ദോഹ: ഖത്തർ ലോകകപ്പിനെതിരെ ബിബിസിയുടെ പ്രതിഷേധം തുടരുന്നു. വൺ ലവ് ആം ബാൻഡ് ധരിച്ച് ലോകകപ്പ് റിപ്പോർട്ട് ചെയ്ത് ബിബിസി അവതാരക അലക്സ് സ്‌കോട്ട്. യൂറോപ്യൻ ഫുട്ബോൾ അസോസിയേഷനുകൾ എൽജിബിറ്റിക്യുപ്ലസ് അവകാശത്തെ പിന്തുണയ്ക്കുന്ന ആം ബാൻഡുകൾ കെട്ടുന്നില്ലെന്ന് പ്രഖ്യാപിച്ചതിന് പിന്നാലെയാണ് മാധ്യമപ്രവർത്തക പ്രതിഷേധവുമായി രംഗത്തുവന്നത്. ഫിഫ നടപടി ഭയന്ന് ഇംഗ്ലീഷ് ക്യാപ്റ്റൻ ഹാരി കെയ്ൻ 'നോ ഡിസ്‌ക്രിമിനേഷൻ' (വിവേചനം അരുത്) എന്ന ആം ബാൻഡ് അണിഞ്ഞാണ് ഇറാനെതിരെ കളിക്കാനിറങ്ങിയത്.

മുൻ ഇംഗ്ലീഷ് താരങ്ങളായ ഗാരി ലിനേക്കർ, അലൻ ഷിയറർ, റിയോ ഫെർഡിനാൻഡ്, മിക്ക റിച്ചാർഡ്സ് എന്നിവരാണ് ബിബിസിയുടെ സ്റ്റുഡിയോയിലുണ്ടായിരുന്നത്. ഇറാനെതിരെയുള്ള മത്സരം റിപ്പോർട്ട് ചെയ്യാൻ ഖലീഫ സ്റ്റേഡിയത്തിൽ മാധ്യമപ്രവർത്തകരായ കെല്ലി സോമേഴ്സും അലക്സ് സ്‌കോട്ടും. ഇംഗ്ലണ്ടിന്റെ ലൈനപ്പിനേക്കുറിച്ചും ഇറാൻ ടീമിനേക്കുറിച്ചും സ്‌കോട്ട് സംസാരിച്ചത് കൈയിൽ 'വൺ ലവ്' മഴവിൽ ബാൻഡ് അണിഞ്ഞുകൊണ്ടാണ്. അലക്സ് സ്‌കോട്ട് ബാൻഡ് അണിഞ്ഞിരിക്കുന്ന വിവരം മറ്റൊരു അവതാരകയായ കെല്ലി സോമേഴ്സ് ചൂണ്ടിക്കാട്ടി. ഇംഗ്ലണ്ട് താരങ്ങൾ വൺ ലവ് ബാൻഡ് അണിയില്ലെന്ന് പരിശീലകൻ ഗരെത് സൗത്ഗേറ്റ് തന്നോട് നേരിട്ട് സ്ഥിരീകരിച്ചെന്നും മാധ്യമ പ്രവർത്തക പ്രതികരിച്ചു.

ഫിഫയിൽ നിന്ന് കടുത്ത അച്ചടക്ക നടപടികളും വിലക്കുകളും നേരിടേണ്ടി വരുമെന്നതിനാൽ മഴവിൽ ബാൻഡ് ധരിച്ച് കളത്തിലിറക്കാനുള്ള നീക്കം ഉപേക്ഷിച്ചതായി ഇംഗ്ലണ്ടും ജർമനിയും മറ്റ് അഞ്ച് യൂറോപ്യൻ ടീമുകളും സംയുക്ത പ്രസ്താവനയിൽ വ്യക്തമാക്കിയിരുന്നു. കളിക്കാർ ഫിഫയുടെ അംഗീകാരമില്ലാത്ത വസ്ത്രം ധരിച്ചാൽ മഞ്ഞക്കാർഡ് വരെ കാണേണ്ടി വരുമെന്ന് ചൂണ്ടിക്കാട്ടിയാണ് പിന്മാറൽ തീരുമാനം. സ്വവർഗാനുരാഗവും വ്യത്യസ്ത ലൈംഗിക ആഭിമുഖ്യവും നിയമവിരുദ്ധമായ ഖത്തറിൽ പ്രതിഷേധത്തിന്റെ ഭാഗമായി കൂടിയാണ് താരങ്ങൾ മഴവിൽ നിറമുള്ള ബാൻഡ് അണിയുകയെന്ന് നിരീക്ഷണങ്ങളുണ്ടായിരുന്നു.'ഞങ്ങളുടെ ക്യാപ്റ്റന്മാർ മൈതാനത്ത് ആം ബാൻഡുകൾ അണിഞ്ഞാൽ കടുത്ത നടപടികളുണ്ടാകുമെന്ന് ഫിഫ വ്യക്തമായ മുന്നറിയിപ്പ് നൽകി.

മഞ്ഞക്കാർഡ് അടക്കമുള്ള ശിക്ഷാ നടപടികൾ നേരിടേണ്ട അവസ്ഥയിലേക്ക് ഞങ്ങളുടെ കളിക്കാരെ തള്ളിവിടാൻ ഫുട്ബോൾ ഫെഡറേഷൻ എന്ന നിലയിൽ ഞങ്ങൾക്കാകില്ല. അതുകൊണ്ട് ഫിഫ ലോകകപ്പ് മത്സരങ്ങളിൽ ആം ബാൻഡുകൾ അണിയരുതെന്ന് ക്യാപ്റ്റന്മാർക്ക് നിർദ്ദേശം നൽകി,' ഇംഗ്ലണ്ട്, വെയ്ൽസ്, ബെൽജിയം, ഡെന്മാർക്ക്, ജർമനി, നെതർലൻഡ്സ്, സ്വിറ്റ്സർലൻഡ് ടീം അസോസിയേഷനുകൾ പ്രതികരിച്ചു.'ഞങ്ങൾ പിഴയടയ്ക്കാൻ തയ്യാറായിരുന്നു. പക്ഷെ, കളിക്കാർക്ക് മൈതാനം വിട്ട് പോകേണ്ടി വരുന്ന അവസ്ഥയിലെത്തിക്കാനാകില്ല. അസാധാരണമായ ഫിഫയുടെ ഈ നടപടിയിൽ ഞങ്ങൾ അങ്ങേയറ്റം അസന്തുഷ്ടരാണ്. ഞങ്ങളുടെ കളിക്കാരും പരിശീലകരും നിരാശരാണ്.

'ഉൾക്കൊള്ളൽ' എന്ന ആശയത്തെ ശക്തമായി പിന്തുണയ്ക്കുന്ന അവർ മറ്റ് മാർഗങ്ങളിലൂടെ പിന്തുണ പ്രകടിപ്പിക്കും,' യൂറോപ്യൻ ടീമുകൾ പ്രസ്താവനയിൽ കൂട്ടിച്ചേർത്തു.ഖത്തർ ലോകകപ്പിൽ വൺ ലവ് ആം ബാൻഡ് അണിയാൻ ഉദ്ദേശമുണ്ടെന്ന് അറിയിച്ച് അസോസിയേഷനുകൾ ഫിഫയ്ക്ക് കത്തയച്ചിരുന്നു. പക്ഷെ, അന്താരാഷ്ട്ര ഫുട്ബോൾ ഫെഡറേഷനിൽ നിന്ന് മറുപടിയുണ്ടായില്ല. സ്വവർഗ വിവാഹങ്ങൾക്ക് കടുത്ത നിരോധനമുള്ള ഖത്തറിൽ തടവും പിഴയും വധശിക്ഷ വരെയും നിയമങ്ങളിലുണ്ട്. സ്വവർഗാനുരാഗം, വ്യത്യസ്ത ലൈംഗിക ആഭിമുഖ്യം എന്നിവയെ പ്രോത്സാഹിപ്പിക്കുന്ന പ്രചരണങ്ങൾക്കും രാജ്യം മുന്നേ തന്നെ വിലക്കേർപ്പെടുത്തിയിട്ടുണ്ട്.