ദോഹ: നിലനിൽപ്പിനായുള്ള പോരാട്ടത്തിൽ മെക്‌സിക്കോയെ കീഴടക്കിയ അർജന്റീനയുടെ വിജയാഘോഷം അതിരുകളില്ലാത്തതായിരുന്നു.ഡ്രസിങ്ങ് റൂമിൽ വച്ച് അഹ്ലാദത്തോടെ തുള്ളിച്ചാടുന്ന മെസി ഉൾപ്പടെയുള്ള താരങ്ങളുടെ വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു.എന്നാൽ ഈ ആഘോഷത്തിനിടെ ഉള്ള മെസിയുടെ ഒരു പ്രവൃത്തിയാണ് ഇപ്പോൾ വിവാദത്തിലായിരിക്കുന്നത്.

 

അർജന്റീനൻ താരം നിക്കോളാസ് ഒട്ടമെൻഡി പങ്കുവച്ച് ആഘോഷ ദൃശ്യങ്ങളിൽ നിലത്തിട്ട ഒരു തുണിയിൽ മെസി ചവിട്ടുന്നത് വ്യക്തമായി കാണാം. ഇത് മെക്‌സിക്കൻ ജേഴ്‌സിയാണ് എന്നതാണ് വിവാദത്തിന് അടിസ്ഥാനം.മെക്‌സിക്കൻ കളിക്കാരനിൽ നിന്ന് കളിയോർമയായി ലഭിച്ച ജേഴ്‌സിയാകാം ഇതെന്നാണ് യാഹൂ സ്പോർട്സ് റിപ്പോർട്ട് പറയുന്നത്. മെസി അത് ചവിട്ടുന്നില്ലെന്നും കാലുകൊണ്ട് നീക്കി ഇട്ടതാണെന്നും വാദം ഉയരുന്നുണ്ട്. സഹതാരങ്ങൾക്കൊപ്പം ആഘോഷിക്കുമ്പോൾ അവന്റെ കാലുകൾ കൊണ്ട് മെസ്സി ജഴ്സി മാറ്റുന്നത് പോലെയാണ് കാണപ്പെടുന്നത് എന്നാണ് ഒരു വാദം.

എന്തായാലും മെസിയുടെ ഈ പ്രവൃത്തി സോഷ്യൽ മീഡിയയിൽ മെക്‌സിക്കൻ രോഷത്തിന് തിരികൊളുത്തിയിട്ടുണ്ട്. മെക്സിക്കോയിലെ പ്രമുഖനായ ബോക്സർ കാനെലോ അൽവാരസ് തന്റെ ട്വിറ്റർ പോസ്റ്റിൽ മെസ്സിയെ വിമർശിച്ചു. മെക്സിക്കൻ ജേഴ്സിയിൽ മെസ്സി 'തറ വൃത്തിയാക്കുകയായിരുന്നു'വെന്നാണ് സൂപ്പർ മിഡിൽവെയ്റ്റ് ചാമ്പ്യനായ ഇദ്ദേഹം ആരോപിക്കുന്നത്.

 


'ഞങ്ങളുടെ ജഴ്സിയും പതാകയും ഉപയോഗിച്ച് മെസ്സി തറ വൃത്തിയാക്കുന്നത് കണ്ടോ? ഞാൻ ഒരിക്കലും അവനെ നേരിട്ട് കാണാതിരിക്കട്ടെയെന്ന് മെസി ദൈവത്തോട് പ്രാർത്ഥിക്കട്ടെ' കാനെലോ അൽവാരസ് ട്വിറ്ററിൽ പറഞ്ഞു.

ഈ പ്രവൃത്തി സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയ്ക്കാണ് വഴി വച്ചത്. പലരും മെസ്സിയെ അനുകൂലിച്ചും രംഗത്ത് എത്തിയിരുന്നു. മെസി ഈ പ്രവൃത്തിയിൽ മെക്‌സിക്കൻ ജേഴ്‌സിയോട് 'അനാദരവ്' കാണിച്ചില്ലെന്നാണ് ഇവരുടെ വാദം. എന്നാൽ ഒപ്പം കളിച്ച ഒരു രാജ്യത്തിന്റെ ജേഴ്‌സി തറയിൽ ഇടുന്നതിനപ്പുറം മോശം സംഭവം എന്തുണ്ടെന്നാണ് ഇതിന് എതിർവാദം ഉയരുന്നത്.

സംഭവത്തിൽ അർജന്റീന ടീം ഇതുവരെ പ്രതികരണമൊന്നും നടത്തിയിട്ടില്ല. അതേ സമയം. അതേ സമയം ലോകകപ്പിലെ അവസാന ഗ്രൂപ്പ് മത്സരത്തിൽ മെസ്സിയും അർജന്റീനയും പോളണ്ടിനെ നേരിടും, നോക്കൗട്ട് ഘട്ടത്തിലേക്ക് കടക്കാൻ ഈ മത്സരത്തിൽ വിജയം അർജന്റീനയ്ക്ക് അത്യവശ്യമാണ്.