മലപ്പുറം: സ്വന്തംവീട് 'ബ്രസീൽ ഹൗസ്' ആക്കിമാറ്റി മലപ്പുറത്തെ ആരാധകൻ. ലോകക്കപ്പ് ഫുട്ബോളിന്റെ ആവേശം ഉൾക്കൊണ്ടാണ് മത്സരങ്ങൾക്ക് തിരിതെളിയാൻ ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെ വീടിന് മഞ്ഞ പെയിന്റടിച്ച് മലപ്പുറം ഊർങ്ങാട്ടിരി പഞ്ചായത്തിലെ കല്ലരട്ടിക്കലിലെ ഷിജിലേഷ് രംഗത്തുവന്നിരിക്കുന്നത്.

പ്രദേശത്തെ ബ്രസീൽ ആരാധകരുടെ നേതൃത്വത്തിലാണ് മൂന്നുദിവസം കൊണ്ട് വീടിന് ബ്രസീലിയൻ കൊടിയുടെ നിറം പകർന്നത്. ഖത്തർ ലോകകപ്പ് കഴിയുംവരെ വീട് പൂർണമായും തങ്ങൾ ഏറ്റെടുത്തിരിക്കുകയാണെന്ന് ബ്രസീൽ ആരാധകർ പറയുന്നു. ലോകകപ്പ് മത്സരങ്ങൾ തുടക്കം മുതൽ അവസാനം വരെ കാണാനാണ് ഒരു വീട് തന്നെ സജ്ജീകരിച്ചിരിക്കുന്നതെന്ന് ആരാധകർ വ്യക്തമാക്കി.

വീടിനു മഞ്ഞ നിറം അടിച്ചതിനു പുറമേ ചുമരിൽ 'ബ്രസീൽ ഹൗസ്' എന്നും എഴുതിയിട്ടുണ്ട്. അകത്തേക്ക് കയറിയാൽ ചുമരിൽ ബ്രസീലിയൻ ഇതിഹാസതാരങ്ങളായ പെലെ, റൊണാൾഡീഞ്ഞോ, കക്ക റൊമേരിയോ, നെയ്മർ ഉൾപ്പെടെയുള്ള താരങ്ങളെയും കാണാം. ഇക്കുറി ബ്രസീൽ കപ്പടിക്കുമെന്നാണ് ഇവിടുത്തെ ബ്രസീൽ ആരാധകരുടെ പ്രതീക്ഷ.

ഫൈനലിൽ അർജന്റീനയെ പരാജയപ്പെടുത്തിയാൽ ഇരട്ടി മധുരമാകുമെന്ന് ആരാധകർ പറഞ്ഞു. ഈ വർഷത്തെ ഫുട്ബോൾ ലോകകപ്പിനെ വലിയ ആവേശത്തോടും ആരവത്തോടുമാണ് ബ്രസീൽ ആരാധകർ വരവേൽക്കാൻ ഒരുങ്ങുന്നത്. അർജന്റീന, പോർച്ചുഗൽ, ജർമ്മനി, സ്പെയിൻ തുടങ്ങിയ ടീമുകളുടെ ആരാധകരും ഒരുക്കങ്ങൾ നടത്തുന്നുണ്ട്.