ദോഹ: ലോകകപ്പ് ഫുട്‌ബോളിലെ ഏഷ്യൻ പ്രതീക്ഷകളായ ജപ്പാനും ദക്ഷിണ കൊറിയയും പ്രീക്വാർട്ടർ ഫൈനൽ മത്സരങ്ങളിൽ ഇന്നിറങ്ങും. രാത്രി 8.30-ന് ജപ്പാൻ ക്രൊയേഷ്യയെയും രാത്രി 12.30-ന് ബ്രസീൽ ദക്ഷിണ കൊറിയയെയും നേരിടും.

കാമറൂണിനോടേറ്റ മുറിവുണക്കണം. കൊറിയയെ കീറി മുറിക്കണം. ഗോളടിച്ചുകൂട്ടി അവസാന എട്ടിലെത്തണം. പ്രീ ക്വാർട്ടർ പോരിനിറങ്ങുന്പോൾ ബ്രസീൽ നിരയിൽ പരീക്ഷണം ഒന്നുമുണ്ടാവില്ല. നെയ്മർ ജൂനിയറും ഡാനിലോയും പരിക്കുമാറിയെത്തുന്നത് കരുത്തുകൂട്ടും.

അവസാന മത്സരത്തിൽ വിശ്രമം കിട്ടിയവരെല്ലാം തിരിച്ചെത്തും. ഗോൾപോസ്റ്റിന് മുന്നിൽ അലിസൺ ബെക്കർ. പ്രതിരോധത്തിൽ എഡർ മിലിറ്റാവോ അല്ലെങ്കിൽ ഡാനി ആൽവസ്, തിയാഗോ സിൽവ, മാർക്വീഞ്ഞോസ്, ഡാനിലോ. മധ്യനിരയിൽ കാസിമിറോയും ലൂക്കാസ് പക്വേറ്റയും. ഗോളടിക്കാൻ നെയ്മറിനൊപ്പം റഫിഞ്ഞ, റിച്ചാർലിസൺ, വിനിഷ്യസ് ജൂനിയർ എന്നിവരെയാവും കോച്ച് ടിറ്റെ നിയോഗിക്കുക. പോർച്ചുഗലിനെ അട്ടിമറിച്ചെത്തുന്ന കൊറിയ ഉറുഗ്വേയുടെയും വഴിമുടക്കി.

എന്നാൽ ലോകകപ്പിൽ ഏഷ്യൻ ടീമുകളോട് തോറ്റിട്ടില്ലെന്നതാണ് ബ്രസീലിയൻ ചരിത്രം.1990ന് ശേഷം ക്വാർട്ടർ കാണാതെ പുറത്തായിട്ടില്ലെന്ന ചരിത്രവും ബ്രസീലിന് ആത്മവിശ്വാസം നൽകും. നെയ്മർ കഴിഞ്ഞ ദിവസം പരിശീലനം നടത്തിയിരുന്നു. കോച്ച് ടിറ്റെയും ഇക്കാര്യം സ്ഥിരീകരിച്ചിരുന്നു. അദ്ദേഹം പറഞ്ഞതിങ്ങനെ..

''സത്യസന്ധമല്ലാത്ത ഒരു വിവരവും ഞാൻ പങ്കുവെക്കില്ല. ഇന്ന് ഉച്ചതിരിഞ്ഞ് നെയ്മർ പ്രാക്ടീസിന് ഇറങ്ങുന്നുണ്ട്. പരിശീലനം നന്നായി പൂർത്തിയാക്കിയാൽ നെയ്മർ ദക്ഷിണ കൊറിയക്കെതിരെ കളിക്കും.'' മത്സരത്തിന് മുന്നോടിയായി മാധ്യമപ്രവർത്തകരോട് ടിറ്റെ പറഞ്ഞു.

ഇതിനിടെ കഴിഞ്ഞ ദിവസം നടന്ന അവസാന ഗ്രൂപ്പ് മത്സരത്തിൽ കാമറൂണിനെതിരെ പരിക്കേറ്റ ഗബ്രിയേൽ ജിസ്യൂസിനും അലക്സ് ടെല്ലസിനും ഇനി ലോകകപ്പിൽ കളിക്കാനാവില്ല എന്ന് ടിറ്റെ സ്ഥിരീകരിച്ചു. 'ആഴ്‌സണലിനും ഞങ്ങൾക്കും മികച്ച മെഡിക്കൽ സംഘമുണ്ട്. ജിസ്യൂസും ടെല്ലസുമായി നെയ്മറും തിയാഗോ സിൽവയും സംസാരിച്ചു.

ഇരുവർക്കും കരുത്തുപകരുന്നു' എന്നുമാണ് ടിറ്റെയുടെ പ്രതികരണം. മറ്റ് രണ്ട് താരങ്ങളുടെ പരിക്കും ബ്രസീലിയൻ സ്‌ക്വാഡിനെ അലട്ടുന്നുണ്ടായിരുന്നു. ലെഫ്റ്റ് ബാക്ക് അലക്‌സ് സാന്ദ്രോയും റൈറ്റ് ബാക്ക് ഡാനിലോയ്ക്കുമായിരുന്നു പരിക്ക്. ഇവരിൽ ഡാനിലോ ദക്ഷിണ കൊറിയക്കെതിരെ കളിക്കും എന്ന സൂചനയും ടിറ്റെ നൽകി.ബ്രസീൽ ശൈലി- 4-1-4-1. ദക്ഷിണകൊറിയ- 4-2-3-1.

മുമ്പ് മൂന്നുതവണ ഏറ്റുമുട്ടിയപ്പോൾ രണ്ടുടീമും ഓരോ വിജയം നേടി. ഒരു മത്സരം സമനിലയിലായി. ജർമനി, സ്പെയിൻ ടീമുകളെ 2-1 ന് അട്ടിമറിച്ച ജപ്പാൻ ഗ്രൂപ്പ് ഇ ചാമ്പ്യന്മാരായാണ് പ്രീക്വാർട്ടറിലെത്തിയത്. ഇതിനുമുമ്പ് മൂന്നുതവണ പ്രീക്വാർട്ടറിലെത്തിയ ജപ്പാൻ മൂന്നുതവണയും തോറ്റുമടങ്ങുകയാണുണ്ടായത്. ജപ്പാൻ 3-4-3 ശൈലിയിൽ ഇറങ്ങാനാണ് സാധ്യത. ടീമിനെ പരിക്ക് അലട്ടുന്നില്ല.

തുടർച്ചയായ മത്സരങ്ങളിൽ മഞ്ഞക്കാർഡ് കണ്ടതിനാൽ കൊ ഇടാക്കുരയ്ക്ക് പ്രീക്വാർട്ടറിൽ ഇറങ്ങാനാവില്ല. തോൽവിയറിയാതെ ഗ്രൂപ്പ് എഫ് രണ്ടാംസ്ഥാനക്കാരായാണ് ക്രൊയേഷ്യ എത്തിയത്. ഇറങ്ങാൻ സാധ്യതയുള്ള ശൈലി- 4-3-3. പരിക്ക് അലട്ടുന്നില്ല. കഴിഞ്ഞ 10 മത്സരങ്ങളിൽ ക്രൊയേഷ്യ ഒമ്പതും തോറ്റിട്ടില്ല. മുമ്പ് രണ്ടുതവണ നോക്കൗട്ട് ഘട്ടത്തിൽ കടന്നപ്പോഴും ക്രൊയേഷ്യ തോറ്റിട്ടില്ല.