- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഇരുടീമുകളിലും ഇടംപിടിച്ച് ദുബെയും പരാഗും; സിംബാബ്വെയില് മിന്നിയിട്ടും അഭിഷേകും ഋതുരാജും പുറത്ത്; സഞ്ജു കയ്യാലപ്പുറത്ത്; ആരാധര്‍ക്ക് നിരാശ
മുംബൈ: ശ്രീലങ്കന്‍ പര്യടനത്തിനുള്ള ഇന്ത്യയുടെ ഏകദിന, ട്വന്റി 20 ടീമുകളെ പ്രഖ്യാപിച്ചപ്പോള്‍ ആരാധകരെ അത്ഭുതപ്പെടുത്തിയത് രാജസ്ഥാന് റോയല്‍സിന്റെ യുവതാരം റയാന് പരാഗിന് ഇരുടീമുകളിലും ഇടംലഭിച്ചതായിരുന്നു. സിംബാബ്വെ പര്യടനത്തില്‍ ഇന്ത്യന്‍ ടീമിലെത്തി കാര്യമായ പ്രകടനം പുറത്തെടുക്കാതിരുന്ന യുവതാരത്തിന് ലങ്കന്‍ പര്യടനത്തില്‍ ടീമില്‍ ഇടംലഭിക്കുമെന്ന് പോലും ആരാധകര്‍ പ്രതീക്ഷിച്ചിരുന്നില്ല. എന്നാല്‍ അപ്രതീക്ഷിതമായി ഏകദിന ടീമില്‍ പോലും ഇടംലഭിച്ചു.
അതേ സമയം സിംബാബ്വെക്കെതിരെ അരങ്ങേറി രണ്ടാം മത്സരത്തില്‍ തന്നെ സെഞ്ചുറിയടിച്ച് വിസ്മയിപ്പിച്ച അഭിഷേക് ശര്‍മയ്ക്കും, മികച്ച പ്രകടനം കാഴ്ചവച്ച ഋതുരാജ് ഗെയ്ക്വാദിനോ ടീമിലിടം കിട്ടിയില്ലെന്നതും ആരാധകരെ അത്ഭുതപ്പെടുത്തി. മലയാളി താരം സഞ്ജു സാംസണ് ആകട്ടെ ട്വന്റി 20 ടീമില്‍ മാത്രമായി ഒതുങ്ങുകയും ചെയ്തു. അടുത്ത വര്‍ഷം നടക്കുന് ചാമ്പ്യന്‍സ് ട്രോഫിക്കുള്ള ഇന്ത്യയുടെ ടീമിലേക്കുള്ള പടിവാതിലായേക്കാവുന്ന പരമ്പരയില്‍ ഇടംപിടിക്കാതെ പോയത് സഞ്ജുവിന് തിരിച്ചടിയാണ്.
ഏകദിന ലോകകപ്പിന് ശേഷം ഇന്ത്യ അവസാനം ഒരു ഏകദിന പരമ്പര കളിച്ചത് കഴിഞ്ഞ വര്‍ഷം ഡിസംബറിലായിരുന്നു. ദക്ഷിണാഫ്രിക്കയ്ക്കെതിരായ മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പര ഇന്ത്യ 2- 1ന് വിജയിച്ചു. രണ്ടാം മത്സരം ജയിച്ച് പരമ്പരയിലേക്കു തിരിച്ചെത്തിയ ദക്ഷിണാഫ്രിക്കയെ അവസാന കളിയില്‍ തോല്പിച്ചാണ് ഇന്ത്യ 2- 1ന് മുന്നിലെത്തിയത്. 78 റണ്‍സിന് വിജയിച്ചപ്പോള്‍ സെഞ്ചറി നേടി കളിയിലെ താരമായത് മലയാളി താരം സഞ്ജു സാംസണായിരുന്നു.
മാസങ്ങള്‍ക്കിപ്പുറം ചാംപ്യന്‍സ് ട്രോഫി കൂടി മുന്നില്‍ കണ്ട് ഇന്ത്യ ശ്രീലങ്കയ്ക്കെതിരെ പരമ്പര കളിക്കാനിറങ്ങുമ്പോള്‍ അവസാന കളിയില്‍ സെഞ്ചറി നേടിയ സഞ്ജുവിനെ ടീമിലേക്കു പരിഗണിക്കുക പോലും ചെയ്തില്ല. 15 അംഗ ടീമില്‍ കെ.എല്‍. രാഹുലും ഋഷഭ് പന്തുമാണു വിക്കറ്റ് കീപ്പര്‍മാര്‍. ദക്ഷിണാഫ്രിക്കയ്ക്കെതിരായ ഇന്ത്യയുടെ അവസാന മത്സരത്തില്‍ 114 പന്തുകള്‍ നേരിട്ട സഞ്ജു 108 റണ്‍സെടുത്തു പുറത്തായിരുന്നു. ഏകദിന ശൈലിയില്‍ ബാറ്റു വീശിയ മലയാളി താരം മൂന്ന് സിക്സുകളും ആറ് ഫോറുകളുമാണു ബൗണ്ടറി കടത്തിയത്.
ശ്രീലങ്കന്‍ പര്യടനത്തില്‍ രോഹിത് ശര്‍മ നയിക്കുന്ന ഏകദിന ടീമില്‍ ശുഭ്മന്‍ ഗില്ലാണു വൈസ് ക്യാപ്റ്റന്‍. ഋഷഭ് പന്ത്, വിരാട് കോലി, ശ്രേയസ് അയ്യര്‍ എന്നിവര്‍ ഏകദിന ടീമിലേക്കു മടങ്ങിയെത്തിയതോടെയാണ് സഞ്ജുവിന് ടീമില്‍ അവസരമില്ലാതെ പോയത്. അടുത്ത വര്‍ഷം നടക്കുന്ന ചാംപ്യന്‍സ് ട്രോഫി ലക്ഷ്യമിട്ടാണ് ഇന്ത്യ ഏകദിന ടീമിനെ ഒരുക്കുന്നത്.
ശ്രീലങ്കയ്ക്കെതിരായ പരമ്പര കഴിഞ്ഞാല്‍ പിന്നെ അഞ്ച് മാസത്തോളം ഇന്ത്യ ഏകദിന പരമ്പര കളിക്കില്ല. ചാംപ്യന്‍സ് ട്രോഫിക്കു മുന്‍പ് ഇംഗ്ലണ്ടിനെതിരെ മാത്രമാണ് ഏകദിനം കളിക്കാനുള്ളത്. അതുകൂടി മുന്നില്‍ കണ്ടാണ് പ്രധാന താരങ്ങളെ ഉള്‍പ്പെടുത്തി ഇന്ത്യ ഏകദിന ടീമിനെ ഇറക്കുന്നത്. നേരത്തേ രോഹിത് ശര്‍മയ്ക്കും വിരാട് കോലിക്കും വിശ്രമം നല്കാന് ബിസിസിഐ ആലോചിച്ചിരുന്നു. എന്നാല്‍ പരിശീലകന് ഗൗതം ഗംഭീര്‍ നിര്‍ബന്ധിച്ചതോടെ ഏകദിന പരമ്പര കളിക്കാന്‍ ഇരുവരും സമ്മതിക്കുകയായിരുന്നു.
നിലവില്‍ സഞ്ജുവിന് ട്വന്റി 20 ടീമിലെങ്കിലും ഇടം കിട്ടിയെങ്കിലും പ്ലേയിംഗ് ഇലവനില്‍ ഉള്‍പ്പെടുമോയെന്ന കാര്യം വ്യക്തതയില്ല. ഒന്നാം നമ്പര്‍ വിക്കറ്റ് കീപ്പര്‍ ബാറ്ററായി ഋഷഭ് പന്തിനെ പരിഗണിക്കാനാണ് സാധ്യത. സിംബാബ്വെ പര്യടനത്തില്‍ ആദ്യ രണ്ട് ടി20കളില്‍ ടീമിലില്ലാതിരുന്ന സഞ്ജുവിന് അവസാന മൂന്ന് ടി20 മത്സരങ്ങളില്‍ രണ്ടെണ്ണത്തില്‍ മാത്രമാണ് ബാറ്റിംഗിന് അവസരം ലഭിച്ചത്. ഒരു മത്സരത്തില്‍ ഏഴ് പന്തില്‍ 12 റണ്‍സുമായി പുറത്താകാതെ നിന്ന സഞ്ജുവിന് പരമ്പരയിലെ നാലാം മത്സരത്തില്‍ ബാറ്റിംഗിന് അവസരം ലഭിച്ചില്ല. അവസാന മത്സരത്തില്‍ അര്‍ധസെഞ്ചുറിയുമായി ടീമിന്റെ ടോപ് സ്കോററായി. ശ്രീലങ്കയ്ക്ക് എതിരെ സഞ്ജുവിനെ രണ്ടാം വിക്കറ്റ് കീപ്പറായാണ് ഉള്‍പ്പെടുത്തിയത്.
സിംബാബ്വെക്കെതിരെ തന്റെ രണ്ടാം മത്സരത്തില്‍ വെടിക്കെട്ട് സെഞ്ചുറിയുമായി വരവറിയിച്ച അഭിഷേക് ശര്‍മക്കോ, മധ്യനിരയില്‍ നാല് കളികളില്‍ 133 റണ്‍സടിച്ച് മികച്ച പ്രകടനം പുറത്തെടുത്ത ഋതുരാജ് ഗെയ്ക്വാദിനോ ടീമിലിടം കിട്ടിയില്ലെന്നതാണ് ശ്രദ്ധേയം. സിംബാബ്വെക്കെതിരെ മികവ് കാട്ടാതിരുന്നിട്ടും റിയാന്‍ പരാഗിന് ഏകദിന, ടി20 ടീമുകളില്‍ അവസരം കിട്ടിയെന്നത് ശ്രദ്ധേയമായി. ഏകദിന ശൈലിയിലാണെങ്കിലും സിംബാബ്വെയിലെ ഭേദപ്പെട്ട പ്രകടനത്തോടെ ശുഭ്മാന്‍ ഗില്‍ ട്വന്റി 20 ടീമിലെ സ്ഥാനം തിരിച്ചുപിടിച്ചതിനൊപ്പം ഹാര്‍ദ്ദിക്കില്‍ നിന്ന് വൈസ് ക്യാപ്റ്റന്‍ സ്ഥാനവും സ്വന്തമാക്കിയെന്നത് ശ്രദ്ധേയമാണ്.
ഏകദിനത്തിനും ട്വന്റി 20ക്കും വ്യത്യസ്ത ടീമുകളെന്ന ഗംഭീറിന്റെ ആശയം പൂര്‍ണമായും പ്രതിഫലിച്ചിട്ടില്ലെങ്കിലും ഏറെക്കുറെ ആ രീതിയിലാണ് ടീമിനെ തെരഞ്ഞെടുത്തിരിക്കുന്നത്. യശസ്വി ജയ്സ്വാള്‍ സഞ്ജുവിനെപ്പോലെ ട്വന്റി 20 ടീമില്‍ മാത്രമാണ് ഇടം നേടിയത്. കെ എല്‍ രാഹുലിനെയാകട്ടെ ഏകദിന ടീമില്‍ മാത്രമാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത് എന്നതും ശ്രദ്ധേയമാണ്. ഗംഭീര്‍ മെന്ററായിരുന്ന ലഖ്നൗ സൂപ്പര്‍ ജയന്റ്സിന്റെ നായകനായിരുന്നു രാഹുല്‍. ടി20 ക്രിക്കറ്റിലെ മെല്ലെപ്പോക്കിന്റെ പേരില്‍ രാഹുലിന് ഒട്ടേറെ വിമര്‍ശനങ്ങള്‍ ഏറ്റുവാങ്ങേണ്ടിവന്നിരുന്നു.
കഴിഞ്ഞ വര്‍ഷത്തെ ഏകദിന ലോകകപ്പിന് പിന്നാലെ ബിസിസിഐ കരാര്‍ നഷ്ടമായെങ്കിലും ഗംഭീര്‍ കോച്ചായതോടെ ശ്രേയസ് അയ്യര്‍ വീണ്ടും ഇന്ത്യന്‍ ക്രിക്കറ്റിന്റെ മുഖ്യധാരയിലേക്ക് തിരിച്ചെത്തുന്നുവെന്നതും പ്രത്യേകതയാണ്. ഐപിഎല്ലില്‍ ഗംഭീറിന് കീഴില്‍ ശ്രേയസ് കൊല്‍ക്കത്തയെ ചാമ്പ്യന്മാരാക്കിയിരുന്നു. ടി20 ക്രിക്കറ്റില്‍ നിന്ന് വിരമിച്ച രവീന്ദ്ര ജഡേജയെ ഏകദിന ടീമിലേക്കും പരിഗണിച്ചിട്ടില്ലെന്നതും ശ്രദ്ധേയമാണ്. അക്സര്‍ പട്ടേലിനെയാണ് സ്പിന്‍ ഓള് റൗണ്ടറായി പരിഗണിച്ചത്. സിംബാബ്വെക്കെതിരായ പരമ്പരയിലെ താരമായ വാഷിംഗ്ടണ്‍ സുന്ദറിനെ ഏകദിന, ടി20 ടീമുകളിലുള്‍പ്പെടുത്തി. ലോകകപ്പില്‍ തിളങ്ങിയ അര്‍ഷ്ദീപ് സിംഗ് ഏകദിന, ടി20 ടീമുകളില്‍ സ്ഥാനം നിലനിര്‍ത്തിയപ്പോള്‍ രവി ബിഷ്ണോയിക്ക് ടി20 ടീമില്‍ സ്ഥാനം നിലനിര്‍ത്താനായി. ശിവം ദുബെ ഏകദിന, ടി20 ടീമുകളിലെത്തിയെന്നതും ശ്രദ്ധേയമാണ്.