ദോഹ: ഒരൊറ്റ ലോകകപ്പിലൂടെ ലോകമെമ്പാടുമുള്ള ഫുട്‌ബോൾ പ്രേമികളുടെ ഇഷ്ട ടീമായി മാറിയ സംഘമാണ് സെനഗൽ.ആഫ്രിക്കൻ കരുത്തിന്റെ വന്യതയും വശ്യതയും നിറഞ്ഞ സെനഗലിന്റെ പ്രകടനം ആരെയും മോഹിപ്പിക്കുന്നതാണ്.2002 ലെ ലോകകപ്പിൽ നിലവിലെ ചാമ്പ്യന്മാരായിരുന്ന ഫ്രാൻസിനെ ആദ്യ കളിയിൽ അട്ടമറിച്ചാണ് സെനഗൽ ലോക ഫുട്‌ബോളിലേക്ക് വരവറിയിച്ചത്.മികച്ച പ്രകടനത്തോടെ ആദ്യ ലോകകപ്പിൽ തന്നെ നോക്കൗട്ടിലെത്താനും അവർക്ക് സാധിച്ചു.

എന്നാൽ പിന്നീട് അങ്ങോട്ട് എല്ലാ ലോകകപ്പുകളിലും സെനഗലിന് ഈ മികവ് തുടരനായില്ല.ഇന്ന് ഇക്വഡോറിനെ തോൽപ്പിച്ച് ഇരുപത് വർഷത്തിന് ശേഷം വീണ്ടും സെനഗൽ ലോകകപ്പിന്റെ നോക്കൗട്ടിലെത്തിയിരിക്കുകയാണ്.ഈ രണ്ടു നേട്ടത്തിലും സെനഗലിന്റെ ശക്തി കേന്ദ്രം അലിയോ സിസോ എന്ന പ്രതിരോധ നിരക്കാരനാണ്.ആദ്യ ലോകകപ്പിൽ സെനഗലിന്റെ നായകനായിരുന്നുവെങ്കിൽ ഇന്നയാളുടെ വേഷം കോച്ചിന്റെതാണെന്നു മാത്രം.സെനഗലിന്റെ പേര് എപ്പോഴൊക്കെ ലോകഫുട്‌ബോൾ ഭൂപടത്തിൽ തിളങ്ങിയിട്ടുണ്ടോ അപ്പോഴൊക്കെയും കളിച്ചും കളിപ്പിച്ചും സിസ്സോ അവർക്കൊപ്പമുണ്ടായിരുന്നു.

സെനഗലിന്റെ ഫുട്‌ബോൾ ചരിത്രത്തിലെ ഓരോ വരിയിലും പേരുള്ള മനുഷ്യൻ.ചക് ദേ ഇന്ത്യ സിനിമയിലെ കബീർഖാനെപ്പോലെ ഒരു രാജ്യത്തിന്റെ നായകനായി വന്ന് വില്ലനാവുകയും പിന്നീട് തന്റെ ശിഷ്യരിലൂടെ ആ നേട്ടം കൈവരിച്ച് വീണ്ടും താരമാവുകയും ചെയ്ത താരമാണ് സിസെ.സെനഗൽ ഫുട്ബാളിന് എല്ലാമായിരുന്നു അലിയോ സിസെ.1999 മുതൽ 2005 വരെ തെരാൻഗയിലെ സിംഹങ്ങളുടെ പ്രതിരോധം ഈ ഡിഫൻസീവ് മധ്യ നിരക്കാരന്റെ കാലുകളിൽ ഭദ്രമായിരുന്നു.

പിൻ നിരയിൽ നിന്ന് മിന്നൽ പിണർപോലെ കൊണ്ടെത്തിച്ച പന്തുകൾ ഒന്ന് തൊട്ടിടുകയേ വേണ്ടിയിരുന്നുള്ളു, ഡിയോഫിനും കൂട്ടർക്കും ഗോളുകൾ അടിച്ചു കൂട്ടാൻ.ഇങ്ങനെ തിളങ്ങി നിൽക്കുന്ന സമയത്താണ് 2002-ലെ ചാമ്പ്യൻഷിപ്പ് ഫൈനലിൽ കാമറൂണും സെനഗലും ഏറ്റുമുട്ടിയത്. കാമറൂണിന്റെ തട്ടകത്തിൽ നടന്ന പോരാട്ടത്തിൽ നിശ്ചിത സമയത്തും അധിക സമയത്തും ഇരുടീമുകളും ഗോൾ നേടാതിരുന്നതിനെ തുടർന്നാണ് മത്സരം ഷൂട്ടൗട്ടിലേക്കു നീണ്ടു.

ഷൂട്ടൗട്ടിൽ ഇരുടീമുകളും രണ്ടു ഷോട്ടുകൾ വീതം പാഴാക്കി 2-3 എന്ന നിലയിൽ സെനഗൽ പിന്നിട്ടു നിൽക്കെ നിർണായകമായ അഞ്ചാം കിക്ക് എടുക്കാനെത്തിയത് ടീം നായകൻ കൂടിയായ സിസെയായിരുന്നു.എന്നാൽ സിസെയുടെ കിക്ക് കാമറൂൺ ഗോൾകീപ്പർ തടുത്തിട്ടു. ഒരുനിമിഷം സ്തംഭിച്ചു നിന്ന സിനെ തലകുമ്പിട്ടു ഗ്രൗണ്ടിൽ മുട്ടുകുത്തി പൊട്ടിക്കരഞ്ഞു. ആ ഒരൊറ്റ പിഴവിലൂടെ രാജ്യത്തിനു മുഴുവൻ വില്ലനായി മാറിയ സിസെ.

പിന്നീട് പല പല ക്ലബുകളിലേക്ക് ചേക്കെറിയാണ് സിസ്സെ തന്റെ കരിയർ മുന്നോട്ട് കൊണ്ടുപോയത് പക്ഷെ അപ്പോഴും രാജ്യത്തിന് നഷ്ടപ്പെടുത്തിയ കിരീടം അയാളെ വല്ലാതെ അലട്ടിക്കൊണ്ടിരുന്നു.ഫ്രഞ്ച് ക്ലബുകളായ ലില്ലെ, പി.എസ്.ജി, ഇംഗ്ലീഷ് പ്രീമിയർ ലീഗ് ക്ലബ് ബിർമിങ്ഹാം എന്നീ ടീമുകൾക്കു വേണ്ടി മധ്യനിരയിലും പ്രതിരോധത്തിലും കളിച്ച സിസെ സെനഗലിന് ആയി രാജ്യാന്തര തലത്തിൽ 35 മത്സരങ്ങളിൽ ബൂട്ടുകെട്ടി.

ഒരൊറ്റ ലോകകപ്പിന് ശേഷം ശോഭിക്കാൻ കഴിയാതിരുന്ന സെനഗൽ ടീമിന് ഒരു കോച്ചിനെ നോക്കുന്ന സമയം.അപ്പോഴേക്കും സിസ്സെ സജീവ ഫുട്‌ബോളിൽ നിന്ന് വിരമിച്ചിരുന്നു.അതിനാൽ തന്നെ ഒരു കോച്ച് എന്ന നിലയിലേക്ക് ആഫ്രിക്കയുടെ എക്കാലത്തെയും മികച്ച കണ്ടെത്തലായ സിസ്സെയെ അല്ലാതെ മറ്റാരെയും പരിഗണിക്കാൻ ടീം തയ്യാറായില്ല.

അങ്ങിനെ 2015 മുതൽ സെനഗൽ ടീം പരിശീലകൻ ആയി ചുമതല ഏറ്റെടുത്ത സിസെ രാജ്യത്തെ 2018 ഫിഫ ലോകകപ്പിന് യോഗ്യത നേടി നൽകിയെങ്കിലും ചരിത്രത്തിൽ ആദ്യമായി 'ഫെയർ പ്ലെ' നിയമം കൊണ്ടു ഗ്രൂപ്പ് ഘട്ടത്തിൽ നിർഭാഗ്യവശാൽ സെനഗൽ പുറത്ത് പോയി.എന്നാൽ സിസെ തന്റെ പരീക്ഷണങ്ങൾ തുടരുകയായിരുന്നു. 2019-ൽ 17 വർഷങ്ങൾക്കു ശേഷം സെനഗലിനെ ആഫ്രിക്കൻ നേഷൻസ് ഫൈനലിൽ എത്തിച്ചു.

എന്നാൽ ഇത്തവണയും നിർഭാഗ്യം പിന്തുടർന്നപ്പോൾ അൾജീരിയക്ക് എതിരെ ഫൈനലിൽ എതിരില്ലാത്ത ഒരു ഗോളിന് സെനഗൽ പരാജയപ്പെട്ടു.ക്ഷമയോടെ കാത്തിരുന്ന സിസെയുടെ തന്ത്രങ്ങൾ ഒടുവിൽ വിജയം കണ്ടു. 2022 ലെ ആഫ്രിക്കൻ രാജാക്കന്മാർ ആയി സെനഗലിനെ ആദ്യമായി മാറ്റാൻ സിസെക്ക് ആയി.20 വർഷങ്ങൾക്ക് ശേഷം താൻ നഷ്ടമാക്കിയ ആഫ്രിക്കൻ കിരീടം രാജ്യത്തിനു സമ്മാനിക്കുകയായിരുന്നു സിസെ.

ഇതിന് പിന്നാലെയാണ് 20 വർത്തിന് ശേഷം തന്റെ ടീമിനെ സിസ്സെ ലോകകപ്പിന്റെ നോക്കൗട്ടിലെത്തിക്കുന്നത്.അത്രയെറെ തിളക്കുണ്ട് സെനഗലിന്റെ ഇത്തവണത്തെ കുതിപ്പിനും.ഇതിന് മുമ്പ് 2002ൽ ടീം ക്വർട്ടർ ഫൈനലിലെത്തിയിരുന്നു. അതേസമയം, 1990ലെ കാമറൂൺ- കൊളംബിയ മത്സരത്തിന് ശേഷം തെക്കേ അമേരിക്കൻ ടീമിനെ തോൽപ്പിക്കുന്ന ആഫ്രിക്കൻ ടീമായി സെനഗൽ മാറി.

സുപ്രധാന മത്സരത്തിൽ ഇക്വഡോറിനെ ഒന്നിനെതിരെ രണ്ടുഗോളുകൾക്കാണ് മാനേയുടെ അസാന്നിധ്യത്തിലും സെനഗൽ ജയിച്ചുകയറിയത്. 1990ലെ ജൂൺ 23ന് നടന്ന മത്സരത്തിൽ കാമറൂൺ ഒന്നിനെതിരെ രണ്ടുഗോളുകൾക്ക് തന്നെയാണ് ജയിച്ചിരുന്നത്. കഴിഞ്ഞ രണ്ടു മത്സരങ്ങളിലും വിജയിച്ച് ആറുപോയന്റുമായാണ് ടീം അടുത്ത ഘട്ടത്തിലേക്ക് കടന്നിരിക്കുന്നത്. 2002ൽ നേടിയ അഞ്ചു പോയന്റാണ് അവരുടെ മികച്ച നേട്ടം.

കളത്തിന് പുറത്ത് ആഹ്ലാദിക്കുകയും ആഘോഷിക്കുകയും കളിക്കാരെ കൂട്ടുകാരെ പോലെ സ്‌നേഹിക്കുകയും ചെയ്യുന്നൊരു കോച്ചാണ് സിസ്സേ..ഈ വേൾഡ് കപ്പിലെ ഒരു ഫേവറിറ്റ് ടീം ആദ്യ റൗണ്ട് കടക്കുകയാണ്. സിസ്സെക്ക് ഇനിയും ആഹ്ലാദിക്കാൻ കഴിയുമെന്ന പ്രതീക്ഷയിലാണ് ഫു്ട്‌ബോൾ ലോകവും