- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
സ്‌കോട്ലൻഡിനെ തകർത്ത് സിംബാബ്വെയും സൂപ്പർ 12 റൗണ്ടിൽ ; അട്ടിമറിയോടെ തുടങ്ങിയ സ്കോട്ട്ലന്റിന് നോക്കൗട്ട് കാണാതെ മടക്കം; സിംബാബ്വെയുടെ വിജയം അഞ്ച് വിക്കറ്റിന് ; സൂപ്പർ 12 ചിത്രം വ്യക്തമായി; നോക്കൗട്ട് റൗണ്ടിന് നാളെ തുടക്കം; ആദ്യമത്സരം ന്യൂസിലാന്റും ഓസ്ട്രേലിയയും തമ്മിൽ

മെൽബൺ: ടി20 ലോകകപ്പിലെ സൂപ്പർ 12 പോരാട്ടചിത്രം വ്യക്തമായി. സൂപ്പർ 12 യോഗ്യതാ പോരാട്ടത്തിലെ അഴസാന മത്സരത്തിൽ സ്‌കോട്ലൻഡിനെ അഞ്ച് വിക്കറ്റിന് തകർത്ത് സിംബാബ്വെ സൂപ്പർ 12ലെ അവസാന ടീമായി. ബി ഗ്രൂപ്പിൽ ചാമ്പ്യന്മാരായ സിംബാബ്വെ ഇന്ത്യയുൾപ്പെടുന്ന ഗ്രൂപ്പിലാണ് മത്സരിക്കുക. നിർണായക പോരാട്ടത്തിൽ സ്‌കോട്ലൻഡ് ഉയർത്തിയ 133 റൺസ് വിജയലക്ഷ്യം സിംബാബ്വെ 18.3 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ മറികടന്നു. 58 റൺസെടുത്ത ക്രെയ്ഗ് ഇർവിനാണ് സിംബാബ്വെയുടെ ടോപ് സ്‌കോറർ.
സ്‌കോട്ലൻഡ് ഉയർത്തിയ 133 റൺസ് വിജയലക്ഷ്യത്തിലേക്ക് ബാറ്റ് വീശിയ സിംബാബ്വെ തുടക്കത്തിൽ തകർന്നടിഞ്ഞിരുന്നു. 7-2ലേക്കും 42-3ലേക്കും വീണ സിംബാബ്വെയെ സിക്കന്ദർ റാസയും(23 പന്തിൽ 40), ക്രെയ്ഗ് ഇർവിൻ(54 58) എന്നിവരുടെ പോരാട്ടമികവിൽ ലക്ഷ്യത്തിലെത്തി. ലക്ഷ്യത്തിന് അടുത്തെത്തിയപ്പോൾ ഇർവിനും റാസയും മടങ്ങിയത് സിംബാബ്വെയെ നേരിയ സമ്മർദ്ദത്തിലാക്കിയെങ്കിലും മിൾട്ടൺ ഷുംബയും(11), റയാൻ ബേളും(9) ചേർന്ന് സിംബാബ്വെയെ ലക്ഷ്യത്തിലെത്തിച്ചു.
നേരത്തെ ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത സ്‌കോട്ലൻഡ് ജോർജ് മുൻസി(51 പന്തിൽ 54)യുടെ പോരാട്ടത്തിന്റെ മികവിലാണ് ഭേദപ്പെട്ട സ്‌കോറിലെത്തിയത്. തുടക്കത്തിൽ തകർന്നടിഞ്ഞെങ്കിലും മക്ലോയ്ഡ്(25) ക്യാപ്റ്റൻ ബെറിങ്ടൺ(13), ലീസ്‌ക്(12) എന്നിവരുടെ ബാറ്റിങ് മികവിലാണ് 132 റൺസിലെത്തിയത്.
സൂപ്പർ 12ൽ ഇന്ത്യ, പാക്കിസ്ഥാൻ, ദക്ഷിണാഫ്രിക്ക, ബംഗ്ലാദേശ്, നെതർലൻഡ്‌സ്, സിംബാബ്വെ എന്നിങ്ങനെയാണ് ഗ്രൂപ്പ് രണ്ടിലെ ടീമുകൾ. ഇംഗ്ലണ്ട്, ന്യൂസിലൻഡ്, ശ്രീലങ്ക, അയർലൻഡ്, അഫ്ഗാനിസഥാൻ, ഓസ്‌ട്രേലിയ എന്നീ ടീമുകളാണ് ഗ്രൂപ്പ് ഒന്നിലുള്ളത്. നാളെ ഓസ്‌ട്രേലിയ-ന്യൂസിലൻഡ് പോരാട്ടത്തോടെയാണ് സൂപ്പർ 12 പോരാട്ടങ്ങൾക്ക് തുടക്കാമകുക. ഞായറാഴ്ചയാണ് സൂപ്പർ 12ലെ സൂപ്പർ പോരാട്ടമായ ഇന്ത്യ-പാക്കിസ്ഥാൻ മത്സരം.


