- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഗംഭീറിന് വേണ്ടത് സൂര്യകുമാറിനെ; ജയ് ഷായ്ക്ക് താല്പര്യം ഹാര്‍ദിക്കിനെ; ടീം പ്രഖ്യാപനം വൈകുന്നു; ചര്‍ച്ചകള്‍ക്കിടെ പാണ്ഡ്യയുടെ ഇന്‍സ്റ്റഗ്രാം പോസ്റ്റ്
മുംബൈ: ട്വന്റി 20 ലോകകപ്പിനും സിംബാബ്വെ പര്യടനത്തിനും പിന്നാലെ ശ്രീലങ്കന്‍ പര്യടനത്തിന് ഒരുങ്ങുന്ന ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ അടുത്ത ട്വന്റി 20 ക്യാപ്റ്റന്‍ ആരായിരിക്കുമെന്ന ആകാംക്ഷയിലാണ് ക്രിക്കറ്റ് ലോകം. നായകന്‍ രോഹിത് ശര്‍മയുടെ പിന്‍ഗാമിയായി ഹാര്‍ദിക് പാണ്ഡ്യയെ പ്രതീക്ഷിച്ച ആരാധകരെ ഞെട്ടിച്ചാണ് സസ്‌പെന്‍സ് തുടരുന്നത്.
അടുത്ത ട്വന്റി 20 ലോകകപ്പ് വരെ ഇന്ത്യയുടെ ട്വന്റി 20 ടീമിനെ നയിക്കേണ്ടത് ആരാകണമെന്ന കാര്യത്തില്‍ പരിശീലകന്‍ ഗൗതം ഗംഭീറും ബിസിസിഐ സെക്രട്ടറി ജയ് ഷായും തമ്മില്‍ ഭിന്ന അഭിപ്രായമുണ്ടെന്നാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ശ്രീലങ്കന്‍ പര്യടനത്തിനുള്ള ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ പ്രഖ്യാപനം വൈകുന്നത് ഇക്കാരണത്താലാണെന്നാണ് റിപ്പോര്‍ട്ടുകള്‍.
ബുധനാഴ്ച ടീമിനെ പ്രഖ്യാപിക്കുമെന്ന് അറിയിച്ചിരുന്നെങ്കിലും സെലക്ഷന്‍ കമ്മിറ്റി യോഗം വ്യാഴാഴ്ചത്തേക്ക് മാറ്റുകയായിരുന്നു. ഗംഭീറും ജയ് ഷായും തമ്മില്‍ ധാരണയിലെത്താത്തതിനെ തുടര്‍ന്നാണിതെന്നാണ് റിപ്പോര്‍ട്ട്. ലോകകപ്പ് നേടിയ ഇന്ത്യന്‍ ടീമിലെ വൈസ് ക്യാപ്റ്റനായിരുന്നെങ്കിലും ഹാര്‍ദിക് നേരിടുന്ന പരുക്കുകളും ആരോഗ്യ പ്രശ്‌നങ്ങളുമാണ് ചര്‍ച്ചകള്‍ക്ക് കാരണം.
ട്വന്റി 20 ലോകകപ്പ് കിരീട നേട്ടത്തിനു പിന്നാലെ രോഹിത് ശര്‍മ ആ ഫോര്‍മാറ്റില്‍ നിന്ന് വിരമിച്ചിരുന്നു. ഇതോടെയാണ് പുതിയ ക്യാപ്റ്റനെ കണ്ടെത്തേണ്ടി വന്നത്. ഹാര്‍ദിക്കിനെ ക്യാപ്റ്റനായി തിരികെ കൊണ്ടുവരണോ അതോ കഴിഞ്ഞ വര്‍ഷം ഹാര്‍ദിക്കിന്റെ പരുക്കിനെത്തുടര്‍ന്ന് പകരം വന്ന സൂര്യകുമാര്‍ യാദവിനെ ട്വന്റി 20 ക്യാപ്റ്റനാക്കണോ എന്നതിലാണ് തര്‍ക്കം നിലനില്‍ക്കുന്നത്.
കഴിഞ്ഞ വര്‍ഷം നടന്ന ഏകദിന ലോകകപ്പിനിടെ കണങ്കാലിന് പരിക്കേറ്റതിനെ തുടര്‍ന്ന് വിശ്രമത്തിലായിരുന്ന ഹാര്‍ദിക്, ഈ വര്‍ഷം ആദ്യം നടന്ന ഐപിഎല്ലിലാണ് മത്സര ക്രിക്കറ്റിലേക്ക് തിരിച്ചെത്തിയത്. ഇതിനിടെ ഓസ്ട്രേലിയക്കെതിരായ ട്വന്റി 20 പരമ്പരയില്‍ ഇന്ത്യയെ നയിച്ച സൂര്യകുമാര്‍ പരമ്പരയില്‍ 4-1ന്റെ ജയം നേടിയിരുന്നു.
സൂര്യകുമാര്‍ യാദവിനെ ചുമതലയേല്‍പ്പിക്കാനാണ് ഗംഭീറിന് താത്പര്യം. എന്നാല്‍ ഹാര്‍ദിക് ക്യാപ്റ്റനാകട്ടെ എന്നാണ് ജയ് ഷായുടെ നിലപാട്. ഹാര്‍ദിക്കിന്റെ ഫിറ്റ്നസിന്റെ കാര്യത്തില്‍ ഗംഭീറിന് ആശങ്കയുണ്ട്. താരത്തിന് ഇടയ്ക്കിടെ പരിക്കേല്‍ക്കുന്നതാണ് കാരണം.
ഇത്തരത്തില്‍ പരിക്കിന്റെ പിടിയിലാകുന്ന ഹാര്‍ദിക്കിനെ ക്യാപ്റ്റനാക്കുന്നത് ദീര്‍ഘകാലാടിസ്ഥാനത്തില്‍ ടീമിന് ഗുണം ചെയ്യില്ലെന്നാണ് ഗംഭീറിന്റെ നിലപാട്. എന്നാല്‍ ഹാര്‍ദിക്കിന്റെ കാര്യത്തില്‍ ജയ് ഷാ ഉറച്ചുനിന്നതോടെ ചര്‍ച്ച തീരുമാനമാകാതെ പിരിയുകയായിരുന്നു.
2026ലെ ടി20 ലോകകപ്പ് മുന്നില്‍ കണ്ടാണ് സെലക്ഷന്‍ കമ്മിറ്റിയും ഗംഭീറും ടീമിനെ ഒരുക്കാന്‍ ആലോചിക്കുന്നത്. നീണ്ടകാലയളവ് മുന്നില്‍ കണ്ട് ടീമിനെ ഒരുക്കാനാണ് ബോര്‍ഡിനും താത്പര്യം. ഇതോടെ സ്ഥിരമായി പരിക്കിന്റെ പിടിയിലാകുന്ന ഹാര്‍ദിക്കിനെ ക്യാപ്റ്റന്‍ സ്ഥാനത്തേക്ക് കൊണ്ടുവരുന്നതില്‍ ഗംഭീറിന് താത്പര്യമില്ലെന്നാണ് റിപ്പോര്‍ട്ട്. മുന്‍ ക്യാപ്റ്റന്‍ രോഹിത്തിനും സൂര്യ ക്യാപ്റ്റനാകുന്നതിനോടാണ് താത്പര്യമെന്നും റിപ്പോര്‍ട്ടുകളുണ്ട്.
ട്വന്റി 20യില്‍ ഇന്ത്യയുടെ പ്രധാന താരമായ സൂര്യ, ഉറപ്പായും ടീമിലെ സ്ഥിരം സാന്നിധ്യമാകും. 33 വയസുള്ള സൂര്യയുടെ പ്രായം മാത്രമാണ് പരിഗണിക്കേണ്ട ഒരു ഘടകം. അതേസമയം ക്യാപ്റ്റന്‍ സ്ഥാനത്തേക്ക് പരിഗണിക്കുന്നില്ലെന്ന് സെലക്ഷന്‍ കമ്മിറ്റി ചെയര്‍മാന്‍ അജിത്ത് അഗാര്‍ക്കറും പരിശീലകന്‍ ഗംഭീറും ഹാര്‍ദിക്കിനെ അറിയിച്ചതായും മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.
ഹാര്‍ദിക് പാണ്ഡ്യയെ നായകനായി പരിഗണിച്ചേക്കില്ലെന്ന റിപ്പോര്‍ട്ടുകള്‍ക്കിടെ, സമൂഹമാധ്യമങ്ങളില്‍ താരത്തിന്റെ ഇന്‍സ്റ്റഗ്രാം പോസ്റ്റ് വൈറലായിരുന്നു. 2023ലെ ഏകദിന ലോകകപ്പിനിടെ സംഭവിച്ച പരുക്കുമായുള്ള പോരാട്ടം സൂചിപ്പിച്ചായിരുന്നു താരത്തിന്റെ പോസ്റ്റ്. കഠിനാധ്വാനം ഒരിക്കലും ശ്രദ്ധിക്കപ്പെടാതെ പോകില്ലെന്നത് ഉള്‍പ്പെടെയുള്ള ഹാര്‍ദിക്കിന്റെ വാക്കുകളാണ് ചര്‍ച്ചയായത്.
"2023 ഏകദിന ലോകകപ്പിനിടെ സംഭവിച്ച പരുക്കില്‍നിന്ന് മുക്തി തേടിയുള്ള യാത്ര ദുഷ്‌കരമായിരുന്നു. പക്ഷേ, 2024ലെ ലോകകപ്പ് വിജയത്തോടെ ആ ശ്രമങ്ങളെല്ലാം പൂവണിഞ്ഞിരിക്കുന്നു. നിങ്ങള്‍ അധ്വാനിച്ചാല്‍ തീര്‍ച്ചയായും അതിന്റെ ഫലം ലഭിച്ചിരിക്കും. കഠിനാധ്വാനം ഒരിക്കലും ശ്രദ്ധിക്കപ്പെടാതെ പോകില്ല. നമ്മുടെ കായികക്ഷമത മെച്ചപ്പെടുത്താന്‍ കഠിനാധ്വാനം ചെയ്യാം' പാണ്ഡ്യ കുറിച്ചു. കായികക്ഷമതയേക്കുറിച്ചാണ് ഹാര്‍ദിക് സമൂഹമാധ്യമങ്ങളില്‍ കുറിച്ചതെങ്കിലും, ക്യാപ്റ്റന്‍സിയുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ക്കിടെ വന്ന പോസ്റ്റ് ആരാധകര്‍ ഏറ്റെടുത്തിരുന്നു.