ദോഹ: ഖത്തർ ലോകകപ്പിൽ അർജന്റീനയെ വിജയതീരത്തേക്ക് അടുപ്പിച്ചവരിൽ നിർണായ റോൾ വഹിച്ചയാളാണ അവരുടെ സൂപ്പർ ഗോളി എമി മാർട്ടിനസ്. ലോകകപ്പിലെ മികച്ച പ്രകടനത്തിലൂടെ ഗോൾഡൻ ഗ്ലൗ പുരസ്‌കാരം താരം സ്വന്തമാക്കിയിരുന്നു. ഇന്നലെ ഫൈനലിലും ഒരു പെനാലിറ്റി തടുത്തിട്ട് എമി താരമായിരുന്നു. അതേസമയം താരം പുരസ്‌കാരം കരസ്ഥാമാക്കിയശേഷം കാണിച്ച ആംഗ്യം ഇപ്പോൾ വിവാദങ്ങൾക്ക് വഴിവെച്ചിരിക്കുകയാണ്.

പുരസ്‌കാരം സ്വീകരിച്ച ശേഷം തന്റെ ടീമിന്റെ അടുത്തേക്ക് നീങ്ങുമ്പോഴാണ് ലഭിച്ച പുരസ്‌കാരം വച്ച് മാർട്ടിനെസ് അശ്ലീല ആംഗ്യം കാണിച്ചത്. ഖത്തർ ഭരണാധികാരികളും, ഫിഫ തലവനെയും സാക്ഷിയാക്കിയാണ് മാർട്ടിനെസിന്റെ അതിരുകടന്ന പ്രകടനം. സംഭവത്തിന്റെ ചിത്രങ്ങൾ സമൂഹമാധ്യമത്തിൽ വ്യാപകമായി പ്രചരിച്ചിരുന്നു. ഇതിൽ ഫിഫ നടപടി ഉണ്ടായേക്കാം എന്നാണ് ഡെയ്‌ലി മെയിൽ റിപ്പോർട്ട് ചെയ്യുന്നുണ്ട്.

ഫൈനൽ മത്സരം പെനാൽറ്റി ഷൂട്ടൗട്ടിലേക്ക് നീങ്ങിയപ്പോൾ അർജന്റീന ആരാധകർ എമി മാർട്ടിനസിൽ വീണ്ടും രക്ഷകനെ കണ്ടു. കോപ്പ അമേരിക്കയിലും ലോകകപ്പിന്റെ ക്വാർട്ടറിലും ഷൂട്ടൗട്ടിൽ എതിരാളികൾക്ക് മുന്നിൽ വന്മതിലായി നിന്ന പോരാട്ടവീര്യം. 2018 ലെ ചാമ്പ്യന്മാർക്കെതിരെ ഓരോ അർജന്റൈൻ താരങ്ങളും തങ്ങളുടെ മികച്ച കളി പുറത്തെടുത്തെങ്കിലും അർജന്റീനയെ രക്ഷിക്കുകയെന്ന നിയോഗം ഇത്തവണ ഗോൾ കീപ്പർ എമിലിയാനോ മാർട്ടിനെസിന് ആയിരുന്നു.

നിർണായക സേവുകൾ നടത്തി കളിയുടെ നിശ്ചിത സമയത്തും അധിക സമയത്തും അർജന്റൈൻ ഗോൾമുഖത്ത് ശക്തനായി മാർട്ടിനെസ് നിലകൊണ്ടു. എന്നാൽ മത്സരത്തിന്റെ ഗതി നിർണയിച്ച ഷൂട്ടൗട്ടിലായിരുന്നു ആൽബിസെലസ്റ്റുകളുടെ രക്ഷകനായി മാർട്ടിനെസ് അവതരിച്ചത്. മെസ്സിയുടെ ലോകകപ്പ് സ്വപ്നത്തിലേക്കുള്ള അവസരത്തിന്റെ അവസാന നിമിഷത്തിൽ ഏതു വിധേനയും ജയിക്കുക എന്ന ലക്ഷ്യമല്ലാതെ മറ്റൊന്നും അയാൾക്ക് ഉണ്ടായിക്കാണില്ല.ഇരു ടീമുകളും ഒപ്പത്തിനൊപ്പം നിന്ന് പൊരുതിയ മത്സരം ഷൂട്ടൗട്ടിലേക്ക് കടക്കുകയായിരുന്നു.

ലോകം ശ്വാസമടക്കിപ്പിടിച്ച് കണ്ട നിമിഷങ്ങളിൽ മാർട്ടിനെസ് തന്റെ ആത്മവിശ്വാസവും അനുഭവസമ്പത്തും മുഴുവൻ പുറത്തെടുത്ത് നിന്നു. ആദ്യ പെനാൽറ്റി എടുത്ത എംബാപ്പെ മാർട്ടിനെസിനെ മറികടന്നു. അപ്പുറത്ത് മെസ്സിയും സ്‌കോർ ചെയ്തു. പിന്നീട് കിങ്സ്ലെ കോമൻ എടുത്ത കിക്ക് മാർട്ടിനെസ് രക്ഷപ്പെടുത്തി. അർജന്റൈൻ ആരാധകരുടെ പ്രതീക്ഷകൾ സജീവമാക്കി നിർത്തിയ നിമിഷം. അപ്പോഴേക്കും പോളോ ഡിബാലയുടെ കിക്ക് ലക്ഷ്യം കണ്ടിരുന്നു. ഔറീലിയൻ ചൗമേനിയുടെ കിക്ക് പുറത്തേക്ക് പോയതോടെ ആരാധകർ ആഘോഷിച്ചു തുടങ്ങി.

അർജന്റീനക്ക് വേണ്ടി ലിയാൻഡോ പാരെഡസും ഗോൺസാലോ മോണ്ടിയലും ഗോൾ നേടി.ലോകകിരീടം നിലനിർത്താനുള്ള ഫ്രെഞ്ച് സ്വപ്നങ്ങളെ തട്ടിത്തെറിപ്പിച്ചാണ് മാർട്ടിനെസ് 'ഗോൾഡൻ ഗ്ലൗ' പുരസ്‌കാരത്തിനർഹനായത്. കിലിയൻ എംബാപ്പെ ഹാട്രിക് നേടി തിളങ്ങിയെങ്കിലും എമിലിയാനോ മാർട്ടിനെസ് വില്ലനാവുകയായിരുന്നു. കരിയറിലെ അവസാന ലോകകപ്പ് നഷ്ടപ്പെടുത്താൻ മിശിഹായെ അനുവദിക്കില്ലെന്നുറച്ച് അയാൾ ഗോൾമുഖത്ത് കാവൽ നിന്നു.