ബ്യൂണസ് ഐറിസ്: ഖത്തർ ലോകകപ്പ് നേട്ടത്തിന്റെ ആഹ്ലാദത്തിനിടെ ആരാധകർക്ക് ആവേശം പകരുന്ന തീരുമാനവുമായി അർജന്റീന കേന്ദ്ര ബാങ്ക്. രാജ്യത്തിന്റെ ആയിരം പെസോ കറൻസിയിൽ നായകൻ ലയണൽ മെസിയുടെ ചിത്രം ഉൾപ്പെടുത്താൻ അർജന്റീന കേന്ദ്രബാങ്ക് നിർദ്ദേശം നൽകിയതായാണ് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ഇതു സംബന്ധിച്ച ചർച്ചകൾ പുരോഗമിക്കുന്നതായി റിപ്പോർട്ടുകളിലുണ്ട്. സാമ്പത്തിക പത്രമായ എൽ ഫിനാൻസിയറോയാണ് ഈ വിവരം പുറത്തുവിട്ടത്.

മുപ്പത്തിയാറ് വർഷത്തെ കാത്തിരിപ്പിനൊടുവിൽ അർജന്റീനയിലേക്ക് ലോകകപ്പ് തിരികെക്കൊണ്ടുവന്ന നായകൻ ലയണൽ മെസിക്ക് ആദര സൂചകമായിട്ടാണ് കറൻസിയിൽ ഉൾപ്പെടുത്തുന്നതെന്ന് അന്താരാഷ്ട്ര മാധ്യമങ്ങളിലെ റിപ്പോർട്ടുകളിൽ പറയുന്നു. ഡിസംബർ 18 ന് നടന്ന ലോകകപ്പ് ഫൈനലിൽ ഫ്രാൻസിനെ പെനാൽറ്റി ഷൂട്ടൗട്ടിൽ കീഴടക്കിയാണ് അർജന്റീന ലോകകിരീടം സ്വന്തമാക്കിയത്.

സാധാരണ ഗതിയിൽ രാജ്യത്തിനായി വലിയ സംഭാവനകൾ ചെയ്തവരുടെയും രാഷ്ട്ര പിതാവിന്റെയോ ചിത്രമാണ് അർജന്റീനയുടെ ഔദ്യോഗിക കറൻസിയായ പെസോയിൽ വരാറുള്ളത്. ഇതിലേക്ക് മെസിയുടെ ചിത്രം കൂടെ ഉൾപ്പെടുത്തി കറൻസി ജനകീയമാവുകയാണ്. മെസിയുടെ ജെഴ്‌സി നമ്പർ ആയ 10 നോട് സാമ്യമുള്ള രീതിയിൽ പെസോയുടെ 1000ത്തിന്റെ നോട്ടിലാകും മെസിയുടെ ചിത്രമുണ്ടാകുകയെന്നാണ് റിപ്പോർട്ടുകൾ.

കോച്ച് ലയണൽ സ്‌കലോണിക്ക് ആദരവർപ്പിക്കുന്നതിനായി കറൻസി നോട്ടിന്റെ പിന്നിൽ 'ലാ സ്‌കലോനെറ്റ'(ലിയണൽ സ്‌കലോനി നയിക്കുന്ന ടീമിന്റെ വിളിപ്പേര്) എന്നതും ഉണ്ടായിരിക്കുമെന്ന് റിപ്പോർട്ടിൽ പറയുന്നു.

ലോകകപ്പ് താരമായ മെസിയുടെ ചിത്രം ഉണ്ടാകുമെന്ന വാർത്തകൾ പുറത്ത് വന്നതോടെ അർജന്റീന ടീം പരിശീലകനായ സ്‌കലോണിയുടെ ചിത്രമുള്ള നോട്ടുകളും ഇറക്കണമെന്ന ആവശ്യവുമുയർന്നു വരുന്നുണ്ട്. ലോക ചാമ്പ്യൻ സ്ഥാനത്തെത്തിയതോടു കൂടി കുറച്ചു കാലം കൂടി നാഷണൽ ജേഴ്സിയിൽ തുടരണമെന്ന ആഗ്രഹമുണ്ടെന്നും മെസി പറഞ്ഞു. ഫുട്‌ബോളിനെ താൻ ഒത്തിരി ഇഷ്ടപ്പെടുന്നു. കരിയറിൽ ഇനി മറ്റൊന്നും നേടാനില്ലെന്നും ലയണൽ മെസി കൂട്ടിച്ചേർത്തു. അതേ സമയം അർജന്റീനയുടെ വിജയത്തോടെ തുടങ്ങിയ ആഘോഷം ഇപ്പോഴും അർജന്റീനയിൽ തുടരുകയാണ്.

അതേ സമയം മെസിയുടെ മുഖമുള്ള കറൻസി ഇറക്കുന്നത് സംബന്ധിച്ച കാര്യങ്ങളിൽ ലോകകപ്പ് ഫൈനലിന് മുമ്പ് തന്നെ ഓപ്ഷൻ അധികാരികൾ ചർച്ച ചെയ്തിരുന്നതായി അന്താരാഷ്ട്ര മാധ്യമങ്ങൾ ചർച്ച ചെയ്തിരുന്നു. ഇങ്ങനെയൊരു ഓപ്ഷൻ അർജന്റീന സെൻട്രൽ ബാങ്കിലെ അംഗങ്ങൾ 'തമാശയായി' നിർദ്ദേശിച്ചതായിരുന്നുവെന്നും എന്നാൽ ലിസാൻഡ്രോ ക്ലെറി, എഡ്വാർഡോ ഹെക്കർ എന്നിവരെപ്പോലുള്ള ലോകകപ്പ് പ്രേമികളായ കേന്ദ്രബാങ്ക് ഡയറക്ടർ ബോർഡിലുള്ളവർ ഇത് പിന്നീട് അംഗീകരിക്കുകയായിരുന്നുവെന്നും അർജന്റീന മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. മെസിയുടെ ചിത്രം പതിപ്പിച്ച കറൻസി ഇറക്കുന്നത് നോട്ടുകൾ ആരാധകരായ ആളുകൾ ശേഖരിച്ചു വയ്ക്കുമെന്നും എൽ ഫിനാൻസിയറോ റിപ്പോർട്ട് ചെയ്തു.

മുൻ പ്രസിഡന്റ് ജുവാൻ ഡൊമിംഗോ പെറോണിന്റെ ഭാര്യ ഇവാ പെറോണിന്റെ 50-ാം ചരമവാർഷികവും 1978-ൽ അർജന്റീനയുടെ ഹോം ഗ്രൗണ്ടിലെ ആദ്യ ലോകകപ്പ് വിജയവും അടയാളപ്പെടുത്തുന്നതിനായി ബാങ്ക് മുമ്പ് സ്മരണിക നാണയങ്ങൾ പുറത്തിറക്കിയിരുന്നു. ഖത്തറിൽ നടന്ന ഫിഫ ലോകകപ്പിൽ അർജന്റീനയ്ക്കുവേണ്ടി ലയണൽ മെസ്സി കിരീടം നേടിയത് മുതൽ അദ്ദേഹം വാർത്തകളിൽ നിറഞ്ഞുനിന്നു. ബ്രസീലിലെ പ്രശസ്തമായ മരക്കാന സ്റ്റേഡിയം ഹാൾ ഓഫ് ഫെയിമിൽ കാൽപ്പാടുകൾ ഉണ്ടാക്കാൻ അദ്ദേഹത്തെ ക്ഷണിച്ചു. ഖത്തർ ലോകകപ്പ് ഫൈനലിൽ എക്‌സ്ട്രാ ടൈം വരെ മത്സരം 3-3ന് സമനിലയിലായ ശേഷം പെനാൽറ്റി ഷൂട്ടൗട്ടിൽ അർജന്റീന 4-2ന് ഫ്രാൻസിനെ പരാജയപ്പെടുത്തുകയായിരുന്നു.