- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Column
- /
- Stay Hungry
119-ാം മിനിറ്റിലെ മുവാനിയുടെ ഷോട്ട് തട്ടിയകറ്റിയ കാവൽ മാലാഖ; പെനാൽട്ടിയിൽ ഫ്രാൻസിന്റെ രണ്ടാം കിക്ക് തടഞ്ഞിട്ട രക്ഷാകരം; മെസ്സിയെ വിശ്വവിജയിയാക്കാൻ ദൈവത്തിന്റെ കൈകളുമായി അവതരിച്ച ഗോൾക്കീപ്പർ; കോപ്പ കീരീടം രാജ്യത്തിന് സമ്മാനിച്ച് പേരെടുത്തു; അവഗണനയുടെ ഭൂതകാലം അതിജീവിച്ച എമിലിയാനൊ മാർട്ടിനസ് ഇനി ലോകകപ്പ് ഹീറോ; അർജന്റീനയ്ക്ക് കപ്പ് നൽകിയത് ഈ വൻ മതിൽ
ദോഹ: അർജന്റീനയുടെ രക്ഷാകരങ്ങൾ.. ക്രോസ് ബാറിന് കീഴിലെ കാവൽ മാലാഖ.. മെയ് വഴക്കത്തിന്റെ ആൾരൂപം.. ഡാമിയൻ എമിലിയാനൊ മാർട്ടിനസ്.. മെസിയെന്ന ഇതിഹാസത്തിന് ലോകകപ്പ് നൽകിയത് ഈ ഗോൾ കീപ്പറാണ്. കോപ്പ കിരീടത്തിലേക്ക് അർജന്റീനയെ നയിച്ച നിർണായക ഷൂട്ടൗട്ടിലും കരുത്തായത് എമിലിയാനൊയുടെ കരങ്ങളായിരുന്നു. അതേ കരങ്ങൾ ദോഹയിലും വിജയമൊരുക്കി. മത്സരം അവസാനിക്കാൻ സെക്കൻഡുകൾ മാത്രം ബാക്കിനിൽക്കേ കോലോ മുവാനിയുടെ ഗോളെന്നുറച്ച ഷോട്ട് എമിലിയാനോ മാർട്ടിനെസ് അത്യുജ്ജലമായി തട്ടിയകറ്റി. അതൊരു അത്ഭുത സേവായിരുന്നു. ഇതാണ് മത്സരം പെനാൽട്ടിയിലേക്ക് എ്ത്തിച്ചത്.
പെനാൽറ്റി ഷൂട്ടൗട്ടിൽ ഫ്രാൻസിനെ 4-2 ന് തകർത്താണ് അർജന്റീന കിരീടത്തിൽ മുത്തമിട്ടത്. നിശ്ചിതസമയത്തും അധികസമയത്തും ഇരുടീമുകളും 3-3 ന് സമനില നേടിയതോടെയാണ് മത്സരം പെനാൽറ്റി ഷൂട്ടൗട്ടിലേക്ക് നീങ്ങിയത്.36 വർഷത്തെ കാത്തിരിപ്പിനുശേഷമാണ് അർജന്റീന ലോകകിരീടം നേടുന്നത്. 2014 ഫൈനലിൽ നഷ്ടപ്പെട്ട കിരീടം മെസ്സി ഇതാ സ്വന്തമാക്കിയിരിക്കുന്നു. അർജന്റീനയയ്ക്ക് വേണ്ടി മെസ്സി ഇരട്ട ഗോൾ നേടിയപ്പോൾ എയ്ഞ്ജൽ ഡി മരിയയും വലകുലുക്കി. ഫ്രാൻസിനായി എംബാപ്പെ ഹാട്രിക്ക് നേടി. പക്ഷേ താരം അർജന്റീന ഗോളിയാണ്. ടീമിന് കപ്പ് നേടി കൊടുത്ത എമിലിയാനോ മാർട്ടിനെസ് ടൂർണ്ണമെന്റിലെ മികച്ച ഗോളിയുമായി.
79-ാം മിനിറ്റിൽ ഫ്രാൻസിന് അനുകൂലമായി റഫറി പെനാൽറ്റി വിധിച്ചു. ബോക്സിനുള്ളിൽ വെച്ച് കോലോ മുവാനിയെ ഒട്ടമെൻഡി വീഴ്‌ത്തിയതിനെത്തുടർന്നാണ് റഫറി പെനാൽറ്റി അനുവദിച്ചത്. കിക്കെടുത്ത സൂപ്പർതാരം കിലിയൻ എംബാപ്പെയ്ക്ക് തെറ്റിയില്ല. എമിലിയാനോ മാർട്ടിനസ്സിന്റെ വിരൽത്തുമ്പുകളെ തലോടിക്കൊണ്ട് പന്ത് വലയിലെത്തി. 80-ാം മിനിറ്റിലാണ് ഗോൾ പിറന്നത്. ഈ ഗോളിന്റെ ഞെട്ടൽ മാറുംമുൻപേ ഫ്രാൻസ് അടുത്തവെടി പൊട്ടിച്ചു. ഇത്തവണയും എംബാപ്പെ തന്നെയാണ് ഗോളടിച്ചത്. തുറാം ബോക്സിലേക്ക് ഉയർത്തിനൽകിയ പന്ത് തകർപ്പൻ വോളിയിലൂടെ എംബാപ്പെ വലയിലാക്കി. 81-ാം മിനിറ്റിലാണ് താരം ഗോളടിച്ചത്. ഇതോടെ രണ്ട് മിനിറ്റിനുള്ളിൽ രണ്ട് ഗോളുകൾ വഴങ്ങി അർജന്റീന ലീഡ് കളഞ്ഞുകുളിച്ചു.
108-ാം മിനിറ്റിൽ മെസ്സിയിലൂടെ അർജന്റീന വീണ്ടും ലീഡെടുത്തു. അർജന്റീന ആരാധകരുടെ നിരാശ തച്ചുടച്ചുകൊണ്ട് മിശിഹ അർജന്റീനയുടെ വീരപുരുഷനായി അവതരിച്ചു. മെസ്സിയുടെ പാസിൽ മാർട്ടിനെസ് പോസ്റ്റിലേക്ക് ഷോട്ടുതിർത്തെങ്കിലും പന്ത് ലോറിസ് തട്ടിയകറ്റി. പന്ത് റീബൗണ്ടായി വന്നത് മെസ്സിയുടെ കാലിലേക്ക്. മെസ്സി പോസ്റ്റിലേക്ക് ഷോട്ടുതിർത്തു. പന്ത് ബോക്സിനുള്ളിൽവെച്ച് ഉപമെക്കാനോ തട്ടിയെങ്കിലും വാറിന്റെ സഹായത്തോടെ റഫറി ഗോൾ അനുവദിച്ചു. എന്നാൽ 116-ാം മിനിറ്റിൽ ഫ്രാൻസിന് വീണ്ടും സമനില നേടാനുള്ള അവസരം വന്നെത്തി. റഫറി പെനാൽറ്റി അനുവദിച്ചു. എംബാപ്പെയുടെ പോസ്റ്റിലേക്കുള്ള ഷോട്ട് മോണ്ടിയലിന്റെ കൈയിൽ തട്ടിയതിനെത്തുടർന്നാണ് റഫറി പെനാൽറ്റി അനുവദിച്ചത്. കിക്കെടുത്ത എംബാപ്പെയ്ക്ക് തെറ്റിയില്ല. മത്സരം അവസാനിക്കാൻ സെക്കൻഡുകൾ മാത്രം ബാക്കിനിൽക്കേ കോലോ മുവാനിയുടെ ഗോളെന്നുറച്ച ഷോട്ട് എമിലിയാനോ മാർട്ടിനെസ് അത്യുജ്ജലമായി തട്ടിയകറ്റി. ഇതോടെ മത്സരം അധികസമയവും സമനിലയിൽ കലാശിച്ചു.
ഫ്രാൻസിനായി ആദ്യ കിക്കെടുത്ത എംബാപ്പെ അനായാസം ലക്ഷ്യം കണ്ടു. മാർട്ടിനെസ്സിന്റെ കൈയിൽ തട്ടിയാണ് പന്ത് വലയിൽ കയറിയത്. അർജന്റീനയ്ക്കായി ആദ്യ കിക്കെടുത്ത മെസ്സിയും പിഴച്ചില്ല താരവും ലക്ഷ്യം കണ്ടു. ഫ്രാൻസിന്റെ രണ്ടാം കിക്കെടുത്ത കിങ്സ്ലി കോമാന്റെ കിക്ക് മാർട്ടിനെസ് തട്ടിയകറ്റി. പിന്നാലെ വന്ന ഡിബാല ലക്ഷ്യം കണ്ടതോടെ അർജന്റീന 2-1 ന് മുന്നിൽ കയറി. ഫ്രാൻസിനായി മൂന്നാം കിക്കെടുത്ത ചൗമനിയുടെ ഷോട്ട് ഗോൾപോസ്റ്റിന് പുറത്തേക്ക് പോയി. പിന്നാലെ വന്ന പരഡെസ് കൂടി ലക്ഷ്യം കണ്ടതോടെ അർജന്റീന 3-1 ന് ലീഡെടുത്തു. നാലാം കിക്കെടുത്ത കോലോ മുവാനി ഫ്രാൻസിനായി ഗോൾ നേടിയതോടെ സ്‌കോർ 3-2 ആയി. നാലാമത്തെ നിർണായക കിക്കെടുക്കാനായി വന്നത് മോണ്ടിയലാണ്. താരം ലക്ഷ്യം കണ്ടതോടെ അർജന്റീന 4-2 ന് വിജയം നേടി ലോകകിരീടത്തിൽ മുത്തമിട്ടു. ഇവിടെ നിർണ്ണായകമായത് ഫ്രാൻസിന്റെ രണ്ടാം കിക്ക് തടഞ്ഞിട്ട മാർട്ടിനെസായിരുന്നു. മെസിക്ക് വേണ്ടി ദൈവത്തിന്റെ കൈകളുമായി അവതരിച്ച ഗോളി.
കോപ്പ അമേരിക്ക ഫൈനലിലേക്ക് ആൽബിസെലസ്റ്റകളെ കൈപിടിച്ച് ഉയർത്തിയ രക്ഷപ്പെടുത്തലുകൾ.. നീണ്ട 28 വർഷത്തെ കാത്തിരിപ്പ് അവസാനിപ്പിച്ച് കോപ്പ കിരീടം ചൂടിയതിന് നിമിത്തമായ നിമിഷങ്ങൾ. കൊളംബിയക്കെതിരായ സെമിയിൽ എമിയുടെ മനക്കരുത്തിനെയും മെയ് കരുത്തിനേയും ആരാധകർ വാഴ്‌ത്തി. ആ കഥ ആവർത്തിക്കുന്നു. ഇത്തവണ എമിക്ക് മുന്നിൽ വീണത് നെതർലൻഡ്‌സ്.. ആദ്യം വീണത് ഡച്ചുപടയുടെ നായകൻ വാൻഡൈക്ക് തന്നെ.. ഇടതുവശത്തേക്ക് ഒരു മുഴുനീള ഡൈവ്.. സ്റ്റീവൻ ബെർഗ്യൂസെടുത്ത പന്തിനുമേലും പറന്നിറങ്ങി എമിലിയാനൊ.. ഇത്തവണ വലതുവശത്തേക്ക്.. അങ്ങനെ അർജന്റീന സെമിയിൽ എത്തി. ക്രൊയേഷ്യ ആഞ്ഞു വന്നിട്ടും ഗോൾ വഴങ്ങിയില്ല. അങ്ങനെ കലാശപോരാട്ടത്തിന് മെസ്സിപ്പടയെത്തി. ആ ഫൈനലിൽ എല്ലാ മനക്കരുത്തുമെടുത്ത് ഗോൾകീപ്പർ തകർത്തു. അങ്ങനെ വിജയം അർജന്റീനയ്ക്കായി.
മാർട്ടിഞ്ഞോ... അങ്ങനെയാണ് പ്രിയപ്പെട്ടവർ എമിലിയാനൊയെ വിളിക്കുന്നത്.. 2011ൽ ആദ്യമായി എമിക്ക് ദേശീയ ടീമിലേക്ക് വിളിയെത്തി.. അന്ന് ആ കുപ്പായമിടാൻ കഴിഞ്ഞില്ല.. പിന്നെ നീണ്ട 10 വർഷത്തെ കാത്തിരിപ്പ്.. 2021ൽ ആദ്യമായി അർജന്റൈൻ ജേഴ്‌സിയിൽ ഗോളിയായി. 2012 മുതൽ 20 വരെ പ്രീമിയർ ലീഗിൽ ആഴ്‌സണലിന്റെ ഭാഗമായ എമിലിയാനൊ ആകെ കളിച്ചത് 15 മത്സരങ്ങൾ മാത്രം. കാത്തിരിപ്പിന്റെ വേദന അയാൾക്ക് നന്നായി അറിയാം.. കിട്ടിയ അവസരങ്ങൾ രണ്ടു കയ്യും നീട്ടി സ്വീകരിച്ചു. കഷ്ടപ്പാടിന്റെയും ദുരിതത്തിന്റെയും അവഗണനയുടേയും ഭൂതകാലം അതിജീവിച്ച വ്യക്തിത്വം. എമിലിയാനൊ മാർട്ടിനെസ് എന്ന ആറടി അഞ്ചിഞ്ചുകാരൻ പിന്നിലുള്ളപ്പോൾ ആൽബിസെലസ്റ്റകളെ തോൽപ്പിക്കാൻ എതിരാളികൾ പാടുപെടുന്നു. അതു തന്നെയാണ് ലോകകപ്പ് ഫൈനലിലും കണ്ടത്.
നെതർലൻഡ്‌സിനെതിരായ ക്വാർട്ടർ ഫൈനൽ മത്സരത്തിന്റെ അവസാന നിമിഷങ്ങളിലാണ് അർജന്റീന രണ്ടാം ഗോൾ വഴങ്ങുന്നത്. എക്‌സ്ട്രാ ടൈമിലും ടീമിനെ കാത്ത മാർട്ടിനസ്, ഷൂട്ടൗട്ടിൽ വിർജിൽ വാൻ ഡിക്ക്, സ്റ്റീവൻ ബെർഗൂയിസ് എന്നിവരുടെ കിക്കുകൾ തടുത്തിട്ട് വിജയം പിടിച്ചുവാങ്ങി. നീലപ്പടയുടെ പെനാൽറ്റി സ്‌പെഷലിസ്റ്റായ താരം, കോപ്പ അമേരിക്ക 2021ലെ പ്രകടനത്തോടെയാണ് ഒന്നാം ഗോൾകീപ്പറുടെ സ്ഥാനം ഉറപ്പാക്കിയത്. കൊളംബിയക്കെതിരായ സെമി ഫൈനലിൽ ഷൂട്ടൗട്ടിലൂടെ അർജന്റീനക്ക് ജയം നേടിക്കൊടുത്ത മാർട്ടിനസ് ബ്രസീലിനെതിരായ ഫൈനലിൽ ഗോൾ വഴങ്ങിയില്ല. ലോകകപ്പ് ഫൈനലിൽ മൂന്ന് ഗോളുകൾ വഴങ്ങി. എന്നാൽ പെനാൽട്ടി ഷൂട്ടൗട്ടിൽ വീണ്ടും വൻ മതിലായി.
സ്പോർട്സ് ഡെസ്ക്