- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Column
- /
- Stay Hungry
ആരാധകരുടെ അഭിവാദ്യങ്ങൾ ഏറ്റുവാങ്ങി ഓപ്പൺ ബസിൽ പോകവെ കുറുകെ കേബിൾ; തൊട്ടടുത്ത് എത്തിയപ്പോൾ താരങ്ങൾ പെട്ടെന്ന് കുനിഞ്ഞതിനാൽ ഒഴിവായത് വൻ അപകടം; മെസി അടക്കം അർജന്റീന താരങ്ങൾ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്; വീഡിയോ
ബ്യൂണസ് ഐറിസ്: ലോകകപ്പ് കിരീടവുമായി ബ്യൂണസ് ഐറിസിലെ വിജയാഘോഷത്തിനിടെ അർജന്റീന താരങ്ങൾ വലിയ അപകടത്തിൽ നിന്നും രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്. ലോകകപ്പ് ട്രോഫിയുമായി അർജന്റീനയിലെത്തി ബ്യൂണസ് ഐറിസിലൂടെ തുറന്ന ബസിൽ നടത്തിയ സഞ്ചാരത്തിനിടെയാണ് സംഭവം. ഇതിന്റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുകയാണ്.
ബസ് മുന്നോട്ടുപോകവെ കുറുകെ പോകുന്ന കേബിൾ താരങ്ങൾ ശ്രദ്ധിച്ചിരുന്നില്ല. അടുത്തെത്തിയപ്പോൾ ഇത് കാണുകയും പെട്ടെന്ന് താരങ്ങൾ കുനിയുകയുമായിരുന്നു. ഇതുകൊണ്ട് മാത്രമാണ് അനിഷ്ട സംഭവങ്ങൾ ഒഴിവായത്. മെസി, ഡി മരിയ, ഡി പോൾ തുടങ്ങിയ താരങ്ങളാണ് വിഡിയോയിൽ ഉള്ളത്.
ദോഹയിൽ നിന്നും പുലർച്ചയോടെ ബ്യൂണസ് അയേഴ്‌സിലെത്തിയ മെസിയും സംഘവും തുറന്ന ബസിൽ കിരീടവുമായി നഗര പ്രദക്ഷിണം നടത്തുന്നതിനിടെയായിരുന്നു ഞെട്ടിക്കുന്ന സംഭവം.
മുന്നോട്ട് നീങ്ങിയ ബസിന് തൊട്ടുമുകളിൽ കുറുകെയായി ഉണ്ടായിരുന്ന കേബിൾ ആരുടെയും ശ്രദ്ധയിൽ പെട്ടില്ല. ബസ് കേബിളിന് തൊട്ടടുത്ത് എത്തിയപ്പോൾ അപകടം മനസ്സിലാക്കിയ താരങ്ങൾ പെട്ടെന്ന് കുനിഞ്ഞതിനാൽ അപകടം ഒഴിവാകുകായിരുന്നു. ആരവങ്ങൾക്കിടെ ഒരു നിമിഷത്തേക്ക് അന്ധാളിച്ച് ആരാധകരും ഒടുവിൽ ആശ്വാസത്തോടെ ദൈവത്തിന് നന്ദി പറഞ്ഞു.
El entrenador de arqueros medio que los caga a pedos jajajajaa gente grande.
- Vicky ⭐️⭐️⭐️ (@vickytedije) December 20, 2022
pic.twitter.com/QIUTtNSPzY
ലോക കിരീടവുമായി അർജന്റീന ഫുട്‌ബോൾ ടീം പുലർച്ചെ രണ്ട് മുപ്പതിനാണ് പ്രത്യേക വിമാനത്തിൽ ജന്മനാട്ടിലെത്തിയത്. വിമാനത്താവളത്തിൽ സർക്കാർ പ്രതിനിധികളും ആരാധകരും മാധ്യമ പ്രവർത്തകരും ചേർന്ന് ആവേശകരമായ സ്വീകരണമാണ് സ്വപ്ന നേട്ടം സ്വന്തമാക്കിയ ടീമിനായി ഒരുക്കിയിരുന്നത്.
വിശ്വ മാമാങ്കത്തിൽ വിജയം നേടിയയെത്തിയ താരങ്ങളെ നേരിട്ടുകാണാനും അഭിനന്ദനങ്ങൾ നേരാനും ഒരു രാജ്യമാകെ കണ്ണിലെണ്ണയൊഴിച്ച് കാത്തിരിക്കുകയായിരുന്നു. മെസിക്കും സംഘത്തിനും വൻ വരവേൽപ്പാണ് അർജന്റീന ഒന്നടങ്കം ഒരുക്കിയത്.
ദോഹയിൽ നിന്ന് റോമിലെത്തിയ ശേഷമാണ് അർജന്റൈൻ ടീം ബ്യൂണസ് ഐറിസിലേക്ക് പറന്നത്. എസീസ ഇന്റർനാഷണൽ എയർപോർട്ടിൽ വിമാനമിറങ്ങിയപ്പോൾ തന്നെ വൻ ജനക്കൂട്ടം ടീമിനെ വളഞ്ഞു. ജയപരാജയങ്ങൾ മാറിമറിഞ്ഞ ഉജ്ജ്വലമായ പോരാട്ടത്തിൽ നിലവിലെ ചാമ്പ്യന്മാരായ ഫ്രാൻസിനെ പെനാൽട്ടി ഷൂട്ടൗട്ടിൽ മറികടന്നപ്പോൾ തന്നെ അർജന്റീനയിൽ ആഘോഷം തുടങ്ങിയിരുന്നു. മെസിയുടെയും മറ്റ് താരങ്ങളുടെയും പോസ്റ്ററുകളും ബാനറുകളും ഉയർത്തി ലക്ഷക്കണക്കിനാളുകളാണ് ഒത്തുകൂടിയത്.
മെസിയുടേയും ടീം അംഗങ്ങളുടേയും പോസ്റ്ററുകളും ബാനറുകളും ഉയർത്തിക്കൊണ്ടായിരുന്നു ആരാധകരുടെ ആഘോഷ പ്രകടനങ്ങൾ. ബ്യൂണസ് ഐറിസിലെ പ്രസിദ്ധമായ ഒബലിക്സ് സ്തൂപത്തിന് സമീപം എതാണ്ട് 20 ലക്ഷത്തോളം ആളുകളാണ് തടിച്ചുകൂടിയതെന്നാണ് റിപ്പോർട്ടുകൾ. പാട്ട് പാടിയും ചാന്റുകൾ മുഴക്കിയും നൃത്തം വച്ചും അവർ ലോകകപ്പ് നേട്ടം ആഘോഷമാക്കി. സാമൂഹ്യ മാധ്യമങ്ങളിൽ ഇതിന്റെ ദൃശ്യങ്ങൾ വൈറലായി മാറിയിരുന്നു.
സ്പോർട്സ് ഡെസ്ക്