- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'ചെന്നൈയെ തോൽപിച്ചാൽ മാത്രം കിരീടം കിട്ടില്ല'; ആർസിബിയെ പരിഹസിച്ച് റായുഡു
അഹമ്മദാബാദ്: തുടർച്ചയായ ആറ് ജയങ്ങളോടെ പ്ലേ ഓഫിലെത്തിയിട്ടും എലിമിനേറ്ററിൽ രാജസ്ഥാൻ റോയൽസിനോടു തോറ്റ് ഐപിഎല്ലിൽ നിന്നും പുറത്തായതിന് പിന്നാലെ റോയൽ ചലഞ്ചേഴ്സ് ബെംഗളൂരുവിനെ പരിഹസിച്ച് മുൻ ഇന്ത്യൻ താരം അംബാട്ടി റായുഡു. വലിയ ആഘോഷ പ്രകടനങ്ങൾ നടത്തിയെന്നുവച്ച് ആർസിബിക്ക് ട്രോഫികൾ വിജയിക്കാൻ സാധിക്കില്ലെന്ന് റായുഡു തുറന്നടിച്ചു. പ്ലേഓഫിൽ നന്നായി കളിച്ചാൽ മാത്രമേ കിരീടങ്ങൾ നേടാനാകൂവെന്നും ഒരു സ്പോർട്സ് മാധ്യമത്തിലെ ചർച്ചയിൽ റായുഡു തുറന്നടിച്ചു.
"വലിയ ആഘോഷങ്ങളും രോഷപ്രകടനങ്ങളും കൊണ്ട് ഐപിഎൽ ട്രോഫി നേടാനാകില്ല. ചെന്നൈ സൂപ്പർ കിങ്സിനെ തോൽപിച്ചതുകൊണ്ടു മാത്രം ട്രോഫി കിട്ടാൻ പോകുന്നില്ല." റായുഡു പരിഹസിച്ചു. ലീഗ് ഘട്ടത്തിലെ അവസാന മത്സരത്തിൽ ചെന്നൈ സൂപ്പർ കിങ്സിനെ തകർത്താണ് ആർസിബി എലിമിനേറ്ററിന് യോഗ്യത നേടിയത്. ചെന്നൈക്കെതിരായ വിജയത്തിനുശേഷം ആർസിബി താരങ്ങൾ കിരീടം നേടിയതുപോലെ നടത്തിയ ആവേശ പ്രകടനവും മത്സരശേഷമുള്ള ഹസ്തദാനം ചെയ്യാൻ ധോണി അടക്കമുള്ള ചെന്നൈ താരങ്ങളെ കാത്തു നിർത്തിയതും വിമർശനത്തിന് കാരണമായിരുന്നു. ഇതിന്റെ കൂടി പശ്ചാത്തലത്തിലാണ് ഇന്നലെ രാജസ്ഥാനെതിരായ തോൽവിക്കുശേഷം സംസാരിക്കവെ റായുഡു ആർസിബിക്കെതിരെ പരിഹാസച്ചുവയുള്ള പരാമർശം നടത്തിയത്.
പ്ലേഓഫ് മത്സരങ്ങളിൽ നന്നായി കളിക്കുക മാത്രമാണ് കിരീടം നേടാനുള്ള വഴിയെന്നും റായുഡു പ്രതികരിച്ചു. അതിനൊരു മികച്ച ടീം ആർസിബിക്ക് ആവശ്യമായി വരുമെന്നും റായുഡു വ്യക്തമാക്കി. "ഇന്ത്യൻ താരങ്ങളെയും പരിശീലകരെയും വിശ്വാസത്തിലെടുക്കാൻ ബെംഗളൂരു തയാറാകണം. ഐപിഎല്ലിൽ ഇന്ത്യക്കാരായ താരങ്ങളെ നിങ്ങൾക്ക് ഒഴിവാക്കാനാകില്ല. ചെന്നൈ സൂപ്പർ കിങ്സ്, മുംബൈ ഇന്ത്യൻസ്, കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് എന്നീ ടീമുകൾക്ക് അതറിയാം. അതുകൊണ്ടാണ് ആ ടീമുകൾ എപ്പോഴും ഗംഭീര പ്രകടനം നടത്തുന്നത്." റായുഡു പ്രതികരിച്ചു.
ആർസിബിയുടെ ഇന്നത്തെ കാര്യമെടുക്കുകയാണെങ്കിൽ ആവേശവും ആക്രമണോത്സുകതയും കാണിച്ചാൽ മാത്രം ജയിക്കാനോ കിരീടങ്ങൾ നേടാനോ കഴിയില്ല. അതിനായി നല്ല പ്ലാനിങ് വേണം. പ്ലേ ഓഫിലെത്തിയതുകൊണ്ട് മാത്രം കീരീടം നേടാനാവില്ല. പ്ലേ ഓഫിലെത്താൻ കാണിച്ച അതേ വിജയദാഹത്തോടെ കളിക്കണം. ചെന്നൈയെ തോൽപ്പിച്ചാൽ മാത്രം കിരീടം നേടാനാവുമെന്ന് കരുതരുത്. ഇനി അടുത്തവർഷം കിരീടം നേടാൻ വീണ്ടും വരണമെന്നും റായുഡു സ്റ്റാർ സ്പോർട്സിലെ ചർച്ചയിൽ പറഞ്ഞു.
ലീഗ് ഘട്ടത്തിലെ നിർണായക മത്സരത്തിൽ ചെന്നൈ സൂപ്പർ കിങ്സിനെ തോൽപിച്ച ആർസിബി നടത്തിയ ആഘോഷ പ്രകടനങ്ങളെ റായുഡു നേരത്തേ വിമർശിച്ചിരുന്നു. ചെന്നൈ അവരുടെ ഒരു ട്രോഫി ബെംഗളൂരുവിനു കൊടുത്താൽ, ആർസിബി നഗരത്തിൽ പരേഡ് നടത്തുമെന്നായിരുന്നു റായുഡുവിന്റെ കമന്റ്. ചെന്നൈ സൂപ്പർ കിങ്സിൽ ധോണിക്കു കീഴിൽ കളിച്ചിട്ടുള്ള താരമാണ് അംബാട്ടി റായുഡു. ചെന്നൈയ്ക്കെതിരെ വിജയം നേടിയ ശേഷം ആർസിബി നടത്തിയ ആഘോഷ പ്രകടനത്തിനെതിരെ വൻവിമർശനമായിരുന്നു കഴിഞ്ഞ ദിവസങ്ങളിൽ ഉയർന്നത്.
പ്ലേഓഫ് യോഗ്യത നേടിയ സന്തോഷത്തിൽ ആർസിബി താരങ്ങളുടെ ആഘോഷം നീണ്ടതോടെ എം.എസ്. ധോണി ഷെയ്ക് ഹാൻഡിനു നിൽക്കാതെ ഡ്രസിങ് റൂമിലേക്കു മടങ്ങിയിരുന്നു. ആർസിബി ആരാധകരുടെ ആഘോഷത്തെ തുടർന്ന് ബെംഗളൂരു നഗരത്തിൽ പലയിടത്തും ഗതാഗതക്കുരുക്കും ഉണ്ടായി. ചിന്നസ്വാമി സ്റ്റേഡിയത്തിലെത്തിയ ചെന്നൈ ആരാധകരെ ആർസിബി ഫാൻസ് തിരഞ്ഞുപിടിച്ച് അധിക്ഷേപിച്ചതായും പരാതി ഉയർന്നു.