- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Column
- /
- Stay Hungry
ടിറ്റെയുടെ പിൻഗാമിയാകാൻ സിറ്റി വിട്ട് പെപ് ഗ്വാർഡിയോള ബ്രസീലിലേക്ക്? കാനറിപ്പടയ്ക്കായി ലോകത്ത് ഏറ്റവും പ്രതിഫലം വാങ്ങുന്ന പരിശീലകനെ എത്തിക്കാൻ സി.ബി.എഫ്; ഫെർണാണ്ടോ ഡിനിസും ഏബൽ ഫെരേരയും പരിഗണിക്കുന്നവരുടെ പട്ടികയിൽ; ആരാധകർ ആകാംക്ഷയിൽ
സാവോപോളോ: ലോകകപ്പ് ക്വാർട്ടറിൽ ക്രൊയേഷ്യയോട് ഞെട്ടിക്കുന്ന തോൽവി വഴങ്ങി ബ്രസീൽ പുറത്തായതിന് പിന്നാലെ മുഖ്യ പരിശീലകൻ ടിറ്റെ പടിയിറങ്ങിയതോടെ കാനറികളുടെ അടുത്ത കോച്ചിനായുള്ള അന്വേഷണം ഊർജ്ജിതമാക്കി ബ്രസീലിയൻ ഫുട്ബോൾ കോൺഫെഡറേഷൻ(സി.ബി.എഫ്).
മാഞ്ചസ്റ്റർ സിറ്റിയുടെ സൂപ്പർ കോച്ച് പെപ് ഗ്വാർഡിയോള അടക്കം പ്രമുഖരെ ബ്രസീലിയൻ ഫുട്ബോൾ കോൺഫെഡറേഷൻ(സി.ബി.എഫ്) നോട്ടമിടുന്നുണ്ടെന്ന് 'സ്കൈ സ്പോർട്സ്' റിപ്പോർട്ട് ചെയ്തു.
നിലവിൽ ലോകത്ത് ഏറ്റവും പ്രതിഫലം വാങ്ങുന്ന പരിശീലകനായ പെപ് ഗ്വാർഡിയോളയെ സി.ബി.എഫ് പ്രസിഡന്റ് എഡ്നാൾഡോ റോഡ്രിഗസ് ബന്ധപ്പെടുമെന്നാണ് വിവരം.
ലോകകപ്പിനുമുൻപ് തന്നെ പെപ്പുമായി ബന്ധപ്പെട്ടിരുന്നുവെന്നാണ് ബ്രസീലിന്റെ ഇതിഹാസതാരം റൊണാൾഡോ സ്പാനിഷ് മാധ്യമമായ 'എസ്പോർട്സി'നോട് പറഞ്ഞത്. പെപ് ഗ്വാർഡിയോളയെ നോട്ടമിട്ടെങ്കിലും, മാഞ്ചസ്റ്റർ സിറ്റിയുമായി കരാർ നീട്ടിയതോടെ വഴിയടഞ്ഞെന്നാണ് റൊണാൾഡോ പറയുന്നതമ്. ബ്രസീൽ കിരീടം നേടിയാലും ഇല്ലെങ്കിലും പരിശീലകസ്ഥാനം ഒഴിയുമെന്ന് ടിറ്റെ നേരത്തെ പ്രഖ്യാപിച്ചിരുന്നു.
പെപ്പിനെ കോച്ചായി കൊണ്ടുവരാനുള്ള ആഗ്രഹമുണ്ടായിരുന്നു. ഇതിന്റെ ഭാഗമായി അദ്ദേഹത്തിന്റെ കോച്ചിങ് സ്റ്റാഫുമായി ചർച്ച ചെയ്യുകയും ചെയ്തിരുന്നു. എന്നാൽ, സിറ്റിയുമായുള്ള കരാർ പുതുക്കാനാണ് പെപ് തീരുമാനിച്ചതെന്നും റൊണാൾഡോ പറയുന്നു.
2016ൽ ബയേണിൽനിന്ന് മാഞ്ചസ്റ്റർ സിറ്റി പരിശീലകനായെത്തിയ പെപ് ഗ്വാർഡിയോള അടുത്തിടെയാണ് ക്ലബുമായുള്ള കരാർ പുതുക്കിയത്. 2025 നവംബറിലാണ് പുതുക്കിയ കരാർ കാലാവധി അവസാനിക്കുക. എന്നാൽ, വമ്പൻ തുക നൽകി ബ്രസീൽ അദ്ദേഹത്തെ കൊണ്ടുവരുമോ എന്നാണ് ആരാധകർ ഉറ്റുനോക്കുന്നത്. അങ്ങനെയെങ്കിൽ ഇതാദ്യമായാകും ഒരു വിദേശ കോച്ച് ബ്രസീൽ ടീമിനെ പരിശീലിപ്പിക്കാനെത്തുന്നത്.
അതേസമയം ഫെർണാണ്ടോ ഡിനിസിന് വേണ്ടി മുതിർന്ന താരങ്ങൾ രംഗത്തുണ്ടെന്നാണ് സൂചന. ക്രൊയേഷ്യക്കെതിരായ തോൽവിക്ക് പിന്നാലെ പടിയിറക്കം പ്രഖ്യാപിച്ച പരിശീലകൻ ടിറ്റെയുടെ പിൻഗാമിയായി സ്വദേശി വേണോ വിദേശി വേണോയെന്ന ചർച്ചയിലാണ് ബ്രസീൽ ആരാധകർ. പരിശീലകന്റെ ജന്മനാട് വിഷയമല്ലെന്നാണ് ബ്രസീൽ ഫുട്ബോൾ ഫെഡറഷന്റെ നിലപാട്. സാധ്യതാപട്ടികയിൽ നിലവിൽ മുന്നിലുള്ളത് രണ്ട് പേർ. ടിക്കിടാക്ക ശൈലിയിൽ വിശ്വസിക്കുന്ന ഫെർണാണ്ടോ ഡിനിസും ബ്രസീലിയൻ സാഹചര്യങ്ങൾ നന്നായി അറിയാവുന്ന പോർച്ചുഗീസ് പരിശീലകൻ ഏബൽ ഫെരേരയും. റയൽ മാഡ്രിഡ് മാനേജർ കാർലോ ആഞ്ചെലോട്ടിയും സെവില്ലയുടെ ജോർജ് സാംപോളിയും ഇക്കൂട്ടത്തിലുണ്ട്.
ബ്രസീൽ ഗ്വാർഡിയോള എന്നറിയപ്പെടുന്ന ഡിനിസിന് വേണ്ടി നെയ്മാർ, ഡാനി ആൽവെസ്, തിയാഗോ സിൽവ, ആന്റണി, ബ്രൂണോ തുടങ്ങിയവർ സമ്മർദ്ദം ചെലുത്തുമെന്നാണ് റിപ്പോർട്ടുകൾ. 13 വർഷത്തിനിടെ 17 ക്ലബ്ബുകളെ പരിശീലിപ്പിച്ചിട്ടുള്ള ഡിനിസ് നിലവിൽ ബ്രസീൽ ടീം ഫ്ളുമിനിൻസിന്റെ ചുമതലയിൽ. ബ്രസീലിലെ പ്രമുഖ മാധ്യമഗ്രൂപ്പ് കഴിഞ്ഞ ദിവസം നടത്തിയ സർവേയിൽ മുന്നിലെത്തിയത് പോർച്ചുഗീസ് പരിശീലകൻ ഏബൽ ഫെരേരോ.
പാൽമെയ്റാസിന്റെ മുഖ്യ പരിശീലകനായ ഫെരേരയ്ക്ക് ബ്രസീൽ ലീഗിലെ മികച്ച റെക്കോർഡ് നേട്ടമായേക്കും. അടുത്തൊന്നും ബ്രസീൽ ടീമിന മത്സരമില്ലെങ്കിലും ജനുവരിയിൽ തന്നെ പുതിയ പരിശീലകനെ പ്രഖ്യാപിക്കുമെന്നാണ് റിപ്പോർട്ട്. ടിറ്റെക്ക് കീഴിൽ 60 മത്സരങ്ങൾ ജയിച്ച ബ്രസീൽ 15 സമനിലകൾ വഴങ്ങിയപ്പോൾ മൂന്ന് കളികളിൽ മാത്രമാണ് തോറ്റത്. ഇതിൽ രണ്ടെണ്ണം ലോകകപ്പിലും ഒരെണ്ണം കോപ അമേരിക്ക ഫൈനലിലുമായിരുന്നു. സീനിയർ താരങ്ങളായ തിയാഗോ സിൽവയും ഡാനി ആൽവെസും ബൂട്ടഴിക്കുമെന്നാണ് സൂചന. നെയ്മർ വിരമിക്കുമോ എന്ന കാര്യത്തിൽ ഇപ്പോഴും വ്യക്തതയില്ല
സ്പോർട്സ് ഡെസ്ക്