- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Column
- /
- Stay Hungry
സാംബാതാളം നിലച്ചത് ക്രൊയേഷ്യയുടെ മനക്കരുത്തിനു മുന്നിൽ; നെയ്മറും വിനീഷ്യസും തലങ്ങും വിലങ്ങും ഷോട്ടുതിർത്തപ്പോൾ ഗോൾബാറിന് കീഴിൽ ലിവാകോവിച്ച് അത്ഭുതമായി; എക്സ്ട്രാ ടൈമിലെ നെയ്മറുടെ മനോഹര ഗോൾ നൽകിയ സന്തോഷം പെനാൽട്ടി ഷൂട്ടൗട്ടിലും ലിവാകോവിച്ച് തകർത്തു; പരാജയം സമ്മതിച്ച് കാനറിപ്പട കണ്ണീരോടെ തിരിഞ്ഞു നടന്നു; ദോഹയിലേത് ബ്രസീലിയൻ ദുരന്തം
ദോഹ: എജുക്കേഷൻ സിറ്റി സ്റ്റേഡിയത്തിൽ പെനാൽറ്റി ഷൂട്ടൗട്ടിനൊടുവിൽ കാനറിപ്പട കണ്ണീരണിഞ്ഞ് തലതാഴ്‌ത്തിമടങ്ങി. നെയ്മറും വിനീഷ്യസും തലങ്ങും വിലങ്ങും ഷോട്ടുതിർത്തപ്പോൾ ഗോൾബാറിന് കീഴിൽ ലിവാകോവിച്ച് അത്ഭുതമായി മാറി. ഫുൾ ടൈമും കഴിഞ്ഞ് പെനാൽറ്റി ഷൂട്ടൗട്ടിലും ലിവാകോവിച്ച് കീഴടങ്ങിയില്ല. അയാൾക്കുമുന്നിൽ പരാജയം സമ്മതിച്ച് കാനറിപ്പട കണ്ണീരോടെ തിരിഞ്ഞു നടന്നു. കളിച്ചത് ബ്രസീലായിരുന്നു. പക്ഷേ ഗോൾ കീപ്പർ അസാധ്യ ഫോമിലായിരുന്നു. അങ്ങനെ ജയം ക്രൊയേഷ്യയ്‌ക്കൊപ്പമായി. ഭാഗ്യമാണ് അവർക്ക് തുണയായത്. ബ്രസീലിനൊപ്പം നിന്നത് ക്രൊയേഷ്യൻ ഗോളിയുടെ മികവിനൊപ്പം നിർഭാഗ്യവും. ബ്രസീലിയൻ പരിശീലകൻ ടിറ്റോയുടെ രാജിക്കും താൽവി കാരണമായി.
ക്രൊയേഷ്യയുടെ മനക്കരുത്തിനു മുന്നിൽ ബ്രസീലിന് വഴികളുണ്ടായില്ല. സാംബാതാളം നിലച്ചു. ലോകകപ്പ് സെമി കാണാതെ നെയ്മറും സംഘവും മടങ്ങി. ഷൂട്ടൗട്ടുവരെനീണ്ട കളിയിൽ 4-2നാണ് ക്രൊയേഷ്യയുടെ ജയം. നിശ്ചിതസമയത്തും അധികസമയത്തും ഇരു ടീമുകളും ഓരോ ഗോൾവീതം നേടി പിരിയുകയായിരുന്നു. അധികസമയത്ത് നെയ്മറുടെ മനോഹരഗോളിൽ ബ്രസീൽ ലീഡ് നേടി. എന്നാൽ, നിമിഷങ്ങൾക്കുള്ളിൽ ബ്രൂണോ പെട്കോവിച്ച് ക്രൊയേഷ്യയെ ഒപ്പമെത്തിച്ചു. ഷൂട്ടൗട്ടിൽ ക്രൊയേഷ്യയുടെ ആദ്യ നാല് കിക്കും ലക്ഷ്യത്തിലെത്തി. ബ്രസീലിന്റെ റോഡ്രിഗോയുടെ അടി ക്രൊയേഷ്യൻ ഗോൾകീപ്പർ ലിവാകോവിച്ച് തടഞ്ഞു. മാർക്വിനോസിന്റെ അടി പോസ്റ്റിൽ തട്ടിത്തെറിച്ചു. അങ്ങനെ മഞ്ഞപ്പട തലകുനിച്ചു.
എല്ലാവരും ആഗ്രഹിച്ചത് ലാറ്റിൻ അമേരിക്കൻ കരുത്തരുടെ സെമി പോരാട്ടമാണ്. കഴിഞ്ഞ കോപ്പാ കപ്പിന്റെ തനിയാവർത്തനം. അവിടെ ബ്രസീൽ ജയിക്കുമെന്ന് മഞ്ഞപ്പടയുടെ കാണികൾ കണക്കു കൂട്ടി. മെസ്സിയെ മെരുക്കുന്ന നെയ്മറെ കാണാൻ കൊതിച്ചവർക്ക് ക്രൊയേഷ്യ എന്ന യൂറോപ്യൻ കരുത്തിന് മുമ്പിൽ അടി തെറ്റി. അങ്ങനെ ആ സ്വപ്‌ന മത്സരം ദോഹയിൽ അപ്രസക്തമായി. നെയ്മറും സംഘവും ഒരിക്കൽകൂടി പരാജയം രുചിച്ചപ്പോൾ അവിടെ നിലവിലെ റണ്ണറപ്പുകൾ അപരാജിതരായി മുമ്പോട്ട് കുതിച്ചു. ആദ്യപകുതിയിൽ ബ്രസീലിന് ക്രൊയേഷ്യയുടെ കൃത്യതയുള്ള കളിക്കുമുന്നിൽ ഉത്തരമുണ്ടായില്ല. പന്ത് നിയന്ത്രണത്തിൽ മുന്നിലുണ്ടായെങ്കിലും ബ്രസീലിനെക്കാൾ നേരിട്ടുള്ള ആക്രമണം നടത്തിയത് ക്രൊയേഷ്യയായിരുന്നു. രണ്ടാം പകുതിയിൽ കളി മാറി. എക്‌സ്ട്രാ ടൈമിന്റെ അവസാനം ഗോൾ പിറക്കും വരെ ക്രൊയേഷ്യ പ്രതിരോധത്തിലായിരുന്നു. സമനില നേടിയപ്പോൾ പെനാൽട്ടിയിൽ എത്തിയത് മറ്റൊരു ടീമും. ഇത് ബ്രസീലിന് തകർച്ചയായി.
ഗംഭീരമായി ടൂർണമെന്റുകളിലുടനീളം പന്തുതട്ടിക്കളിച്ച ബ്രസീലിന് 105-ാം മിനിറ്റുവരെ ക്രൊയേഷ്യൻ വലകുലുക്കാനായില്ല. അവരുടെ ഷോട്ടുകളോരോന്നും തടുത്തിട്ട് മത്സരത്തിലെ ഹീറോയായി മാറിയത് ഡൊമിനിക് ലിവാകോവിച്ച് എന്ന ഗോൾകീപ്പറായിരുന്നു. എക്സ്ട്രാ ടൈമിന്റെ ആദ്യ പകുതി അവസാനിക്കാൻ സെക്കന്റുകൾ മാത്രം ബാക്കി നിൽക്കേയാണ് ക്രൊയേഷ്യൻ പൂട്ട് പൊളിച്ച് നെയ്മർ വലകുലുക്കിയത്. ബോക്സിന് പുറത്തുനിന്ന് പക്വേറ്റയുമായി ചേർന്ന് നടത്തിയ നീക്കത്തിനൊടുക്കം ലിവാകോവിച്ചിനേയും മറികടന്നാണ് നെയ്മർ ഗോളടിച്ചത്. അത്യുഗ്രൻ ഫിനിഷിങ്.
രണ്ടാം പകുതിയുടെ തുടക്കത്തിൽ തന്നെ ബ്രസീൽ ആക്രമണങ്ങളുടെ മൂർച്ചകൂട്ടിത്തുടങ്ങി. ബോക്സിനുള്ളിൽ പലകുറി കയറിയിറങ്ങി. പക്ഷേ ലിവാകോവിച്ചെന്ന 27-കാരനെ മറികടക്കാനാകാനായില്ല. 54-ാം മിനിറ്റിൽ നെയ്മർ, 66-ാം മിനിറ്റിൽ പക്വേറ്റ...പക്ഷേ എല്ലാം പതിവുപോലെ ലിവാകോവിച്ചിൽ തട്ടിത്തെറിച്ചു. തൊണ്ണൂറുമിനിറ്റ് അവസാനിക്കുമ്പോൾ ഒമ്പത് സേവുകളാണ് ലിവാകോവിച്ച് നടത്തിയത്. ടൂർണമെന്റിലിതുവരെ ആരും അത്രയും സേവുകൾ നടത്തിയിട്ടില്ല. ഒടുക്കം പെനാൽറ്റി ഷൂട്ടൗട്ടിൽ റോഡ്രിഗോയുടെ ഷോട്ടും തടഞ്ഞ് ലിവാകോവിച്ച് വീരനായകനായി. ബ്രസീലിന്റെ കണ്ണീർ ദോഹയിൽ വീണു.
നിശ്ചിത സമയത്ത് ഗോൾരഹിത സമനിലയും എക്‌സ്ട്രാ ടൈമിൽ ഇരു ടീമുകളും ഓരോ ഗോളടിച്ചും സമനില പാലിച്ചതോടെയാണ് വിജയികളെ കണ്ടെത്താൻ പെനൽറ്റി ഷൂട്ടൗട്ട് വേണ്ടിവന്നത്. ലോകകപ്പിൽ ക്രൊയേഷ്യയുടെ മൂന്നാം സെമിയാണിത്. 1998ൽ മൂന്നാം സ്ഥാനം നേടിയ ക്രൊയേഷ്യ, 2018 ലോകകപ്പ് ഫൈനലിൽ ഫ്രാൻസിനോടു തോറ്റ് രണ്ടാം സ്ഥാനത്തായി. ബ്രസീൽ പെനൽറ്റി ഷൂട്ടൗട്ടിൽ തോൽക്കുന്നത് 1986നു ശേഷം ഇതാദ്യമാണ്.
2002ലെ ലോകകപ്പ് ഫൈനലിൽ ജർമനിയെ 2-0ന് തോൽപ്പിച്ചതിനു ശേഷം കളിക്കുന്ന ആറാം നോക്കൗട്ട് മത്സരത്തിലാണ് ബ്രസീൽ യൂറോപ്യൻ ടീമിനോടു തോറ്റ് പുറത്താകുന്നത്. ഇതിൽ നാലു തവണയും ക്വാർട്ടറിലാണ് ബ്രസീൽ തോറ്റത്. 2006ൽ ഫ്രാൻസിനോടും 2010ൽ നെതർലൻഡ്‌സിനോടും 2018ൽ ബെൽജിയത്തോടും തോറ്റു.
മറുനാടന് മലയാളി ബ്യൂറോ