കൊളംബോ: ഇന്ത്യ-ശ്രീലങ്ക ഏകദിന പരമ്പരയിലെ രണ്ടാം മത്സരം നാളെ കൊളംബോ പ്രേമദാസ സ്റ്റേഡിയത്തില്‍ നടക്കും. ഇരുവരും തമ്മിലുള്ള ആദ്യ മത്സരം ടൈയില്‍ അവസാനിച്ചിരുന്നു. ഇരു ടീമുകള്‍ക്കം 230 റണ്‍സാണ് നേടാന്‍ സാധിച്ചത്. നാളെ രണ്ടാം മത്സരത്തില്‍ ഇന്ത്യന്‍ ടീമില്‍ മാറ്റമുണ്ടാക്കുമോ എന്നാണ് ആരാധകര്‍ ഉറ്റുനോക്കുന്നത്.

പകലും രാത്രിയുമാണ് മത്സരമെന്നതിനാല്‍ ഇന്ത്യന്‍ സമയം ഉച്ചക്ക് 2.30നാണ് മത്സരം തുടങ്ങുക. ഇന്ത്യയില്‍ സോണി സ്പോര്‍ട്സ് നെറ്റ്വര്‍ക്കിലും സോണി ലിവിലും മത്സരം തത്സമയം കാണാനാകും.

രോഹിത്തിനൊപ്പം ശുഭ്മാന്‍ ഗില്‍ കളിക്കും. ടി20 ഫോര്‍മാറ്റില്‍ മികച്ച ഫോമില്‍ കളിച്ച ഗില്ലിന് ആദ്യ ഏകദിനത്തില്‍ തിളങ്ങാനായിരുന്നില്ല. എന്നാലും മാറ്റത്തിന് സാധ്യതയില്ല. മൂന്നാം സ്ഥാനത്ത് വിരാട് കോലി. ആദ്യ ഏകദിനത്തില്‍ വാഷിംഗ്ടണ്‍ സുന്ദറാണ് നാലമനായി കളിച്ചത്. അഞ്ച് റണ്‍സ് മാത്രമാണ് താരം നേടിയത്. എന്നാല്‍ ബൗളിംഗില്‍ തിളങ്ങിയ സുന്ദറിനെ മാറ്റില്ല. എന്നാല്‍ സ്ഥാനം മാറ്റിയേക്കും. നാലാമത് ശ്രേയസ് അയ്യര്‍ തുടരും. തൊട്ടുപിന്നാലെ, വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ കെ എല്‍ രാഹുലെത്തും. റിഷഭ് പന്ത് നാളെയും പുറത്തിരിക്കും.

കൊളംബോയിലെ സ്പിന്നിനെ തുണയ്ക്കുന്ന പിച്ചില്‍ ഓള്‍റൗണ്ടര്‍ റിയാന്‍ പരാഗ് കളിക്കാന്‍ സാധ്യത ഏറെയാണ്. അങ്ങനെയെങ്കില്‍ ശിവം ദുബെ പുറത്തിരിക്കും. പരാഗിനെ നാലാം സ്ഥാനത്തേക്കും പരിഗണിച്ചേക്കാം. അല്ലെങ്കില്‍ രാഹുലിന് ശേഷം ആറാമനായി ബാറ്റിംഗിനെത്തും. പരാഗിന്റെ ഏകദിന അരങ്ങേറ്റം കൂടിയാവാമിത്. തുടര്‍ന്ന് അക്സര്‍ പട്ടേലും സുന്ദറും കളിക്കും. പേസര്‍മാരായി അര്‍ഷ്ദീപ് സിംഗും മുഹമ്മദ് സിറാജും തുടരും.

രണ്ടാം ഏകദിനത്തിനുള്ള ഇന്ത്യയുടെ സാധ്യതാ ഇലവന്‍: വിരാട് കോലി (ക്യാപ്റ്റന്‍), ശുഭ്മാന്‍ ഗില്‍, വിരാട് കോലി, ശ്രേയസ് അയ്യര്‍, കെ എല്‍ രാഹുല്‍, ശിവം ദുബെ / റിയാന്‍ പരാഗ്, അക്സര്‍ പട്ടേല്‍, വാഷിംഗ്ടണ്‍ സുന്ദര്‍, മുഹമ്മദ് സിറാജ്, അര്‍ഷ്ദീപ് സിംഗ്.