ദോഹ: ബ്രസീൽ ആരാധകർക്കെതിരെ കടുത്ത വിമർശനവുമായി മുന്നേറ്റനിര താരം റാഫിഞ്ഞ. നെയ്മറുടെ കാല് ഒടിയാനാണ് ബ്രസീൽ ആരാധകർ ആഗ്രഹിക്കുന്നതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.പരിക്കേറ്റ നെയ്മറിനെക്കുറിച്ചുള്ള ആരാധകരുടെ കമന്റാണ് താരത്തെ ചൊടിപ്പിച്ചത്.സെർബിയക്കെതിരായ കളിയിൽ പരിക്കേറ്റ നെയ്മർക്കെതിരെ ഉയർന്ന ബ്രസീൽ ആരാധകരുടെ പ്രതികരണങ്ങൾ ചൂണ്ടിയാണ് റാഫിഞ്ഞയുടെ വാക്കുകൾ. ബ്രസീൽ ആരാധകർ നെയ്മറെ അർഹിക്കുന്നില്ല എന്ന് റാഫിഞ്ഞ ഇൻസ്റ്റാ സ്റ്റോറിയിൽ കുറിച്ചു.

നെയ്മറിന്റെ കാലൊടിയാനാണ് ബ്രസീൽ ആരാധകർ ആഗ്രഹിക്കുന്നത്.എന്നാൽ അർജന്റീനക്കാർ മെസിയെ ദൈവത്തെ പോലെയാണ് കാണുന്നതെന്നും പോർച്ചുഗൽ ആരാധകരുടെ രാജാവാണ് ക്രിസ്റ്റിയാനോ റൊണാൾഡോ എന്നും റാഫിഞ്ഞ പറഞ്ഞു.നെയ്മർ തന്റെ കരിയറിൽ ചെയ്ത തെറ്റ് ബ്രസീലിൽ ജനിച്ചു എന്നതാണ്. നെയ്മറുടെ കഴിവ് ഈ രാജ്യം അർഹിക്കുന്നില്ല എന്നും റാഫിഞ്ഞ പറയുന്നു.

സെർബിയക്കെതിരായ മത്സരത്തിൽ കളി തീരാൻ 10 മിനിറ്റ് ശേഷിക്കെയാണ് നെയ്മർക്ക് പരിക്കേറ്റത്. കണങ്കാലിലെ പരിക്കിനെ തുടർന്ന് ബ്രസീലിന്റെ ഇനിയുള്ള രണ്ട് ഗ്രൂപ്പ് ഘട്ട മത്സരങ്ങളും നെയ്മറിന് നഷ്ടമാവും.

 
 
 
View this post on Instagram

A post shared by NJ ???????? (@neymarjr)

 

സെർബിയക്കെതിരായ കളിക്ക് പിന്നാലെ നെയ്മറും കുറിപ്പുമായി ഇൻസ്റ്റഗ്രാമിൽ എത്തിയിരുന്നു. ഈ പ്രശ്നങ്ങൾക്കെല്ലാം ശേഷം എല്ലാം ശരിയാവും എന്ന് വിശ്വസിക്കുന്നു. ഏറ്റവും മികച്ചത് വരാനിരിക്കുന്നതേയുള്ളു എന്ന് ഉറപ്പാണ്. എല്ലാത്തിനും അതിന്റേതായ സമയമുണ്ട് എന്നും നെയ്മർ ഇൻസ്റ്റഗ്രാമിൽ കുറിച്ചു.