി അയഞ്ഞു.
അഞ്ചാം ബൗളറില്ലാതിരുന്നതും ഇന്ത്യക്ക് തിരിച്ചടിയായി. ആവേശ് ഖാന്‍ എറിഞ്ഞ അവസാന ഓവറില്‍ 19ഉം രവി ബിഷ്‌ണോയ് എറിഞ്ഞ പത്തൊമ്പതാം ഓവറില്‍ 16 ഉം റണ്‍സടിച്ച സിംബാബ്വെ അവസാന നാലോവറില്‍ 48 റണ്‍സടിച്ചെങ്കിലും ലക്ഷ്യം എത്തിപ്പിടിക്കാനായില്ല. മയേഴ്‌സ് 49 പന്തില്‍ ഏഴ് ഫോറും ഒരു സിക്‌സും പറത്തി 65 റണ്‍സുമായി പുറത്താകാതെ നിന്നപ്പോള്‍ മദാന്ദെ 26 പന്തില്‍ 37 റണ്‍സടിച്ചു.
ഇന്ത്യക്കായി ഖലീല്‍ ആഹമ്മദ് നാലോവറില്‍ 15 റണ്‍സിന് ഒരു വിക്കറ്റെടുത്തപ്പോള്‍ വാഷിംഗ്ടണ്‍ സുന്ദര്‍ നാലോവറില്‍ 15 റണ്‍സിന് മൂന്ന് വിക്കറ്റും ആവേശ് ഖാന്‍ നാലോവറില്‍ 39 റണ്‍സിന് രണ്ട് വിക്കറ്റുമെടുത്തു. അഞ്ചാം ബൗളറുടെ ക്വാട്ടയില്‍ അഭിഷേക് ശര്‍മ രണ്ടോവറില്‍ 23ഉം ശിവം ദുബെ രണ്ടോവറില്‍ 27 റണ്‍സും വഴങ്ങി.
ടോസ് നേടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ 20 ഓവറില്‍ നാലു വിക്കറ്റ് നഷ്ടത്തില്‍ 182 റണ്‍സെടുത്തു. ക്യാപ്റ്റന്‍ ശുഭ്മന്‍ ഗില്‍ അര്‍ധ സെഞ്ചറി നേടി. 49 പന്തുകള്‍ നേരിട്ട ഗില്‍ 66 റണ്‍സെടുത്തു പുറത്തായി. 28 പന്തുകളില്‍നിന്ന് ഋതുരാജ് ഗെയ്ക്വാദ് 49 റണ്‍സെടുത്തു. യശസ്വി ജയ്‌സ്വാള്‍ 27 പന്തില്‍ 36 റണ്‍സും സ്വന്തമാക്കി.
ഓപ്പണിങ് വിക്കറ്റില്‍ 67 റണ്‍സിന്റെ കൂട്ടുകെട്ടാണ് യശസ്വി ജയ്‌സ്വാളും ശുഭ്മന്‍ ഗില്ലും ഇന്ത്യയ്ക്കായി ചേര്‍ത്തത്. ഒന്‍പതാം ഓവറില്‍ സിക്കന്ദര്‍ റാസയുടെ പന്തില്‍ ബ്രയാന്‍ ബെന്നറ്റ് ക്യാച്ചെടുത്ത് ജയ്‌സ്വാളിനെ പുറത്താക്കി. കഴിഞ്ഞ മത്സരത്തില്‍ സെഞ്ചറി നേടിയ അഭിഷേക് ശര്‍മയ്ക്ക് ഇത്തവണ തിളങ്ങാനായില്ല. ഒന്‍പതു പന്തുകള്‍ നേരിട്ട താരം 10 റണ്‍സ് മാത്രമെടുത്താണു പുറത്തായത്. സിക്കന്ദര്‍ റാസയുടെ പന്തില്‍ മറുമനി ക്യാച്ചെടുത്തായിരുന്നു അഭിഷേകിനെ മടക്കിയത്.
തകര്‍പ്പന്‍ ബൗണ്ടറികളുമായി ഗില്ലിനൊപ്പം ഋതുരാജ് ഗെയ്ക്വാദും തിളങ്ങിയതോടെ 12.4 ഓവറില്‍ ഇന്ത്യ 100 പിന്നിട്ടു. സ്‌കോര്‍ 153 ല്‍ നില്‍ക്കെ ശുഭ്മന്‍ ഗില്ലിനെ സിക്കന്ദര്‍ റാസ ക്യാച്ചെടുത്തു പുറത്താക്കി. അവസാന ഓവറില്‍ മുസരബനിയെ ബൗണ്ടറി കടത്താനുള്ള ശ്രമത്തിനിടെ െവസ്‌ലി മാഥവരെ ക്യാച്ചെടുത്ത് ഗെയ്ക്വാദിനെ മടക്കി. മലയാളി താരം സഞ്ജു സാംസണ്‍ ഏഴു പന്തില്‍ 12 റണ്‍സെടുത്തു പുറത്താകാതെ നിന്നു. സിംബാബ്‌വെയ്ക്കായി ക്യാപ്റ്റന്‍ സിക്കന്ദര്‍ റാസയും ബ്ലെസിങ് മുസരബനിയും രണ്ടു വിക്കറ്റുകള്‍ വീതം വീഴ്ത്തി.